കോഴിക്കോട്: ചാരായവുമായി യുവാവിനെ താമരശേരി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പനങ്ങാട് തിരുവോത്ത്കുന്നുമ്മല്‍ വീട്ടില്‍ സരിത്ത് ചന്ദ്രനെ(37)യാണ് താമരശേരി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 4 ലിറ്റര്‍ ചാരായം ഇയാളിൽ നിന്നും എക്സൈസ് പിടിച്ചെടുത്തു.

ഞായറാഴ്ച പകല്‍ മൂന്നു മണിയോടെ പനങ്ങാട് രാരോത്ത്മുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. സ്വന്തം ഉപയോഗത്തിനും സമീപ പ്രദേശങ്ങളില്‍ വില്‍പ്പനക്കുമായാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നത്.

പ്രിവന്റീവ് ഓഫീസറായ എന്‍. രാജു സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി. നൗഷീര്‍, സുരേന്ദ്രന്‍, പി.ജെ. മനോജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.