കഞ്ചാവ്, എംഡിഎംഎ തുടങ്ങിയുള്ള ലഹരി വസ്തുക്കള്‍ എത്ര കുറഞ്ഞ അളവില്‍ കൈവശം വെച്ച് പിടിക്കപ്പെട്ടാലും നിയമനടപടി നേരിടേണ്ടി വരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സുല്‍ത്താന്‍ബത്തേരി: കേരള-കര്‍ണാടക അതിര്‍ത്തി ചെക്‌പോസ്റ്റ് വഴിയുള്ള ലഹരിക്കടത്ത് തുടരുന്നു. ശനിയാഴ്ച 25 ഗ്രാമിലധികം മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായതാണ് അവസാനത്തെ സംഭവം. എക്‌സൈസ് ചെക്‌പോസ്റ്റില്‍ എത്തിയ കര്‍ണാടക ആര്‍.ടി.സിയുടെ ബസ് പരിശോധിക്കുന്നതിനിടെയാണ് യുവാവിനെ പിടികൂടിയത്. കോഴിക്കോട് തിരുവണ്ണൂര്‍ ചാച്ചൂസ് വീട്ടില്‍ മുഹമ്മദ് സുഹാസ് (32 ) ആണ് പിടിയിലായത്. 25.75 ഗ്രാം എം.ഡി.എം.എയാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. 

ശരീരത്തിലും ബാഗിലും ഒളിപ്പിച്ചായിരുന്നു ഇയാള്‍ മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ചത്. യുവാവിനെ അറസ്റ്റു ചെയ്തിട്ടുണ്ട്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്‍, ഇന്‍സ്പെക്ടര്‍ ടി.എച്ച് ഷഫീഖ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പി ലത്തീഫ്, ടി.ബി. അജീഷ്, എം. സോമന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ. അനൂപ്, ബി.ആര്‍. രമ്യ, കെ.കെ. ബിന്ദു എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധന നടത്തിയത്

ലഹരി ഉപയോഗത്തിനും വില്‍പ്പനക്കുമെതിരെ സംസ്ഥാനത്ത് കാമ്പയിന്‍ നടക്കുന്ന പശ്ചാത്തലത്തില്‍ മുഴുവന്‍ ചെക്‌പോസ്റ്റുകളിലും കര്‍ശന പരിശോധനയാണ് നടക്കുന്നത്. കഞ്ചാവ്, എംഡിഎംഎ തുടങ്ങിയുള്ള ലഹരി വസ്തുക്കള്‍ എത്ര കുറഞ്ഞ അളവില്‍ കൈവശം വെച്ച് പിടിക്കപ്പെട്ടാലും നിയമനടപടി നേരിടേണ്ടി വരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം മിക്ക ദിവസവും മയക്കുമരുന്നുമായി യുവാക്കള്‍ പിടിലാകുന്നുണ്ടെങ്കിലും അതിര്‍ത്തി വഴിയുള്ള മയക്കുമരുന്ന് കടത്തിന് കുറവില്ലെന്നാണ് എക്സൈസും പൊലീസും പറയുന്നത്. ഇതുവരെ പിടിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും യുവാക്കളാണെന്നും സംസ്ഥാനത്തേക്ക് മയക്കുമരുന്നിന്റെ വരവ് കൂടുകയാണെന്നും അധികൃതര്‍ പറയുന്നു.

Read More : 'വീണ്ടും തല്ലുമാല'; തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലി