മാരക മയക്കുമരുന്നായ എം ഡി എം എ കൈമാറ്റം ചെയ്യുന്നതിനിടെ വടക്കീല്‍മാട് പാലത്തിന് സമീപത്ത് നിന്നും രണ്ട് യുവാക്കളെ പൊലീസ് പിടികൂടി.

മലപ്പുറം: മാരക മയക്കുമരുന്നായ എം ഡി എം എ കൈമാറ്റം ചെയ്യുന്നതിനിടെ വടക്കീല്‍മാട് പാലത്തിന് സമീപത്ത് നിന്നും രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കാടപ്പടി ഉങ്ങുങ്ങല്‍ സ്വദേശി നെയ്യന്‍ ഇബ്രാഹീം (34), കരുവാങ്കല്ല് സ്വദേശി കോട്ടേപാറ അബ്ദുല്‍ ലത്വീഫ് (36) എന്നിവരാണ് രണ്ട് ഗ്രാം എം ഡി എം എ സഹിതം പിടിയിലായത്.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. സ്വര്‍ണം തൂക്കുന്ന ത്രാസ്സില്‍ വെച്ചു തൂക്കി ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇവർ എംഡിഎംഎ വിൽപ്പന നടത്തുന്നത്. ഇത്തരത്തിൽ ലഹരി കൈമാറുന്നതിനിടെ ആയിരുന്നു പൊലീസ് എത്തിയത്. പൊലീസിനെ കണ്ട ഉടൻ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്തുടര്‍ന്ന് തടഞ്ഞാണ് പൊലീസ് പിടികൂടിയത്. കാറും ത്രാസും പൊലീസ് പിടിച്ചെടുത്തു.

Read more: വീട് പൂട്ടി താക്കോൽ ബക്കറ്റിൽ വച്ചു, മക്കളെത്തും മുന്നെ മോഷ്ടാക്കളെത്തി; മലപ്പുറത്ത് പണവും സ്വർണവും കവർന്നു

അതേസമയം, കോഴിക്കോട് മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം വില്പനക്കായി കൊണ്ടുവന്ന 84 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയും 18 ഗ്രാം ഹാഷിഷുമായി മൂന്നു പേർ പിടിയിലായി. പയ്യാനക്കൽ സ്വദേശികളായ തിരുത്തിവളപ്പ് അബ്ദുൽനാസർ (36),പണ്ടരത്ത് വളപ്പ് ഷറഫുദ്ധീൻ (37), തിരുത്തിവളപ്പ് ഷബീർ (36) എന്നിവരെ കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), സബ് ഇൻസ്‌പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് പിടികൂടിയത്. ട്രെയിനിൽ നിന്നിറങ്ങിയ പ്രതികളുടെ സോക്സിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. ഇവർ കുളു, മണാലി വിനോദ യാത്രകൾ സംഘടിപ്പിക്കുകയും അതിലൂടെ യുവതികൾ ഉൾപ്പടെയുള്ള അനുയോജ്യരായ യാത്രക്കാരെ കണ്ടെത്തി കാരിയർമാരായി ഉപയോഗിച്ച് ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തുകയായിരുന്നു പതിവ്.