ഇടുക്കി: ദേശീയപണിമുടക്കിനിടയില്‍ കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശത്തേപ്പറ്റി തര്‍ക്കിക്കുന്ന യുവാവിനെ ഒഴിപ്പിക്കാന്‍ പള്ളി വക ക്വട്ടേഷന്‍. അക്രമികളുടെ സംഘത്തില്‍ പള്ളി വികാരി അടക്കമുള്ളവരെന്ന് യുവാവ്. പൊലീസ് അന്വേഷണം ഇടവക കമ്മിറ്റിയിലേക്കെന്ന് റിപ്പോര്‍ട്ട്. മൂന്നാര്‍ കാര്‍മ്മല്‍ ബില്‍ ബില്‍ഡിംങ്ങില്‍ ഫ്രന്‍സ് ഇലട്രോണിക്‌സ് എന്ന സ്ഥാപനത്തിലെ റോയി (45)യെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഒരുസംഘം ആളുകള്‍ ആയുധങ്ങളുമായിയെത്തി ആക്രമിച്ചത്. 

യുവാവിനെ വടിവാളുപയോഗിച്ച് വെട്ടുകയും കാല് തല്ലിയൊടിച്ചശേഷം ദേവാലയത്തിന്റെ കെട്ടിടത്തില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് എറണാകുളത്ത് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവുമായി ബന്ധപ്പെട്ട് യുവാവ് നല്‍കിയ മൊഴിയില്‍ പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും വികാരിയടക്കമുള്ളവര്‍ പങ്കെടുത്തിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്.  പള്ളിയുടെ കെട്ടിടത്തില്‍ നിന്നും യുവാവിനെ ഇറക്കിവിടാന്‍ കമ്മറ്റിയംഗംങ്ങള്‍ നാലംഗസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതായി പോലീസിന് സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ട്. 

മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തിന് സമീപത്തെ കാര്‍മ്മല്‍ ബില്‍ഡിംങ്ങിലെ കടയുടെ ഉടമസ്ഥതവകാശത്തെചൊല്ലി റോയിയും പള്ളിയുമായി വര്‍ഷങ്ങളായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. പള്ളി വികാരിയുടെ നേത്യത്വത്തില്‍ റോയിയെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. കടപിടിച്ചെടുക്കുന്നതിന് ഇടവയുടെ നേത്യത്വത്തില്‍ ശ്രമം ആരംഭിച്ചതോടെ കടയിലാണ് റോയി അന്തിയുറങ്ങിയിരുന്നത്. ആക്രമിച്ചവരില്‍ ഭൂരിഭാഗവും ഇടവകയുടെ അംഗങ്ങളാണെന്നാണ് സൂചന. ഇവരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, വീടുകയറി ആക്രമിക്കല്‍, കൊകപാതക ശ്രമം തുടങ്ങിയ ആറോളം വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.