ഇടുക്കി: പള്ളിവക കെട്ടിടത്തില്‍ അതിക്രമിച്ച് കയറി കച്ചവടം നടത്തിയെന്ന് ആരോപിച്ച് ഒരുസംഘം ആളുകള്‍ യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ചു. മൂന്നാര്‍ കാര്‍മ്മല്‍ ബില്‍ ബില്‍ഡിംങ്ങില്‍ ഫ്രന്‍സ് ഇലട്രോണിക്‌സ് എന്ന സ്ഥാപനത്തിലെ റോയി (45)നെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഒരുസംഘം ആളുകള്‍ ആയുധങ്ങളുമായിയെത്തി ആക്രമിച്ചത്. 

മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തിന് സമീപത്തെ കാര്‍മ്മല്‍ ബില്‍ഡിംങ്ങിലെ കടയുടെ ഉടമസ്ഥതവകാശത്തെചൊല്ലി റോയിയും പള്ളിയുമായി വര്‍ഷങ്ങളായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. പള്ളി വികാരിയുടെ നേത്യത്വത്തില്‍ റോയിയെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. കടപിടിച്ചെടുക്കുന്നതിന് ഇടവയുടെ നേത്യത്വത്തില്‍ ശ്രമം ആരംഭിച്ചതോടെ കടയിലാണ് അന്തിയുറങ്ങിയിരുന്നത്. 

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് പന്ത്രണ്ടുപേരടങ്ങുന്ന സംഘം കടയുടെ ഷട്ടര്‍ തള്ളിതകര്‍ത്ത് കമ്പി, വടിവാള്‍ എന്നിവയുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് റോയി പറഞ്ഞു. തുടര്‍ന്ന് വാഹനത്തില്‍ കയറ്റി പെരിയവാര പാലത്തിന് സമീപത്തുകൊണ്ടുപോയി അവിടെവെച്ച് മര്‍ദ്ദിച്ചശേഷം ദേവാലത്തിന് സമീപത്തെ കെട്ടിടത്തിലെത്തിച്ച് പൂട്ടിയിട്ടു മാര്‍ദ്ദിച്ചു. കടയിലെ സാധനങ്ങള്‍ മറ്റൊരുവാഹനത്തില്‍ കയറ്റി കൊണ്ടുപോയി. 

അക്രമികള്‍ തന്നെയാണ് തലയ്ക്കും കാലിനും പരിക്കേറ്റ തന്നെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചതെന്ന് റോയി മൊഴി നല്‍കി. സംഭവത്തില്‍ അടിമാലി സിഐ അനില്‍ ജോര്‍ജ്ജിന്റെ നേത്യത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ആക്രമിച്ചവരില്‍ ഭൂരിഭാഗവും ഇടവകയുടെ അംഗങ്ങളാണെന്നാണ് സൂചന. ഇവരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 

കടയിലെ സാധനങ്ങള്‍ കൊണ്ടുപോയ വാഹനം പൊലീസ് കണ്ടെടുത്തു. റോയിയെ കൊണ്ടുപോയ വാഹനവും പ്രതികളെയും കണ്ടെത്താന്‍ അടിമാലി സി ഐയുടെ നേത്യത്വത്തില്‍ ഏഴുപേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. ഫോറന്‍സിക്ക് അധിക്യതര്‍ സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, വീടുകയറി ആക്രമിക്കല്‍, കൊകപാതക ശ്രമം തുടങ്ങിയ ആറോളം വകുപ്പുകള്‍ പ്രകാരമാണ് കേസ്.