വിൽപനയ്ക്കായി കാറിൽ കടത്തുകയായിരുന്ന 16 കിലോ തൂക്കമുള്ള ഈനാംപേച്ചിയുമായി യുവാവിനെ പാലക്കാട് വനംവകുപ്പ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് വാളയാർ അതിർത്തിയിൽ നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
പാലക്കാട്: വിൽപനയ്ക്കായി കൊണ്ടുവന്ന ഈനാംപേച്ചിയുമായി യുവാവ് പിടിയിൽ. കോയമ്പത്തൂർ സ്വദേശി ആനന്ദകുമാറിനെയാണ് വനംവകുപ്പ് പിടികൂടിയത്. ഈനാംപേച്ചിയെ കൊന്ന് മരുന്ന് ഉണ്ടാക്കുന്ന സംഘത്തിന് കൈമാറുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് വനംവകുപ്പ് പറയുന്നു. വ്യാഴാഴ്ച പുലർച്ചെ വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അന്വേണം നടത്തിയത്. ആനന്ദകുമാറിൻറെ വാഹനം വാളയാർ അതിർത്തി കടന്നതോടെ പ്രത്യേക അന്വേഷണ സംഘവും നെല്ലിയാമ്പതി ഫ്ലയിങ് സ്ക്വാഡും വാളയാർ റെയ്‌ഞ്ച് ഉദ്യോഗസ്ഥരും പിന്തുടർന്നു. അതിർത്തിക്കിപ്പുറം സ്വകാര്യ ആശുപത്രിക്കു സമീപം അന്വേഷണ സംഘം വാഹനം തടഞ്ഞു.
പിന്നാലെ പരിശോധന നടത്തി. കാറിൻറെ ഡിക്കിയിൽ ചാക്കിൽ കെട്ടിയ നിലയിൽ ജീവനുള്ള 16 കിലോ തൂക്കം വരുന്ന ഈനാംപേച്ചി. പ്രതിയും കാറും ഈനാംപേച്ചിയും വനം വകുപ്പിൻറെ കസ്റ്റഡിയിലായി. തദ്ദേശീയ മരുന്ന് നിർമാണ സംഘത്തിന് കൈമാറാനായിരിക്കാം ഈനാംപേച്ചിയെ കടത്തിക്കൊണ്ടുവന്നതെന്നാണ് വനംവകുപ്പിൻറെ വിലയിരുത്തൽ. രാജ്യാന്തരതലത്തിൽ വിപണനം നിരോധിച്ചിട്ടുള്ള ഈനാംപേച്ചിയെ തദ്ദേശീയ മരുന്നുകൾക്കും മറ്റുമായാണ് രഹസ്യമായി കൈമാറ്റംചെയ്യപ്പെടുന്നത്. ഈനാംപേച്ചിയുടെ ശൽക്കങ്ങളും ഇറച്ചിയും മരുന്നിനായി ഉപയോഗിക്കപ്പെടുന്നതായാണ് സൂചന.
വിപണിയിൽ ഉയർന്ന വില ലഭിക്കുമെന്നതാണ് അനധികൃതവേട്ടയ്ക്കും വില്പനയ്ക്കും കാരണമാകുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ആർക്ക് എന്തിന് ഈനാംപേച്ചിയെ കൊണ്ടുവന്നു, കടത്തിക്കൊണ്ടുവന്ന സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങി കാര്യങ്ങളിൽ വ്യക്തത വേണം. ഇതിനായി റിമാൻഡിലായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് വനംവകുപ്പിൻറെ തീരുമാനം. അതേസമയം വനംവകുപ്പിൻറെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ഈനാംപേച്ചിയെ കാട്ടിലേക്ക് തുറന്നുവിട്ടു.


