സിപിഎം മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നിലാണ് ബുധനാഴ്ച വൈകുന്നേരത്തോടെ സംഘര്‍ഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ കുപ്പിയും കല്ലും പരസ്പരം എറിഞ്ഞു.
കണ്ണൂര്‍: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ നയിച്ച യൂത്ത് കോൺഗ്രസ് പദയാത്രക്ക് പിന്നാലെ കണ്ണൂർ മലപ്പട്ടത്ത് കോൺഗ്രസ് സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. പിഎം മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നിലാണ് ബുധനാഴ്ച വൈകുന്നേരത്തോടെ സംഘര്‍ഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ കല്ലും കുപ്പിയും വടിയുമെറിഞ്ഞു. പൊലീസ് ലാത്തിവീശി. പ്രവർത്തകരെ മർദിച്ചെന്ന് കോൺഗ്രസും ലോക്കൽ കമ്മിറ്റി ഓഫീസ് കല്ലെറിഞ്ഞ് തകർത്തെന്ന് സിപിഎമ്മും ആരോപിച്ചു. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു.
അടുവാപ്പുറത്തെ ഗാന്ധി സ്തൂപം തകർത്തതിലും കോൺഗ്രസ് നേതാവിന്‍റെ വീട് ആക്രമിച്ചതിലും പ്രതിഷേധിച്ചുള്ള പദയാത്രയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നയിച്ച ജാഥ സിപിഎം ശക്തികേന്ദ്രമായ മലപ്പട്ടത്തേക്ക് നീങ്ങുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. സിപിഎം ഓഫീസിൽ നിന്ന് കല്ലേറുണ്ടായെന്ന് കോൺഗ്രസ് ആരോപിക്കുന്നു. തിരിച്ച് കുപ്പിയേറും ഉണ്ടായി. പിന്നാലെ ഇരുകൂട്ടരും നേർക്കുനേർ വന്നതോടെ പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ കെ സുധാകരൻ സമാപനയോഗം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വീണ്ടും സംഘർഷമുണ്ടായി. പ്രവര്‍ത്തകര്‍ ഉന്തും തള്ളും പോർവിളിയും തുടങ്ങിയതോടെ പൊലീസ് ലാത്തിവീശി. ഇതിനിടെ പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നെന്നാരോപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ റോഡിൽ കുത്തിയിരുന്നു. കരുതിക്കൂട്ടിയാണ് കോൺഗ്രസുകാർ വന്നതെന്നും ലോക്കൽ കമ്മിറ്റി ഓഫീസ് ആക്രമിച്ചെന്നും സിപിഎം ആരോപിക്കുന്നു. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പറഞ്ഞയച്ചതോടെയാണ് ഒരു മണിക്കൂറോളം നീണ്ട സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്.


