അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് നിന്നത്.
കൊച്ചി: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഇടുക്കി സ്വദേശി സൽമാൻ അസീസ് ആണ് മരിച്ചത്. അമിതവേഗത്തിൽ വന്ന കാർ സൽമാൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് നിന്നത്.
മലപ്പുറം നിലമ്പൂരിൽ നിന്നും മറ്റൊരു ദുരന്ത വാർത്ത കൂടി ഇന്ന് പുറത്ത് വന്നിട്ടുണ്ട്. കൂട്ടുകാർക്കൊപ്പം പുഴയിൽ മീൻ പിടിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. അകമ്പാടം സ്വദേശികളായ ബാബു-നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ് (14) റാഷിദ് (12) എന്നിവരാണ് മരിച്ചത്. ചാലിയാർ പഞ്ചായത്തിലെ പെരുവംപാടം കുറുവൻ പുഴയുടെ കടവിലാണ് അപകടം ഉണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് റാഷിദും റിൻഷാദും പുഴയ്ക്ക് സമീപം എത്തിയത്. മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. കൂടെയുള്ള മറ്റു കുട്ടികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴമുള്ള സ്ഥലമായതിനാൽ രക്ഷിക്കാനായില്ല. ഉടൻ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നിലമ്പൂരിൽ നിന്നും അഗ്നി രക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തി. തിരച്ചിലിൽ സമീപത്ത് നിന്ന് തന്നെ ഇരുവരെയും കണ്ടെത്തി. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
