കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ ബാലുശ്ശേരിക്കും താമരശ്ശേരിക്കുമിടയില്‍ നിരവധിയിടങ്ങളില്‍ ഇത്തരത്തില്‍ ചതിക്കുഴികളുണ്ട്. ഇതിന് പുറമെ റോഡ് പണി നടക്കുന്ന പല ഭാഗങ്ങളിലും അലക്ഷ്യമായി റോഡിലിട്ടിരിക്കുന്ന നിര്‍മ്മാണ അവശിഷ്ടങ്ങളും ഇരുചക്രവാഹന യാത്രികര്‍ക്ക് ഭീഷണിയാണ്. 

കോഴിക്കോട്: റോഡിലെ ചതിക്കുഴി (Pothole) ഒരാളുടെ ജീവന്‍ കൂടി കവര്‍ന്നു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ താമരശ്ശേരിക്കടുത്ത് അവേലത്ത് തിങ്കളാഴ്ച പുലര്‍ച്ചെ റോഡിലെ ഗട്ടറില്‍ ചാടിയ സ്‌കൂട്ടറില്‍ നിന്നും തെറിച്ച് വീണ് പരിക്കേറ്റ യുവാവാണ് മരിച്ചത്(Bike accident). വടകര ചെങ്ങോത്ത് ഹംസയുടെ മകന്‍ അനീഷ് (24) ആണ് മരിച്ചത്. മാതാവ്: ഹൈറു. സഹോദരി: അഫ്‌സാന. സ്‌കൂട്ടറില്‍ കൂടയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിരുന്നു. സംസ്ഥാന പാതയിലെ കുഴിയില്‍ ചാടി കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. 

കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ ബാലുശ്ശേരിക്കും താമരശ്ശേരിക്കുമിടയില്‍ നിരവധിയിടങ്ങളില്‍ ഇത്തരത്തില്‍ ചതിക്കുഴികളുണ്ട്. ഇതിന് പുറമെ റോഡ് പണി നടക്കുന്ന പല ഭാഗങ്ങളിലും അലക്ഷ്യമായി റോഡിലിട്ടിരിക്കുന്ന നിര്‍മ്മാണ അവശിഷ്ടങ്ങളും ഇരുചക്രവാഹന യാത്രികര്‍ക്ക് ഭീഷണിയാണ്. റോഡിലെ ഗട്ടറില്‍ മഴ പെയ്യുന്നതോടെ വെള്ളം കെട്ടി നില്‍ക്കുന്നതോടെയാണ് നിരന്ന റോഡാണെന്ന് കരുതി ഇരുചക്രവാഹനങ്ങള്‍ ചതിക്കുഴികളില്‍ പതിക്കുന്നത്. രാത്രിയിലാണ് കൂടുതലായും അപകടങ്ങളുണ്ടാകുന്നത്. റോഡിലെ ചതിക്കുഴികള്‍ തിരിച്ചറിയാല്‍ എന്തെങ്കിലും സംവിധാനമുണ്ടാക്കിയാല്‍ മാത്രമെ അപകടം ഇല്ലാതാക്കാനാകൂ. റോഡിലെ കുഴികളില്‍ കല്ലും മണ്ണും നിറച്ചതും ദുരിതമാകുന്നുണ്ട്.