തിരുവനന്തപുരം: വീട്ടുകാരുടെയും നാട്ടുകാരുടെയും സുരക്ഷയ്ക്കായി പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിൽ കഴിയുന്ന യുവാവിന് കൊറോണ സ്ഥിരീകരിച്ചതായി പ്രചാരണം. ആറ്റിങ്ങല്‍ സ്വദേശിയായ യുവാവാണ് പരാതിയുമായി സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ 18ന് രാവിലെ 4മണിക്കാണ് ആറ്റിങ്ങൽ സ്വദേശിയായ വൈശാഖ് സി വി എന്ന യുവാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നത്. 

വിമാനത്താവളത്തിലെ മെഡിക്കൽ ടീമിനെ കണ്ട് പരിശോധനകൾ നടത്തി രോഗലക്ഷണകൾ ഇല്ലായെന്ന് വൈശാഖ് സ്ഥിരീകരിച്ചിരുന്നു. 14ദിവസം വീട്ടിൽ തന്നെ ഒരു റൂമിൽ മറ്റുള്ളവരിൽ നിന്ന് വിട്ട് സുരക്ഷിതമായി നിൽക്കാനാണ് മെഡിക്കൽ ടീം വൈശാഖിന് നിർദേശം നൽകിയത്. യൂറോപ്പിൽ നിന്ന് മൂന്ന് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ വഴി ഒരുപാട് നേരം യാത്രചെയ്ത് ആണ് താൻ എത്തിയതെന്നും മാനസികമായി വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നും വൈശാഖ് അറിയിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് യുവാവിനെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക്  പ്രവേശിപ്പിച്ചത്.

വീട്ടില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ എത്തി ആംബുലന്‍സിലായിരുന്നു വൈശാഖിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഇതോടെ യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന രീതിയിലായി പ്രചാരണം. പല വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും തന്‍റെ ഫേസ്ബുക്ക് ചിത്രമുപയോഗിച്ച് വ്യാജപ്രചാരണം നടത്തുന്നുവെന്നാണ് യുവാവിന്‍റെ പരാതി. വീട്ടിൽ നാലു മാസം പ്രായമുള്ള മോളുള്ള തനിക്ക്  ചിലപ്പോ എപ്പോഴെങ്കിലും കുഞ്ഞിനെ കൊഞ്ചിക്കാനോ എടുക്കാനോ തോനുമെന്ന ഭയവും നിർദേശങ്ങൾ കൃത്യമായി പിന്തുടരാൻ  സാധിക്കുമോയെന്ന ആശങ്കയുമാണ് ഐസലോഷന്‍ വാര്‍ഡ് എന്ന ചിന്തയിലേക്ക് തന്നെ എത്തിച്ചതെന്ന് വൈശാഖ് പറയുന്നു. മൂന്ന് ദിവസം കഴിയുമ്പോൾ ഇതിന്റെ ഫലം ലഭിക്കും. പരിശോധനകള്‍ക്കായി തൊണ്ടയില്‍ നിന്നുള്ള സ്രവവും രക്തവും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. എന്തായാലും ഇത്രയും നാളും ക്ഷമിച്ചു ഇനി 14ദിവസം കഴിഞ്ഞു മോളെ കാണാമെന്നും. നമ്മളുടെ അശ്രദ്ധ കാരണം ആർക്കും ഒന്നും വരരുത് എന്നതിനാലാണ് സ്വയം മുൻകരുതൽ എടുത്തതെന്നും വൈശാഖ് പറയുന്നു.

ആറ്റിങ്ങൽ, ചിറയിൻകീഴ്  ഭാഗത്തുള്ള ചില വാട്സ്ആപ്പ് ഗ്രുപ്പിൽ ആണ് തന്റെ ഫോട്ടോയും വിവരങ്ങളും വച്ചു ഉള്ള ഫേക്ക് മെസ്സേജ് കൂടുതലായി പ്രചരിക്കുന്നതെന്ന് വൈശാഖ് പറയുന്നു. സംഭവത്തിൽ വീട്ടുകാർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്നും വൈശാഖ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.