പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ അപകടം; ബോര്‍ഡ് വൈദ്യുതി ലൈനിലേക്ക് വീണു, ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
ഉടൻ പേരാമ്പ്രയിൽ നിന്ന് കെഎസ്ഇബി അധികൃതർ എത്തി ലൈൻ ഓഫ് ചെയ്ത ശേഷമാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കോഴിക്കോട് : പേരാമ്പ്ര ചാലിക്കരയിൽ പരസ്യ ബോർഡ് സ്ഥാപിക്കുകയായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്. ചാലിക്കര മായഞ്ചേരി പൊയിൽ റോഡ് ജംഗ്ഷന് സമീപം സംസ്ഥാന പാതയ്ക്കരികിലെ പറമ്പിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം. ബോർഡ് സ്ഥാപിക്കുന്നതിനിടയിൽ സമീപത്തെ വൈദ്യുതി ലൈനിലേക്ക് മറിയുകയായിരുന്നു.
ഉടൻ പേരാമ്പ്രയിൽ നിന്ന് കെഎസ്ഇബി അധികൃതർ എത്തി ലൈൻ ഓഫ് ചെയ്ത ശേഷമാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. കൂടെ സഹായിയായി മറ്റൊരു യുവാവ് ഉണ്ടായിരുന്നു. ഇയാൾക്ക് ഷോക്കേറ്റില്ല. അജ്വ എന്ന പരസ്യ സ്ഥാപനം നടത്തി വരുകയാണ് മുനീബ്. യൂത്ത് ലീഗ് കക്കാട് ശാഖ പ്രസിഡന്‍റ്, മണ്ഡലം കൗൺസിലർ, എസ്കെഎസ്എസ്എഫ് പേരാമ്പ്ര മേഖല ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ചെറുകുന്നത്ത് മൂസ - സറീന ദമ്പതികളുടെ മകനാണ്. സഹോദരി മുഹസിന.
അതേസമയം, എംസി റോഡിൽ പന്തളത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്കാണ് ജീവൻ നഷ്ടമായത്. . എം സി റോഡിൽ പന്തളം കുരമ്പാലയിലാണ് അപകടം നടന്നത്. കെ എസ് ആർ ടി സി ബസും ഡെലിവറി വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു (48) ആലുവ എടത്തല സ്വദേശി ശ്യാം വി എസ് (30) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ട് പേരും വാനിൽ യാത്ര ചെയ്തവരാണ്. ബസ് യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റു. മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം