ആലപ്പുഴ: പണം കടം നൽകിയത് തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. സംഭവത്തിൽ രണ്ട് പേർക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസ് എടുത്തു. മണ്ണഞ്ചരി 22-ാം വാർഡ് തകിടിവെളിപ്പറമ്പ് വീട്ടിൽ അനിൽ കുമാർ (42), കൊറ്റംകുളങ്ങര വാഴയിൽ കിഴക്കതിൽ വീട്ടിൽ ശരത് (30) എന്നിവരാണ് പിടിയിലായത്.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് വിലയവേലിക്കകം വീട്ടിൽ ചെല്ലപ്പന്റെ മകൻ മനാജ് (49)ന് ആണ് വെട്ടേറ്റത്. കഴിഞ്ഞ 29ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിലെ രണ്ടാം പ്രതിയായ ശരത്തിന് മനോജ് 6000 രൂപ കടം നൽകിയിരുന്നു. ഇത് തിരിച്ച് ചോദിച്ചതിന് മനാജിനെ പ്രതികൾ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കണം എന്ന് ലക്ഷ്യത്തോടെ മനോജിന്റെ വീടിന് അടുത്തുള്ള ചായക്കടയിൽ എത്തുകയും ചെയ്തു. 

ഈ സമയം ചായക്കടയിൽ ഉണ്ടായിരുന്ന മനോജ് കടയിൽ നിന്നും ഇറങ്ങിയതും കടയിൽ കരിക്ക് വെട്ടുന്ന അരിവാൾ ഉപയോഗിച്ച് ഒന്നാം പ്രതി അനിൽ കുമാർ വെട്ടുകയായിരുന്നു. കഴുത്തിൽ വെട്ടണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ അരിവാൾ വീശിയതെന്നും എന്നാൽ മനോജ് ഒഴിഞ്ഞു മാറിയതിനാൽ മുഖത്ത് വെട്ട് കൊള്ളുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മനോജ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ റിമാന്റ് ചെയ്തു.