പത്രവിതരണത്തിനിടെ പന്നി ബൈക്കിന് കുറുകെ ചാടി; തെറിച്ച് വീണ് യുവാവിന് പരിക്ക്, രക്ഷിച്ചത് സമീപവാസികള്‍
ഇരുചക്ര വാഹനത്തില്‍ നിന്ന് തെറിച്ചുവീണ ജോജിയുടെ അലര്‍ച്ചകേട്ട് എത്തിയ സമീപവാസികളാണ് ഇയാളെ രക്ഷിച്ച് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

മാനന്തവാടി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ പത്രം വിതരണം ചെയ്യാന്‍ പോയ യുവാവിന് പരിക്കേറ്റു. തൃശ്ശിലേരി കുളിരാനിയില്‍ ജോജി (23) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. പത്രം വിതരണം ചെയ്യാന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തൃശ്ശിലേരി കാറ്റാടി കവലക്ക് സമീപം വെച്ച് കാട്ടുപന്നി വാഹനത്തിന് കുറുകെ ചാടിയത്. ഇരുചക്ര വാഹനത്തില്‍ നിന്ന് തെറിച്ചുവീണ ജോജിയുടെ അലര്‍ച്ചകേട്ട് എത്തിയ സമീപവാസികളാണ് ഇയാളെ രക്ഷിച്ച് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
ജോജിയുടെ ഇരുകൈകള്‍ക്കും കാലിന്റെ മുട്ടിനും പരിക്കേറ്റിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുമ്പും കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. വയനാട്ടിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ജോജിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച കിസാന്‍ കോണ്‍ഗ്രസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മറ്റൊരു സംഭവത്തില്‍ നെന്മേനി പഞ്ചായത്തില്‍ കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ വന്യമൃഗം ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. അമ്പുകുത്തി സ്‌കൂളിന് സമീപം താമസിക്കുന്ന അരിപ്പറ്റകുന്ന് ഷാജിയുടെ ആടിനെയാണ് ഇന്നലെ രാത്രി അജ്ഞാത ജീവി ആക്രമിച്ചത്.
കൂട് പൊളിച്ചതിനു ശേഷം ആടിനെ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആടിന്റെ കരച്ചില്‍ വീട്ടുകാര്‍ ജനലിലൂടെ നോക്കി ഒച്ചവെച്ചതോടെ വന്യമൃഗം ആടിനെ ഉപേക്ഷിച്ച് ഓടിപോകുകയായിരുന്നു. ആക്രമണം നടത്തിയത് കടുവയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിത്തില്‍ പരിക്കേറ്റ ആടിനെ സുല്‍ത്താന്‍ബത്തേരിയിലെ വെറ്റിനറി ആശുപത്രിയില്‍ ചികിത്സ നല്‍കി. സമീപപ്രദേശമായ ഗോവിന്ദ മൂല അമ്പുകുത്തിമല, പൊന്മുടികോട്ട എന്നീ പ്രദേശങ്ങള്‍ മാസങ്ങളോളമായി കടുവാ ഭീതിയിലാണ്. ഇതിനിടെയാണ് തൊട്ടടുത്ത പ്രദേശത്തും വന്യജീവി ആക്രമണം ഉണ്ടായിരിക്കുന്നത്.
അതിനിടെ പാലക്കാട് ധോണിയിൽ പതിവായി ഇറങ്ങുന്ന കാട്ടുകൊമ്പന്‍ പാലക്കാട് ടസ്കർ സെവനെ (പിടി 7) പിടിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങിയത് വെല്ലുവിളിയായതോടെയാണ് മയക്കുവെടി വെക്കാനുള്ള ഇന്നത്തെ ശ്രമം അവസാനിപ്പിച്ചത്. മയക്കുവെടി വെക്കാനുള്ള ദൗത്യം നാളെയും തുടരുമെന്ന് ഏകോപന ചുമതലയുള്ള എസിഎഫ് ബി രഞ്ജിത്ത് പറഞ്ഞു. ദൗത്യം സങ്കീർണമാണ്. വെടിവെക്കാനുള്ള സാഹചര്യം തുടക്കത്തിൽ ഉണ്ടായി. കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങിയതാണ് തടസമയതെന്നും അദ്ദേഹം അറിയിച്ചു.
Read More : വൻ സന്നാഹങ്ങളൊരുക്കിയിട്ടും പിടികൊടുക്കാതെ പിടി സെവൻ; കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങുന്നത് വെല്ലുവിളി