സംശയാസ്പദ സാഹചര്യത്തിൽ കണ്ടതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതോളം കേസുകളില്‍ പ്രതിയാണ്.
കോഴിക്കോട്: കാര്‍ മോഷണ ശ്രമത്തിനിടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഇരൂള്‍ക്കുന്നുമ്മല്‍ യാസിറി (29) നെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പുതുപ്പാടി മലപ്പുറം ജുമാ മസ്ജിദിന്‍റെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പിടിയിലായത്.
പള്ളി പരിസരത്ത് ഒരാള്‍ സംശയാസ്പദമായി ചുറ്റിനടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപത്തെ ജിംനേഷ്യത്തിലെ യുവാക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ താമരശ്ശേരി പൊലീസ് യാസിറിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ കയ്യിൽ നിന്ന് ഒരു സ്‌ക്രൂ ഡ്രൈവര്‍, നാല് സിം കാര്‍ഡുകള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, ഒരു കാറിന്റെ താക്കോല്‍ എന്നിവ കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി ഇരുപതോളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. അങ്കമാലി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ചേവായൂര്‍, വടകര, തൊട്ടില്‍പ്പാലം, കൊയിലാണ്ടി, തിരൂര്‍, മാനന്തവാടി, പയ്യന്നൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകളുള്ളത്.
