ചേര്‍പ്പ് പോലീസും ഇരിങ്ങാലക്കുടയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും തൃശ്ശൂരിൽ നിന്നുള്ള സ്‌കൂബാ ടീമും തിരച്ചിലിനെത്തി
തൃശ്ശൂർ: കരുവന്നൂരിൽ യുവാവ് പുഴയിൽ ചാടി മരിച്ചു. കരുവന്നൂര്‍ മാടായികോണം സ്‌കൂളിന് സമീപം താമസിക്കുന്ന കൂടലി വീട്ടില്‍ ജോസിന്റെ മകന്‍ ഡിസോള(32)യാണ് പുഴയിലേക്ക് ചാടി മരിച്ചത്. കരുവന്നൂർ വലിയ പാലത്തിൽ നിന്നാണ് ഇദ്ദേഹം പുഴയിലേക്ക് ചാടിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. പാലത്തിന്റെ നടപ്പാതയില്‍ സൈക്കിൾ ചാരി വച്ച ശേഷം പുഴയിലേയ്ക്ക് ചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
വിവരമറിഞ്ഞ് ഇരിങ്ങാലക്കുട ചേര്‍പ്പ് പോലീസും ഇരിങ്ങാലക്കുടയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും തൃശ്ശൂരിൽ നിന്നുള്ള സ്‌കൂബാ ടീമും സ്ഥലത്തെത്തി. ഇവർ പുഴയിൽ നടത്തിയ തെരച്ചിലിനൊടുവിൽ ഉച്ചക്ക് ശേഷം രണ്ടരയോടെ ഡിസോളയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു മരിച്ച ഡിസോള. അമ്മ റീന. ഭാര്യ അനുമോള്‍. മകന്‍ ഡെല്‍റ്റോ. സഹോദരന്‍ സീക്കോ. ഡിസോള ജീവനൊടുക്കിയതാണെന്നാണ് നിഗമനം. എന്നാൽ എന്താണ് കാരണമെന്ന് വ്യക്തമായിട്ടില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
