ചെന്ത്രാപ്പിന്നി സർവ്വീസ് സഹകരണ ബാങ്കിന് സമീപം റോഡരികിൽ കച്ചവടം ചെയ്യുന്ന പഴനി സ്വദേശി ജ്യോതിമണിയെ കബളിപ്പിച്ചാണ് 5000 രൂപ തട്ടിയെടുത്തത്

ചെന്ത്രാപ്പിന്നി: തൃശ്ശൂർ ചെന്ത്രാപ്പിന്നിയിൽ വഴിയോരത്ത് പഴങ്ങൾ കച്ചവടം നടത്തുന്ന തമിഴ് സ്ത്രീയെ കബളിപ്പിച്ച് യുവാവ് പണം തട്ടിയെടുത്തു. ചെന്ത്രാപ്പിന്നി സർവ്വീസ് സഹകരണ ബാങ്കിന് സമീപം റോഡരികിൽ കച്ചവടം ചെയ്യുന്ന പഴനി സ്വദേശി ജ്യോതിമണിയെ കബളിപ്പിച്ചാണ് 5000 രൂപ തട്ടിയെടുത്തത്. ബൈക്കിലെത്തിയ യുവാവ് മാമ്പഴവും, സപ്പോട്ടയും എടുക്കാൻ ആവശ്യപ്പെടുകയും, 2000 രൂപക്ക് ചില്ലറ ചോദിക്കുകയും ചെയ്തു. ഈ സമയം ജ്യോതി മണി പേഴ്സെടുത്തു. അതിലുണ്ടായിരുന്ന അയ്യായിരം രൂപയും തട്ടിയെടുത്ത് യുവാവ് കടന്നു കളയുകയായിരുന്നു.

സമാനമായ മറ്റൊരു സംഭവത്തില്‍ കൊല്ലത്ത് ഒരേ സ്ഥലത്ത് ലോട്ടറി കച്ചവടം നടത്തുന്ന രണ്ട് സുഹൃത്തുക്കളുടെ ലോട്ടറിയും പണവും മൊബൈൽ ഫോണും ഒരു മാസത്തിനിടെ മോഷണം പോയിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം ഉൾപ്പെടെ കിട്ടിയിട്ടും പൊലീസിന് പ്രതിയെ പിടികൂടാനായിട്ടില്ല. ചാമക്കട ഫയര്‍ സ്റ്റേഷനു സമീപം താമസിക്കുന്ന നാരായണനും സുഹൃത്ത് എസക്കി പാണ്ഡ്യനുമാണ് മോഷണത്തിനിരയായത്.

കഴിഞ്ഞ വര്‍ഷം അടൂരിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. കോട്ടമുഗൾ സ്വദേശി റഹീമിന്റെ ഉന്തുവണ്ടിയിൽ നിന്ന് ഓറഞ്ച് മോഷണം പോവുന്നത് പതിവായിരുന്നു. നിർധനനായ റഹീമിന്റെ ഏക വരുമാനമാർഗമായ പഴകച്ചവടത്തിനാണ് മോഷണം വെല്ലുവിളിയായത്. കഴിഞ്ഞ ഏഴ് കൊല്ലമായി പഴക്കച്ചവടം നടത്തിയാണ് റഹിമും ഹൃദ്രോഗിയായ ഭാര്യയും കഴിയുന്നത്. മക്കളില്ലാത്ത ഇരുവരും വഴിയോരക്കടയില്‍ നിന്നുള്ള വരുമാനത്തിലാണ് ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത്. 

'ക്ഷാമകാലമാണ് നിത്യ ചെലവ് നടക്കണ്ടേ?' വന്യമൃഗങ്ങളെ പോലും ഭയക്കാതെ വയനാടന്‍ മധുരവുമായി വഴിയോരത്ത് കുട്ടികള്‍


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം