കാണാതായ യുവാവിനെ അവസാനം കണ്ടത് സുഹൃത്തിനോടൊപ്പമായിരുന്നുവെന്ന പിതാവിന്‍റെ മൊഴിയെ തുടര്‍ന്നുള്ള അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്. 

ഇടുക്കി വണ്ടൻമേടിൽ യുവാവിനെ മദ്യത്തിൽ വിഷം കലര്‍ത്തിക്കൊടുത്തു കൊന്ന പ്രതി പിടിയിൽ. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ കൊന്ന പ്രവീണാണ് അറസ്റ്റിലായത്. വണ്ടൻമേട് നെറ്റിത്തൊഴു സ്വദേശിയായ രാജ്കുമാറിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. അവസാനം കണ്ടത് സുഹൃത്തായ പ്രവീണിനൊപ്പമായിരുന്നെന്ന അച്ഛൻ പവൻരാജിന്റെ മൊഴിയാണ് വഴിത്തിരിവായത്.

പ്രവീണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ആദ്യം പിടിച്ചുനിന്നെങ്കിലും ഒടുവിൽ പ്രതി എല്ലാം തുറന്നുപറയുകയായിരുന്നു. താനുമായുള്ള സൗഹൃദം മുതലെടുത്ത് സഹോദരിയുമായി രാജ്കുമാര്‍ അവിഹിതബന്ധം പുലര്‍ത്തിയിരുന്നെന്നും ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമമെന്നുമാണ് പ്രവീണിന്റെ മൊഴി. ഒരു മാസത്തോളമായി കൊല ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പ്രവീണ്‍ വിശദമാക്കി. അവസരം ഒത്തുവന്നപ്പോൾ പ്രവീണിനെ തമിഴ്നാട് അതിര്‍ത്തി പ്രദേശത്തേക്ക് വിളിച്ചുകൊണ്ടുപോയി.

രണ്ട് പേരും മദ്യവും കഞ്ചാവും ഉപയോഗിച്ചു. രാജ്കുമാറിന്റെ സുബോധം നഷ്ടമായെന്നറിഞ്ഞപ്പോൾ മദ്യത്തിൽ വിഷം കലര്‍ത്തിക്കൊടുത്തു. മരണം ഉറപ്പാക്കി മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം പ്രവീണ്‍ തിരികെ വീട്ടിലെത്തി. പ്രവീണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കാട്ടില്‍ തെരച്ചിൽ നടത്തി പൊലീസ് മൃതദേഹം കണ്ടെത്തി.

ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊട്ടിയ മദ്യക്കുപ്പിയും മദ്യത്തിന്‍റെ അവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തി. തമിഴ്നാട് അധീനതയിലുള്ള സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തിയതിനാൽ തമിഴ്നാട് പോലീസ് എത്തിയതിനുശേഷം വൈകുന്നേരത്തോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്. നാളെ പോസ്റ്റുമോര്‍ട്ടം നടക്കും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രവീണിനെ കോടതിയിൽ ഹാജരാക്കും.

തിരുവാതിര മഹോത്സവത്തിന്റെ തിരക്കിനിടയിൽ പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ
കൊല്ലം കടയ്ക്കലിൽ തിരുവാതിര മഹോത്സവത്തിന്റെ തിരക്കിനിടയിൽ പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ.അന്വേഷണത്തിനായി പോയ പൊലീസുദ്യോഗസ്ഥനെയും പ്രതി ആക്രമിച്ചിരുന്നു. കടയ്ക്കൽ പന്തളം മുക്ക് സ്വദേശി കിട്ടു എന്നു വിളിക്കുന്ന വിപിനാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ നടന്ന തിരുവാതിര ഉൽസവത്തിനിടെ വിപിൻ സ്ത്രീകളെ കടന്നു പിടിച്ചെന്നായിരുന്നു പരാതി. ശല്യം രൂക്ഷമായതോടെ സ്ത്രീകൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ സമീപിച്ചു. പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെയും വിപിൻ ആക്രമിച്ചു. പൊലീസുദ്യോഗസ്ഥന്റെ കാലിന് ഗുരുതര പരുക്കേറ്റു. പിന്നീട് കൂടുതൽ പൊലീസ് എത്തി വിപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.