Asianet News MalayalamAsianet News Malayalam

സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപാനം, ഒരു മണിക്ക് പൊലീസ്, കണ്ടതോടെ ചിതറിയോട്ടം; വീണത് കിണറ്റില്‍, മരണം

പുലര്‍ച്ചെ ഒരു മണിയോടെ പൊലീസിന്റെ നൈറ്റ് പെട്രോളിങ് വാഹനം കടന്നുപോയി. വാഹനം കണ്ടതോടെ ആകാശടക്കം മദ്യപിച്ചിരുന്ന യുവാക്കള്‍ ചിതറി ഓടി.

youth ran away after seeing police fell into  well and died
Author
First Published Apr 23, 2024, 2:20 AM IST

കോട്ടയം: അതിരന്‍പ്പുഴയില്‍ നൈറ്റ് പെട്രോളിങ് നടത്തിയ പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു. 20 വയസുകാരന്‍ ആകാശ് സുരേന്ദ്രന്‍ ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ റോഡിലൂടെ പൊലീസ് വാഹനം കടന്നുപോകുമ്പോഴാണ് യുവാവ് ഭയന്ന് ഓടി കിണറ്റില്‍ വീണ് മരിച്ചത്. 

ഇന്നലെ പുലര്‍ച്ചെ ഒന്നേകാലോടെയായിരുന്നു ദാരുണ സംഭവം. നാല്‍പ്പാത്തിമല സ്വദേശിയായ ആകാശ് സുരേന്ദ്രന്‍ എന്ന 20കാരന്‍ ആകാശ് മറ്റു മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം പുരയിടത്തിലിരുന്ന് മദ്യപിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ പുരയിടത്തിന് സമീപത്തെ റോഡിലൂടെ പൊലീസിന്റെ നൈറ്റ് പെട്രോളിങ് വാഹനം കടന്നുപോയി. പൊലീസ് വാഹനം കണ്ടതോടെ ആകാശടക്കം മദ്യപിച്ചിരുന്ന യുവാക്കള്‍ ചിതറി ഓടി. പലരും പലവഴിക്കാണ് ഓടിയത്. തട്ടുതട്ടായി തിരിച്ചിട്ടിരുന്ന പുരയിടത്തില്‍ ഏഴ് അടിയോളം ഉയരമുള്ള ഒരു തട്ടില്‍ നിന്ന് താഴേക്ക് ചാടിയ ആകാശ് കിണറ്റിലേക്ക് വീഴുകയായിരുന്നു. 

ഇരുട്ടായതിനാല്‍ ആകാശ് വീണത് സുഹൃത്തുക്കള്‍ ആരും കണ്ടതുമില്ല. പൊലീസ് വാഹനം കടന്നു പോയ ശേഷവും ആകാശിനെ കാണാതായതോടെ സുഹൃത്തുക്കള്‍ തിരച്ചില്‍ നടത്തി. ഈ തിരച്ചിലാണ് ആകാശിന്റെ ശരീരം കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. 

ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുക്കുമ്പോഴേക്കും ആകാശ് മരിച്ചിരുന്നു. ഫയര്‍ഫോഴ്‌സില്‍ നിന്ന് അറിയിക്കുമ്പോള്‍ മാത്രമാണ് യുവാവ് കിണറ്റില്‍ ചാടിയ വിവരം മനസിലാക്കിയതെന്ന് ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു. യുവാവിനെ ഭീഷണിപ്പെടുത്തുകയോ പിന്തുടരുകയോ ചെയ്തിട്ടില്ല എന്നും പൊലീസ് അവകാശപ്പെട്ടു. സംഭവസ്ഥലത്ത് പൊലീസ് വാഹനം നിര്‍ത്തുക പോലും ഉണ്ടായില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഞ്ചാവ് സംഘങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ പതിവായ മേഖലയില്‍ പൊലീസ് പതിവായ് പട്രോളിങ് നടത്താറുണ്ട്. കിണറിലെ കോണ്‍ക്രീറ്റ് റിംഗുകളില്‍ തലയും നട്ടെല്ലും അടക്കം ഇടിച്ച് ആകാശിന് ശരീരമാസകലം ഗുരുതര പരിക്കേറ്റിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മദ്യക്കുപ്പികള്‍ അടക്കം സംഭവ സ്ഥലത്ത് നിന്നും ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

വേനല്‍ച്ചൂട്: ഈ അശ്രദ്ധ, വാഹനത്തിന്റെ ബാറ്ററി ആയുസിനെ ബാധിക്കും, മുന്നറിയിപ്പുമായി കെഎസ്ഇബി 
 

Follow Us:
Download App:
  • android
  • ios