ശ്രീകാര്യം – പാങ്ങപ്പാറ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അടിയന്തര ചികിത്സ ലഭിക്കാൻ രണ്ടര മണിക്കൂറോളം വൈകിയെന്ന് കുടുംബം.
തിരുവനന്തപുരം: ശ്രീകാര്യം – പാങ്ങപ്പാറ റോഡിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ യുവാവിന് ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നതിൽ കാലതാമസം നേരിട്ടതായി കുടുംബം. അപകട കാരണവും അപകടത്തിനു പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നേരിട്ട അനുഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് യുവാവിന്റെ പിതാവ് പ്രദീപ് എമിലി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. താൻ ഒരു സിസ്റ്റത്തെയും കുറ്റപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെങ്കിലും ചിലർക്കെങ്കിലും കുറിപ്പ് ഭാവിയിൽ ഉപകാരപ്പെട്ടേക്കാമെന്ന മുന്നറിയിപ്പോടെയുമാണ് പ്രദീപ് അനുഭവം പറയുന്നത്.
ഞായറാഴ്ച രാത്രി 9.30ഓടെയാണ് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ യുവാവ് അപകടത്തിൽപ്പെട്ടത്. വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണികൾക്കായി റോഡിന്‍റെ മധ്യഭാഗം കുഴിച്ച ശേഷം പിന്നീട് ടാർ ചെയ്തെങ്കിലും ചില ഭാഗങ്ങൾ ആവശ്യമായ രീതിയിൽ നിരപ്പാക്കിയിരുന്നില്ല എന്നാണ് പരാതി. റോഡിന്‍റെ മറ്റു ഭാഗങ്ങളിലെ കുഴികളും രാത്രികാല യാത്രയിൽ കാണാൻ പാടാണ്. മുന്നിലുള്ള വാഹനവും എതിരെ വന്ന വാഹനത്തിന്‍റെ ഹെഡ്‌ലൈറ്റും മൂലം റോഡിലെ കുഴി വ്യക്തമായി കാണാനാകാതെ യുവാവ് അപകടത്തിൽ പെടുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.
തലയ്ക്കും നെഞ്ചിനും കൈകാലുകൾക്കും പരിക്കേറ്റ യുവാവ് കുറച്ചു സമയം റോഡിൽ ബോധരഹിതനായി കിടന്നു. അപകട സ്ഥലത്ത് സഹായം ലഭിക്കാൻ വൈകിയെന്നാണ് കുടുംബത്തിന്‍റെ അനുഭവം. ഇതിനിടെ സന്തോഷ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറും മറ്റൊരു ഡ്രൈവറും ചേർന്ന് യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. രാത്രി പത്ത് മണിയോടെ ആശുപത്രിയിലെത്തിയെങ്കിലും അടിയന്തര ചികിത്സ ലഭിക്കാൻ രണ്ടര മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നതായി കുടുംബം പറയുന്നു. രക്തസ്രാവമുണ്ടായിരുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കായി പല തവണ അഭ്യർഥിച്ചു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചപ്പോൾ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊണ്ടുപോകാൻ നിർദേശം ലഭിച്ചതായും പിതാവ് പറയുന്നു. റോഡിന്‍റെ സുരക്ഷാ നിലവാരം, അപകടത്തിനു ശേഷമുള്ള അടിയന്തര രക്ഷാപ്രവർത്തനം, ഗുരുതര പരുക്കേറ്റവർക്ക് സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്ന സംവിധാനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് സംഭവം ഉയർത്തുന്നത്. അതേസമയം കുടുംബം ഉന്നയിച്ച പരാതിയിൽ ആശുപത്രി അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല.
