Asianet News MalayalamAsianet News Malayalam

'മലമ്പുഴ റോപ്പ് വേയില്‍ യുവാക്കൾ കുടുങ്ങി, ആശങ്കയുടെ നിമിഷം; ദ്രുതഗതിയില്‍ ഉണര്‍ന്ന് രക്ഷാസംഘം', മോക് ഡ്രില്‍

സന്ദര്‍ശകരുടെ തിരക്ക് തുടങ്ങുന്ന സമയമായിരുന്നതിനാല്‍ ഭാഗ്യവശാല്‍ രണ്ട് യുവാക്കള്‍ മാത്രമാണ് കുടുങ്ങിയത്. ഉടന്‍ തന്നെ റോപ് വേ അധികൃതര്‍ പാലക്കാട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. 

Youth trapped in Malampuzha ropeway rescue operation mock drill btb
Author
First Published Sep 30, 2023, 8:46 PM IST

സമയം രാവിലെ 10.15. മലമ്പുഴ ഉദ്യാനത്തില്‍ സന്ദര്‍ശകര്‍ എത്തിതുടങ്ങിയിരുന്നു. മഴ പെയ്തു തോര്‍ന്ന സമയം. ശാന്തമായി കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്ന സന്ദര്‍ശകരെ വഹിച്ചുകൊണ്ട് മലമ്പുഴ റോപ്പ് വേ ശാന്തമായി നീങ്ങിതുടങ്ങി. പെട്ടെന്നാണ് ആ ആകസ്മിക സംഭവം. റോപ്പ് വേയുടെ ചലനം പെട്ടെന്ന് നിലച്ചു. രണ്ട് യുവാക്കള്‍ കുടുങ്ങി. സന്ദര്‍ശകരുടെ തിരക്ക് തുടങ്ങുന്ന സമയമായിരുന്നതിനാല്‍ ഭാഗ്യവശാല്‍ രണ്ട് യുവാക്കള്‍ മാത്രമാണ് കുടുങ്ങിയത്. ഉടന്‍ തന്നെ റോപ് വേ അധികൃതര്‍ പാലക്കാട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. 

അഗ്‌നിരക്ഷാസേന ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ വിവരം അറിയിച്ച ശേഷം ഉടന്‍ തന്നെ സ്ഥലത്തെത്തി. ഈ സമയത്ത് തന്നെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍നിന്നും ജില്ലാ കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും പോലീസ്, ആരോഗ്യവകുപ്പ് അധികൃതര്‍ക്കും വിവരം കൈമാറി. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനക്ക് യുവാക്കളെ താഴെയിറക്കാനുള്ള പ്രവര്‍ത്തം ശ്രമകരമാവുന്ന സാഹചര്യത്തില്‍  ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ദേശീയ ദുരന്ത നിവാരണ സേനയെ ബന്ധപ്പെടുന്നു. 

ഉടൻ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 10.18 ന് അഗ്‌നിരക്ഷാസേനയുടെ രക്ഷാപ്രവര്‍ത്തനം ശ്രമകരമാകുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്‍സിഡന്റ് കമാന്‍ഡര്‍ എന്‍ഡിആര്‍എഫ് ടീമിനെ വിളിച്ചു. പൊലീസിനെയും അറിയിച്ചു. 10.25 ഓടുകൂടിടി.ഇ.ഒ.സി(താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍സെന്റര്‍)യെ അറിയിച്ചു. 10.25 ന് എന്‍.ഡി.ആര്‍.എഫ് സംഘം എത്തി. 10.37 ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസമായിരുന്നു. തുടര്‍ന്ന് 10.46 ന് വടം കെട്ടിയുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. 

ദേശീയ ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയന്‍ ആര്‍ക്കോണം തമിഴ്‌നാട് നിന്നുള്ള സംഘത്തിലെ അങ്കിത് റാത്തിയും ശ്രീകാന്തും എല്ലാവിധ സുരക്ഷാ സന്നാഹങ്ങളോടെയും റോപ്പിന് മുകളിലൂടെ യുവാക്കളുടെ അടുത്തെത്തി.  11.18 ന് ആദ്യത്തെ വ്യക്തിയെയും 11.26 ന് രണ്ടാമത്തെ വ്യക്തിയെയും രക്ഷപ്പെടുത്തി. താഴെയിറക്കിയ യുവാക്കളെ ഉടന്‍ തന്നെ ആംബുലന്‍സില്‍ ജലസേചന വകുപ്പിന്റെ കെട്ടിടത്തില്‍ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തിലെത്തിച്ച് വൈദ്യസഹായം നല്‍കി. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് രണ്ടാമത്തെ യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഏകദേശം 11.30 ഓടെ രക്ഷാപ്രവര്‍ത്തനം വിജയകരമായി അവസാനിച്ചു. മോക് ഡ്രില്ലും വിജയകരമായി.

കാഴ്ചക്കാരും സന്ദര്‍ശകരും ആദ്യം പരിഭ്രാന്തരായി.. പിന്നീടാണ് മനസിലാക്കിയത് മോക് ഡ്രില്ലാണെന്ന്

കാഴ്ചക്കാരും സന്ദര്‍ശകരും ആദ്യം പരിഭ്രാന്തരായി. പിന്നീടാണ് മനസിലാക്കിയത് മോക് ഡ്രില്ലാണെന്ന്. വില്ലേജ് ഓഫീസര്‍, പാലക്കാട് തഹസില്‍ദാര്‍, ഭൂരേഖാ തഹസില്‍ദാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം വിലയിരുത്തുന്നതിനായി സംഭവസ്ഥലത്തെത്തി. അടിയന്തരമായി ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, മറ്റ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഡിസാസ്റ്റര്‍ മാനേജ്മെന്റ് വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേറ്റിങ് സിസ്റ്റം ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കുകയും ചെയ്തു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനുശേഷമാണ് ജില്ലാ ദുരന്തനിവാരണ അതോറ്റിയും ദുരന്ത പ്രതികരണ സേനയും സംയുക്തമായി നടത്തിയ മോക് ഡ്രില്ലാണ് സംഭവമെന്ന് എല്ലാവര്‍ക്കും മനസിലായത്. 

കഴിഞ്ഞദിവസം ജാര്‍ഖണ്ഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി റോപ്പ് വേ ഉള്ള സ്ഥലങ്ങളില്‍ എന്‍ഡിആര്‍എഫ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്.  എന്‍.ഡി.ആര്‍.എഫ് ഡെപ്യൂട്ടി കമാന്‍ഡര്‍ പ്രവീണ്‍ എസ്. പ്രസാദ്, ടീം കമാന്‍ഡര്‍ ഇന്‍സ്‌പെക്ടര്‍ എക്‌സിക്യൂട്ടീവ് എ.കെ ചൗഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 25 സേനാംഗങ്ങളാണ് രക്ഷാദൗത്യത്തിന് നേതൃത്വം വഹിച്ചത്. മോക് ഡ്രില്ലില്‍ പാലക്കാട് തഹസില്‍ദാര്‍ ടി. രാധാകൃഷ്ണന്‍, ഭൂരേഖാ തഹസില്‍ദാര്‍ വി. സുധാകരന്‍, മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.വി ശ്രീകുമാരി , മലമ്പുഴ 1, 2 വില്ലേജ് ഓഫീസര്‍മാരായ (ഇന്‍ ചാര്‍ജ്) രൂപേഷ്, ടി. ശിവന്‍, അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവര്‍ മോക് ഡ്രില്ലില്‍ പങ്കെടുത്തു.

എന്‍ഡിആര്‍ഫിന്റെ മോക്ഡ്രില്ലിന് സമ്പൂര്‍ണ സഹകരണം ഉറപ്പാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി

മലമ്പുഴ ഉദ്യാനത്തില്‍ എന്‍ഡിആര്‍എഫ് നടത്തിയ മോക്ക് ഡ്രില്ലില്‍ രക്ഷാപ്രവര്‍ത്തനത്തിന് സമ്പൂര്‍ണ സഹകരണം ഉറപ്പാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. രാവിലെ 10.15 ഓടു കൂടിയാണ് അപകട വിവരം അറിയിച്ച് പാലക്കാട് അഗ്‌നിരക്ഷാസേനക്ക് ഫോണ്‍ വന്നത്. ഉടന്‍ തന്നെ ജില്ലാ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉണര്‍ന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സിവില്‍ സ്റ്റേഷനിലെ പഴയ പി.എസ്.സി ഓഫീസില്‍ നടന്ന ജില്ലാതല പ്രവര്‍ത്തനങ്ങളില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര റെസ്പോണ്‍സിബിള്‍ ഓഫീസറായി. 

ഡെപ്യൂട്ടി ഇന്‍സിഡന്റ് കമാന്‍ഡറായി എല്‍.എസ്.ജി.ഡി എ.ഡി.ഐ എം.പി രാമദാസ്,, പ്ലാനിങ് സെഷന്‍ ചീഫായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പാലക്കാട് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. ഹിദേഷ്, സേഫ്റ്റി ഓഫീസറായി അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അനൂബ് റസാക്ക്, മീഡിയ ഓഫീസറായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കാളികളായി. ജെ.എസ് എം.എം അക്ബര്‍, എല്‍.എസ്.ജി.ഡി പ്ലാന്‍ കോഡിനേറ്റര്‍ വി.കെ. ആശ, വണ്ടാഴി വില്ലേജ് ഓഫീസര്‍ സിജി എം. തങ്കച്ചന്‍, ഹസാര്‍ഡ് അനലിസ്റ്റ് ലേഖ ചാക്കോ, കലക്ടറേറ്റ് ജീവനക്കാരായ വി.എസ് സുദീപ്ത, പി.സി ശരത്, വി. ധന്യ, രാധ എന്നിവരും പങ്കെടുത്തു.

ഉള്ളിൽ പതിയിരിക്കുന്നത് വലിയ അപകടങ്ങൾ! പണിക്കിടയിൽ മരിച്ചത് 22 പേർ; ചരിത്രമറിഞ്ഞ് അഞ്ചുരുളി ടണൽ കാണാൻ പോകാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios