സായൂജിന് സിവില്‍ സ്‌കോര്‍ കുറവായതിനാല്‍ പെനാല്‍ട്ടി ഒഴിവാക്കി ബിസിനസ് അക്കൗണ്ട് ആക്കാനെന്ന പേരിലാണ് ശ്രീകാന്ത് പണം ആവശ്യപ്പെട്ടത്

കോഴിക്കോട്: സിവില്‍ സ്‌കോര്‍ കുറഞ്ഞതിനാല്‍ ലോണ്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ട യുവാവിനെ വ്യാജ ലോണ്‍ ആപ്പിലൂടെ ലോണ്‍ സംഘടിപ്പിച്ചു തരാം എന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യോളി സ്വദേശി കറുവക്കണ്ടി വീട്ടില്‍ ശ്രീകാന്തിനെ(38) ആണ് റൂറല്‍ ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പയ്യോളി എസ്.എച്ച്.ഒ അങ്കിത് സിങ്ങ് ഐ.പി.എസ് അറസ്റ്റ് ചെയ്തത്. ലോണ്‍ സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ലോണ്‍ അപ്രൂവ് ആകാനായി പരാതിക്കാരനില്‍ നിന്ന് 82,240 രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്.

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചരിത്രത്തിലാദ്യം! സർവകാല റെക്കോഡ് ഭേദിച്ച് വഴിപാട്, ഒറ്റ ദിവസത്തിൽ ലഭിച്ചത് 83 ലക്ഷം

പയ്യോളി സ്വദേശിയായ സായൂജ് ആണ് പരാതിക്കാരന്‍. സായൂജിന് സിവില്‍ സ്‌കോര്‍ കുറവായതിനാല്‍ പെനാല്‍ട്ടി ഒഴിവാക്കി ബിസിനസ് അക്കൗണ്ട് ആക്കാനെന്ന പേരിലാണ് ശ്രീകാന്ത് പണം ആവശ്യപ്പെട്ടത്. തുടര്‍ന്ന് പണം പല തവണകളായി ശീകാന്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. പരാതിക്കാരന് നഷ്ടമായ തുക ഉള്‍പ്പടെ പ്രതിയുടെ അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷം രൂപയോളം എത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ തുക ബാങ്കില്‍ നിന്നും പിന്‍വലിച്ച് കമ്മീഷന്‍ കൈപ്പറ്റി മറ്റൊരാള്‍ക്ക് കൈമാറിയതായും വ്യക്തമായിട്ടുണ്ട്.

ശ്രീകാന്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയഅന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് അക്കൗണ്ട് എടുത്ത് നല്‍കി സഹായിക്കുന്ന നിരവധി പേരാണ് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരക്കാർക്ക് സഹായം നല്‍കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം