തിരുവനന്തപുരം വിളപ്പിൽശാലയിൽ കാണാതായ മൈലാടി സ്വദേശി അനീഷ് എന്ന യുവാവിന്‍റെ മൃതദേഹം പഞ്ചായത്ത് കിണറ്റിൽ കണ്ടെത്തി. മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതിനെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. മൈലാടി സ്വദേശി അരുൺകുമാർ എന്ന അനീഷ് ( 31) നെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാണാതായത്. അന്ന് രാത്രി 11 മണിയോടു കൂടി ഭാര്യയുടെ വീടായ കിള്ളി ഭാഗത്ത് നിന്നും ആണ് കാണാതായത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ മൈലേക്കോണത്തിന് സമീപത്തുള്ള പഞ്ചായത്ത് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ അനീഷിന്റെ കുടുംബാംഗങ്ങൾ ദുരൂഹത ആരോപിക്കുന്നു. അസ്വാഭാവിക മരണത്തിൽ കേസെടുത്ത വിളപ്പിൽശാല പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. മരണ കാരണം നിലവിൽ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
