2007 ലെ കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (KAAPA)- 15(1) (എ) വകുപ്പ് പ്രകാരം മൂന്ന് മാസക്കാലത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് ഉത്തരവിലുള്ളത്
കല്‍പ്പറ്റ: പനമരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളിലുള്‍പ്പെട്ടയാളെ കാപ്പ ചുമത്തി നാടുകടത്തി. പനമരം പരക്കുനിപൊയില്‍ വീട്ടില്‍ കെ പി മനോജ് (41) നെതിരെയാണ് നടപടിയെടുത്തത്. ലഹരി ഉപയോഗം, ലഹരിക്കടത്ത്, അബ്കാരി, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങി നിരവധി കേസുകളിലുള്‍പ്പെട്ടയാളാണ് മനോജ് എന്ന് പൊലീസ് അറിയിച്ചു. മുന്‍കാലങ്ങളിലും യുവാവ് കാപ്പ നിയമ നടപടികള്‍ക്ക് വിധേയനായിട്ടുണ്ട്. വയനാട് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്രയുടെ ഉത്തരവ് പ്രകാരമാണ് നടപടി. 2007 ലെ കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (KAAPA)- 15(1) (എ) വകുപ്പ് പ്രകാരം മൂന്ന് മാസക്കാലത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് ഉത്തരവിലുള്ളത്. ഇത് ലംഘിച്ചാൽ കൂടുതല്‍ നിയമനടപടിക്ക് പ്രതിയെ വിധേയനാക്കും.
സുല്‍ത്താന്‍ബത്തേരിയിൽ കൊടുംകുറ്റവാളി പിടിയിൽ
അതിനിടെ സുല്‍ത്താന്‍ബത്തേരിയിൽ നിന്നുള്ള മറ്റൊരു വാർത്ത യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കൊടുംകുറ്റവാളി പിടിയിലായി എന്നതാണ്. ബത്തേരി പുത്തന്‍കുന്ന് പാലപ്പട്ടി വീട്ടില്‍ പി എന്‍ സംജാദ്(32)നെയാണ് ബത്തേരി പ`ലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കാപ്പ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, ആയുധ നിയമം (ആംസ് ആക്ട്) തുടങ്ങി ബത്തേരി, അമ്പലവയല്‍ പ`ലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളുണ്ട്. കുറിച്യാട് ഫോറസ്റ്റ് സ്റ്റേഷനിലും കേസുണ്ട്.
സംഭവം ഇങ്ങനെ
ഇക്കഴിഞ്ഞ 24 ന് തീയ്യതി രാത്രിയാണ് ബത്തേരി ടൗണിലെ ഐസക് ബാറിന് മുന്‍വശം വെച്ച് ബീനാച്ചി സ്വദേശിയെ സംജാദ് ക്രൂരമായി ആക്രമിച്ച് മാരക പരിക്കേല്‍പ്പിച്ചത്. സംജാദും ബീനാച്ചി സ്വദേശിയുമുള്‍പ്പെട്ട റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ച കേസുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു മര്‍ദനത്തിന് കാരണം. കൈമുട്ടിനും കണ്ണിനും ഷോള്‍ഡറിനും പരിക്കേറ്റ യുവാവ് അത്യസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ശ്രീകാന്ത് എസ് നായര്‍, എസ് ഐമാരായ ജെസ്വിന്‍ ജോയ്, എ എസ് ഐമാരായ ജയകുമാര്‍, ഷാജി ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സബിത്ത്, മുസ്തഫ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിജോ, നിയാദ്, രാജീവ്, അനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


