കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഏകദേശം 25 മൊബൈല്‍ ഫോണുകള്‍ ആഷിഖ് കണ്ടെത്തി ഉടമകള്‍ക്ക് തിരികെ നല്‍കിയിട്ടുണ്ട്.
വൈത്തിരി: ചെന്നൈയില്‍ നിന്ന് നഷ്ടമായ മൊബൈല്‍ ഫോണ്‍ മലപ്പുറത്ത് നിന്ന് കണ്ടെത്തി ഉടമയ്ക്ക് തിരികെ നല്‍കി കേരള പോലീസ്. ചെന്നൈ സ്വദേശിയായ സത്യയുടെ പിതാവിന്റെ ഫോണാണ് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ചെന്നൈയിലെ സെലയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നഷ്ടമായത്. തുടര്‍ന്ന് സെലയൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ പോര്‍ട്ടലില്‍ ഫോണ്‍ നഷ്ടപ്പെട്ടതായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. സിഇഐആര്‍ പോര്‍ട്ടലിലെ 'ഷെയേര്‍ഡ് ട്രേസബിലിറ്റി ഡീറ്റെയില്‍സ്'സംവിധാനത്തിലൂടെ ഫോണ്‍ ലൊക്കേഷന്‍ വൈത്തിരി സ്റ്റേഷന്‍ പരിധിയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് സെലയൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പെറ്റീഷന്‍ വൈത്തിരി സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സിവില്‍ പോലീസ് ഓഫീസര്‍ പി.പി. ആഷിഖിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ മലപ്പുറം തിരൂരങ്ങാടിയില്‍ നിന്ന് കണ്ടെത്തിയത്.
ഫോണ്‍ സുരക്ഷിതമായി വീണ്ടെടുത്ത ശേഷം, ദൂരവും പരാതിക്കാരന്റെ സാഹചര്യവും പരിഗണിച്ച് ആഷിഖ് തന്നെ കൊറിയര്‍ മുഖേന ചെന്നൈയിലെ വിലാസത്തിലേക്ക് ഫോണ്‍ അയച്ചുനല്‍കുകയായിരുന്നു. ഫോൺ തിരികെ ലഭിച്ചതിന് പിന്നാലെ കേരള പൊലീസ് ഉദ്യോഗസ്ഥർക്ക് നന്ദിയും പ്രശംസയും അറിയിച്ച് സത്യ വീഡിയോ സന്ദേശത്തിലൂടെ ബന്ധപ്പെട്ടിരുന്നു. തന്റെ പിതാവിന്റെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ തിരികെ ലഭിച്ചതില്‍ താനും കുടുംബവും ഏറെ സന്തോഷത്തിലാണെന്ന് സത്യ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഏകദേശം 25 മൊബൈല്‍ ഫോണുകള്‍ ആഷിഖ് കണ്ടെത്തി ഉടമകള്‍ക്ക് തിരികെ നല്‍കിയിട്ടുണ്ട്.
ഫോണ്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഉടമകള്‍ സിഇഐആര്‍ പോര്‍ട്ടലില്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ നിരന്തരം നിരീക്ഷണം നടത്തിയാണ് ഈ ഫോണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ വീണ്ടെടുത്ത് ഉടമകള്‍ക്ക് കൈമാറുകയായിരുന്നു. വയനാട്ടില്‍ വിനോദയാത്രയ്ക്കിടെ നഷ്ടമായ മൊബൈല്‍ ഫോണ്‍ കണ്ടെത്തി നല്‍കിയതിന് മുന്‍പ് കൊല്‍ക്കത്ത സ്വദേശിയും പി.പി. ആഷിഖിന് നന്ദിയും പ്രശംസയും അറിയിച്ചിരുന്നു.


