ഹോട്ടൽ ഉടമയ്ക്ക് തലയ്ക്ക് പരിക്കേറ്റു. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പരാതി
കൊല്ലം: കൊല്ലത്ത് ഹോട്ടലിൽ പൊറോട്ടയും ബീഫും നൽകാത്തതിന്‍റെ പേരിൽ യുവാക്കളുടെ പരാക്രമം. കൊല്ലം കിളികൊല്ലൂരിലെ ഹോട്ടലിൽ യുവാക്കൾ വലിയ അക്രമമമാണ് നടത്തിയത്. തന്നെ ക്രൂരമായി മർദ്ദിച്ച പ്രതികൾ മദ്യ ലഹരിയിലായിരുന്നെന്നാണ് ഹോട്ടൽ ഉടമയായ അമൽ കുമാർ പറയുന്നത്. കിളികൊല്ലൂർ മങ്ങാട് സംഘം മുക്കിൽ പ്രവർത്തിക്കുന്ന സെന്‍റ് ആന്‍റണീസ് ഹോട്ടലിന്‍റെ ഉടമ അമൽ കുമാറിനാണ് തലയ്ക്ക് പരിക്കേറ്റത്. പ്രതികൾ മദ്യ ലഹരിയിൽ ആയിരുന്നെന്ന് അമൽ കുമാർ പൊലീസിനോട് പറഞ്ഞു.
സംഭവം ഇങ്ങനെ
കഴിഞ്ഞ ദിവസം രാത്രിയാണ് മങ്ങാട് സംഘം മുക്കിലെ സെന്‍റ് ആന്‍റണീസ് ഹോട്ടലിൽ രണ്ട് യുവാക്കൾ എത്തിയത്. യുവാക്കൾ പൊറോട്ട ആവശ്യപ്പെട്ടു. കൂടാതെ ബീഫ് കറിയും. കൈവശം പണം ഇല്ലെന്നും പിന്നീട് നൽകാമെന്നുമാണ് യുവാക്കൾ പറഞ്ഞത്. പൊറോട്ട തീർന്നെന്നും ഹോട്ടൽ അടയ്ക്കാൻ നേരമായെന്നും ഉടമ പറഞ്ഞതോടെ തർക്കമായി. ബഹളത്തിന് ഒടുവിൽ രണ്ട് യുവാക്കളും വന്ന ബൈക്കിൽ മടങ്ങി. അൽപസമയത്തിനുള്ളിൽ അതിലൊരു യുവാവ് മറ്റൊരു യുവാവിനൊപ്പം ഹോട്ടലിൽ തിരിച്ചെത്തി. തുടർന്ന് ഇരുവരും ചേർന്ന് ആക്രമണം അഴിച്ചുവിട്ടെന്നാണ് പരാതി. ഹോട്ടൽ ഉടമയായ അമൽകുമാറിന്‍റെ തലയ്ക്ക് പരിക്കേറ്റു. പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. യുവാക്കൾ മദ്യ ലഹരിയിൽ ആയിരുന്നെന്ന് ഹോട്ടൽ ഉടമ പറയുന്നു. പ്രതികൾക്കായി കിളികൊല്ലൂർ പൊലീസ് അന്വേഷണം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൃശൂര്‍ കാളത്തോട് നാച്ചു വധക്കേസ് എല്ലാ പ്രതികൾക്കും ഇരട്ട ജീവപരന്ത്യവും 13 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു എന്നതാണ്. 2021 ഒക്ടോബർ 22-നാണ് സിഐടിയു യൂണിയൻ തൊഴിലാളിയായ നാച്ചു എന്ന ഷമീറിനെ (39 ) പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ വെട്ടുക്ക പറമ്പിൽ ഇസ്മയിൽ മകൻ ഷാജഹാൻ (50) വലിയകത്ത് ഷാജി മകൻ ഷബീർ (30) പരിക്കുന്നു വീട്ടിൽ അബ്ബാസ് മകൻ അമൽ സാലിഹ് (31) എന്നിവർ ചേർന്ന് പകൽ 3:30 മണിക്ക് കാളത്തോട് മുസ്ലിം പള്ളിയുടെ മുൻവശത്തുള്ള പാർപ്പിടം റോഡിൽ വച്ച് മാരകായുധങ്ങളായ കൊടുവാൾ, വടിവാൾ, ഇരുമ്പു വടി എന്നിവ ഉപയോഗിച്ച് ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്. കൊവിഡ് കാലഘട്ടത്തിൽ മീൻ കച്ചവടം തുടങ്ങിയ നാച്ചു കാളത്തോട് ഇന്ത്യൻ ബാങ്കിന്റെ സമീപത്ത് സുഹൃത്തിനോട് സംസാരിച്ചു നിൽക്കുമ്പോഴാണ് ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ ആക്രമിച്ച് പാർപ്പിടം റോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തൃശൂർ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ആയ ജഡ്ജ് ആയ ടി കെ മിനിമോൾ ആണ് ശിക്ഷ വിധിച്ചത്.