ഇടുക്കി: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സൗജന്യമായി പത്രങ്ങള്‍ വായിച്ചറിയാന്‍ സൗകര്യമൊരുക്കുകയാണ് ഡ്രീം ​ഗൈഡ് എന്ന സംഘടന. ഓട്ടോ ​ഗൈഡുമാരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. മൂന്നാര്‍ ആര്‍. ജംഗ്ഷനിലെ പഞ്ചായത്ത് നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്ന ആര്‍ക്കും പത്രം വായിക്കാന്‍ അവസരമുണ്ട്. മലയാളം, തമിഴ്, ഇംഗ്ലീഷ് പത്രങ്ങളിലെ കാര്യങ്ങള്‍ തികച്ചും സൗജന്യമായി വായിക്കാം. വിനോദസഞ്ചാരികളാണെങ്കില്‍ പോകേണ്ട സ്ഥലങ്ങള്‍ മനസിലാക്കാന്‍ റൂട്ട് മാപ്പും ഇവിടെ ലഭിക്കും. 

മൂന്നാറിന്റെ സൗന്ദര്യവത്ക്കരണത്തിന്റെ ഭാ​ഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോഴാണ് ഇത്തരത്തിലൊരു സംഘടന രൂപീകരിച്ച് യുവാക്കള്‍ വ്യത്യസ്തരാകുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ആയിരങ്ങളാണ്  വിനോദസഞ്ചാരികളായി എത്തുന്നത്. ബസുകളിലും സ്വന്തം വാഹനങ്ങളിലും മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾ പലതരം തട്ടിപ്പുകൾക്കിരയാകുന്നുണ്ട്. 

റൂട്ട് മാപ്പുകള്‍ മനസിലാക്കി മൂന്നാറിന്റെ യഥാര്‍ത്ഥ സൗന്ദര്യം ആസ്വദിച്ചു മടങ്ങുന്നതിന് സഞ്ചാരികൾക്ക് സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് സംഘടന പ്രവര്‍ത്തകനായ ജെയിംസ് പറയുന്നു. മൂന്നാറിലെ മറ്റ് സംഘടനകളുമായി കൈകോര്‍ത്ത് സാമൂഹ്യപ്രവർത്തനം നടത്തുക എന്നതും ലക്ഷ്യമാക്കുന്നുണ്ട്. രക്തദാനം പോലെയുളള സഹായങ്ങൾക്കും സംഘടനയിലെ അം​ഗങ്ങൾ സന്നദ്ധരാണെന്ന് ഇവർ വ്യക്തമാക്കുന്നു.  സംഘനയുടെ നേത്യത്വത്തില്‍ കാത്തിരിപ്പ് കേന്ദ്രം കഴുകി വ്യത്തിയാക്കി സമീപത്തെ കാടുകള്‍ വെട്ടിത്തെളിച്ചിട്ടുണ്ട്. അതുപോലെ കാത്തിരിപ്പ് കേന്ദ്രത്തിൽ പുകവലിക്കുന്നതും മുറുക്കിത്തുപ്പുന്നതും പാടില്ല എന്ന ബോർഡും സ്ഥാപിച്ചു.