പരസ്യമദ്യപാനത്തിന് കസ്റ്റഡിയിലായ യുവാക്കള്‍ പൊലീസിനെ ആക്രമിച്ചെന്ന കേസിൽ പ്രതിക
കല്‍പ്പറ്റ: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ പൊലീസിനെ ആക്രമിച്ചെന്ന് പരാതി. വാളവയല്‍ കാവുംപുറത്ത് ധനേഷ് (37) ചൂതുപാറ പൊങ്ങന്‍പാറ ദിലേഷ് (39) എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് റിമാന്റ് ചെയ്തിരിക്കുന്നത്.
പൊലീസ് പട്രോളിങ്ങിനിടെ പരസ്യമായി മദ്യപിക്കുന്നത് കണ്ട് എത്തിയ കേണിച്ചിറ പോലീസിനെ ഇരുവരും മദ്യലഹരിയില്‍ ആക്രമിച്ചെന്നാണ് പറയുന്നത്. പരിക്കേറ്റ എസ്.ഐ ഉമ്മറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നാനക്കുഴി എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം.
പട്രോളിങ് നടത്തുന്നതിനിടെ ഓട്ടോറിക്ഷയില്‍ ഇരുന്ന മദ്യപിക്കുന്ന ധനേഷിനെയും ദിലേഷിനെയുമാണ് കണ്ടത്. ഉടന്‍ ഇരുവരെയും പരസ്യമദ്യപാനം ആരോപിച്ച് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതോടെ പൊലീസ് സംഘത്തിന് നേരെ യുവാക്കള്‍ തിരിയുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ സുല്‍ത്താന്‍ബത്തേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, കല്‍പ്പറ്റയിൽ ആദിവാസിപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയായ യുവാവിന് പത്ത് വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുഞ്ഞോം ഉദിരചിറ പുത്തന്‍വീട്ടില്‍ ഷിജിന്‍കുമാറിനെ (ഉണ്ണി-28)യാണ് കല്‍പ്പറ്റ സ്‌പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി സ്‌പെഷ്യല്‍ ജഡ്ജി എസ് കെ അനില്‍കുമാര്‍ ശിക്ഷിച്ചത്.
2018- ല്‍ തൊണ്ടര്‍നാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടി വയലില്‍ പുല്ല് പറിക്കുന്നതിനിടെ എത്തിയ പ്രതി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ വൈദ്യപരിശോധനകളിലും ഫൊറന്‍സിക് പരിശോധനകളിലും ബലാത്സംഗം നടന്നതായി തെളിഞ്ഞിരുന്നു. പ്രൊസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിതയാണ് ഹാജരായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

