Asianet News MalayalamAsianet News Malayalam

വിദ്യാഭ്യാസ മന്ത്രിയുടെ 'നാവുപിഴ' തിരുത്താനെത്തിയ യുവമോര്‍ച്ചയ്ക്കും സംസ്ഥാനങ്ങളുടെ എണ്ണം തെറ്റി

മന്ത്രിയെ തിരുത്താനായി രാജ്യത്തിന്‍റെ മാപ്പ് അടക്കമുള്ളവ കൊണ്ടുവന്നായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. എന്നാല്‍ രാജ്യത്ത് 29 സംസ്ഥാനങ്ങള്‍ ഉണ്ടെന്നായിരുന്നു. പ്രതീകാത്മക ക്ലാസില്‍ പഴയ ഭൂപടവും പഴയ കണക്കുമാണ് യുവമോര്‍ച്ച പഠിപ്പിച്ചത്. 

Yuvamorchas symbolic class to education minister v sivankutty also taught wrong information regarding number of states
Author
Thiruvananthapuram, First Published Oct 10, 2021, 9:37 AM IST

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ(V Sivankutty) രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം പഠിപ്പിക്കാനെത്തിയ യുവമോര്‍ച്ചയ്ക്കും(Yuvamorcha) തെറ്റി. സ്കൂള്‍ തുറക്കല്‍ സംബന്ധിച്ച മാര്‍ഗരേഖ പുറത്തിറക്കുന്നതിനിടെ ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞത് വിവാദമായതിന് പിന്നാലെ യുവമോര്‍ച്ച (BJP)നടത്തിയ പ്രതിഷേധത്തിലും തെറ്റ് പിണഞ്ഞത്. മന്ത്രിയെ തിരുത്താനായി രാജ്യത്തിന്‍റെ മാപ്പ് അടക്കമുള്ളവ കൊണ്ടുവന്നായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം.

എന്നാല്‍ രാജ്യത്ത് 29 സംസ്ഥാനങ്ങള്‍ ഉണ്ടെന്നായിരുന്നു. പ്രതീകാത്മക ക്ലാസില്‍ പഴയ ഭൂപടവും പഴയ കണക്കുമാണ് യുവമോര്‍ച്ച പഠിപ്പിച്ചത്. പരിപാടിക്കിടെ ഈ തെറ്റ് ആരും കണ്ടുപിടിക്കാത്തതിനാല്‍ തിരുത്തലുണ്ടായതുമില്ല. യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതീകാത്മക ക്ലാസ് നടത്തിയത്. ജില്ലാ പ്രസിഡന്‍റ് ആര്‍ സജിത്ത് അടക്കമുള്ളവര്‍ പങ്കെടുത്ത പ്രതിഷേധപരിപാടിയും ക്ലാസിലെ തെറ്റിലൂടെ വൈറലായി. ജമ്മുകശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമാക്കിയത് യുവമോര്‍ച്ചക്കാര്‍ അറിഞ്ഞില്ലേയെന്നാണ് ട്രോളുകള്‍ ചോദിക്കുന്നത്.

'സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും'; ശിവന്‍കുട്ടിയെ ട്രോളി റബ്ബും, വിദ്യാഭ്യാസ മന്ത്രിക്ക് വ്യാപക ട്രോള്‍

ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ചേര്‍ന്ന് തിരുവനന്തപുരത്ത്  നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളുണ്ടോ എന്ന് മന്ത്രി ശിവന്‍കുട്ടി ഉദ്യോഗസ്ഥരോട് ചോദിച്ചത്. നിലവില്‍ സ്കൂളുകള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം ചോദിക്കുമ്പോഴായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ സംശയം. പിന്നീട് സംഭവിച്ചത് നാവുപിഴയാണെന്ന വിശദീകരണവുമായി മന്ത്രി എത്തിയിരുന്നു. പരിഹാസം കണക്കിലെടുക്കുന്നില്ലെന്നും ആക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ പരിഹാസം തുടരട്ടേയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. പിഴവുകളുടെ പേരില്‍ ഏറെ പഴികേട്ടിട്ടുള്ള മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും വി ശിവന്‍കുട്ടിക്കെതിരെ ട്രോളുമായി എത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios