ഇടുക്കി: കടംകയറി ആകെയുണ്ടായിരുന്ന വീടുവിറ്റ് വാടകയ്ക്ക് കഴിയേണ്ടിവന്ന കുടുംബത്തെ ഒടുവിൽ ഭാഗ്യം കടാക്ഷിച്ചു. കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെ രൂപത്തിലാണ് ഭാ​ഗ്യം എത്തിയത്. ഇടുക്കി സ്വദേശിയായ ധനൂപ് എ.മോഹനെ തേടിയാണ് കാരുണ്യയുടെ 80 ലക്ഷം രൂപ എത്തിയത്. 

ഇടുക്കി അണക്കര ആഞ്ഞിലിമൂട്ടിൽ എ എസ് മോഹനൻ-ലീലാമണി ദമ്പതികളുടെ മകനാണ് ധനൂപ്. അണക്കര മോണ്ട്‌ഫോർട്ട് സ്‌കൂളിലെ ഓഫീസ് ജീവനക്കാരനായ ധനൂപ് പതിവായി ലോട്ടറി  എടുക്കുന്നയാളാണ്. എന്നാൽ ഇതുവരെയും കാര്യമായ സമ്മാനമൊന്നും ധനൂപിന് ലഭിച്ചിരുന്നില്ല. 

ഫലം അറിയാം: കാരുണ്യ കെ ആര്‍-467 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

മറ്റുള്ളവയ്ക്കൊപ്പം ഈ രീതിയിലും കടബാധ്യത ഏറിയെങ്കിലും പ്രതീക്ഷ കൈവിടാതെ ധനൂപ് ലോട്ടറി എടുത്തുകൊണ്ടേ ഇരുന്നു. ഒടുവിൽ ആ പ്രതീക്ഷ അന്വർത്ഥമാക്കി കൊണ്ട് കഴിഞ്ഞ ദിവസം നറുക്കെടുത്ത ലോട്ടറിയുടെ ഒന്നാം സമ്മാനം തന്നെ ധനൂപിന് സ്വന്തമായി. കൂലിപ്പണിക്കാരനായിരുന്ന മോഹനൻ ഇപ്പോൾ രോഗബാധിതനാണ്. ലീലാമണി അങ്കണവാടി അധ്യാപികയായിരുന്നു. സ്വന്തമായൊരു വീടാണ് ധനൂപിന്റെ വലിയ ആഗ്രഹം.