Asianet News MalayalamAsianet News Malayalam

'50 രൂപക്ക് വേണ്ടി എത്ര ചീത്ത കേൾക്കുന്നുണ്ടെന്നോ?' 10 കോടി ബമ്പറടിച്ച ഹരിതകര്‍മ്മസേനക്കാര്‍ പറയുന്നു...

മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേന അംഗങ്ങൾ മൺസൂൺ ബമ്പർ ഒന്നാം സമ്മാനമായ പത്ത് കോടി പങ്കിട്ടെടുക്കും. 

kerala lottery monsoon bumper winners malappuram haritha karma sena sts
Author
First Published Jul 27, 2023, 9:56 PM IST

മലപ്പുറം: ചിലർക്ക് കടം വീട്ടണം, മറ്റ് ചിലർക്ക് വീട് വെക്കണം. ഇത്തവണ മൺസൂൺ ബമ്പർ ടിക്കറ്റിലെ ഒന്നാം സമ്മാനമായ പത്ത് കോടി നേടിയ 11 വനിതകളിലെ ചിലരുടെ ആ​ഗ്രഹങ്ങളാണിത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ്മ സേന പ്രവർത്തകർ കൂട്ടായി എടുത്ത ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം നേടിയിരിക്കുന്നത്.  പെട്ടെന്നൊരു ദിവസം നിനച്ചിരിക്കാതെ കോടീശ്വരിമാർ ആയതിന്റെ സന്തോഷത്തിലാണ് ഇവർ. 'സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോൾ വളരെയധികം സന്തോഷമായി. ഒന്നാം സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടേയില്ലെ'ന്ന് കൂട്ടത്തിലൊരാൾ പറഞ്ഞു. 

കൂട്ടത്തിലെ രാധയാണ് ടിക്കറ്റെടുത്തത്. നാലാമത്തെ തവണയാണ് ബമ്പർ ടിക്കറ്റെടുക്കുന്നത്. അതിൽ ഒരു തവണ 1000 രൂപ കിട്ടിയിരുന്നു. കിട്ടുന്ന പണം കൊണ്ട് എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ആദ്യം കിട്ടിയ ഉത്തരം 'വീട് നന്നാക്കണം' എന്നായിരുന്നു. പിന്നെ കടമുണ്ട് അതും വീട്ടണം. ഒരു പരാതിയും കൂടിയുണ്ട് ഇവർക്ക് പറയാൻ. 'എല്ലാവരും ഞങ്ങളെ ആട്ടുമായിരുന്നു. എന്തിനാ ഇങ്ങോട്ട് വന്നെ?  ആ പച്ചക്കുപ്പായക്കാരെ ഇനിയിങ്ങോട്ട് കയറ്റരുത് എന്നൊക്കെയാണ് പറയുന്നത്. 50 രൂപക്ക് വേണ്ടി ഞങ്ങൾ എത്ര ചീത്ത കേൾക്കണമെന്നറിയാമോ? കവറുകള് ഇസ്തിരിയിട്ട് തരണോന്നൊക്കെയാണ് ചോദിക്കാറ്.' ഹരിത കർമ്മ സേനാം​ഗത്തിന്റെ പരാതിയിങ്ങനെ.

എന്തായാലും പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനത്തിൽ എല്ലാവരും സന്തോഷത്തിലാണ്. ഇനി  മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേന അംഗങ്ങൾ മൺസൂൺ ബമ്പർ ഒന്നാം സമ്മാനമായ പത്ത് കോടി പങ്കിട്ടെടുക്കും. ഇവ‍ർ ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്. MB 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഇന്നലെ വ്യക്തമായിരുന്നു. 250 രൂപയായിരുന്നു ബമ്പർ ടിക്കറ്റ് വില. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഇത് 5 പേർക്കായി ലഭിക്കും. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം. 

50 രൂപ കിട്ടാനായി എത്ര ചീത്ത ഞങ്ങൾ കേൾക്കുമെന്നോ?

മൺസൂൺ ബംപർ വിജയി ആര്? സസ്പെൻസ് അവസാനിച്ചു! 10 കോടി 11 വനിതകൾ പങ്കിടും, വിവരങ്ങൾ അറിയാം

Follow Us:
Download App:
  • android
  • ios