തിരുവോണം ബമ്പർ BR 105 ലോട്ടറിയുടെ ഭാ​ഗ്യശാലി രം​ഗത്ത്. എറണാകുളം നെട്ടൂര്‍ സ്വദേശിയായ സ്ത്രീയാണ് ആ ഭാഗ്യവതിയെന്ന് ഏജന്‍റ് ലത്തീഫ്. TH 577825 എന്ന നമ്പറിനാണ് 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.

എറണാകുളം: 2025ലെതിരുവോണം ബമ്പർ BR 105 ലോട്ടറിയുടെ ഭാ​ഗ്യശാലി നെട്ടൂര്‍ സ്വദേശിയായ സ്ത്രീ എന്ന് ഏജന്‍റ്. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ തിരുവോണം ബമ്പർ ഭാ​ഗ്യശാലി 12 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് ഏജന്‍റ് ലതീഷ് അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് അതിന് താല്പര്യമില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. വിജയ് എന്ന് കരുതുന്ന ആൾ മാധ്യമങ്ങൾക്ക് മുന്നിൽ വരില്ലെന്ന് ലതീഷ് തന്നെ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. നെട്ടൂർ സ്വദേശിയായ വനിതയ്ക്കാണ് ലോട്ടറി അടിച്ചതെന്നാണ് തന്റെ അനുമാനമെന്നും ലതീഷ് ഉറപ്പിച്ചു പറയുന്നു. TH 577825 എന്ന നമ്പറിനാണ് 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.

“അവര് പേടിച്ചിരിക്കുകയാണ്. പാവങ്ങളാണ്. അവര് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയോ പെടാതിരിക്കുകയോ എന്തോ ആകട്ടെ. അത്രയെ എനിക്ക് പറയാന്‍ പറ്റൂ. ആ സ്ത്രീയ്ക്ക് തന്നെയാണ് ലോട്ടറി അടിച്ചിരിക്കുന്നത്. അങ്ങനെയാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നതും. നാളയോ മറ്റന്നാളോ ബാങ്കില്‍ എത്തുമ്പോള്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് അറിയാനാകും. അടിച്ച ആള്‍ക്കാരുടെ വീട്ടിലെ ദുരിതങ്ങള്‍ ഭയങ്കരമാണ്. അതൊക്കെ ഓരോരുത്തര്‍ പറഞ്ഞത് കേട്ട് അവര്‍ ഭയന്നിരിക്കയാണ്. സാധാരണ സ്ത്രീയാണത്. നെട്ടൂര് തന്നെ അവരുണ്ട്”, എന്നാണ് ലതീഷ് മാധ്യമങ്ങളോട് പറഞ്ഞത്. 

ഒറ്റക്ക് താമസിക്കുന്നൊരു സ്ത്രീയാണ് ഭാഗ്യശാലിയെന്ന് തനിക്ക് ഉറപ്പാണെന്നും സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല, ബമ്പറായത് കൊണ്ട് സ്പെഷ്യലായി എടുത്തതാണെന്നും നേരത്തെ ലതീഷ് പറഞ്ഞിരുന്നു. 12 മണിയോടെ ഒരുപക്ഷേ മാധ്യമങ്ങള്‍ക്ക് മുന്നിലെത്താമെന്നും ലതീഷ് അറിയിച്ചു. 

അതേസമയം, പൂജ ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ വില്പനയ്ക്ക് എത്തിയിട്ടുണ്ട്. 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ഒരു ടിക്കറ്റിന്‍റെ വില. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം) ലഭിക്കും. നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകള്‍ക്കും നല്‍കുന്നു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്