കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓണം ബമ്പര്‍ ഭാഗ്യക്കുറിയിലൂടെ കോടിപതികളായ പതിനൊന്ന് ഭാഗ്യശാലികള്‍ ഇവരാണ്. ഇക്കൂട്ടത്തിലേക്ക് ഈ വര്‍ഷം വരുന്ന ഭാഗ്യവാന്‍ ആരാകും? TH 577825 എന്ന നമ്പറിന് ആണ് ഒന്നാം സമ്മാനമായ 25 കോടി രൂപ. 

'നാളെയാണ്..നാളെയാണ്..നാളെയാണ്..ആ സുദിനം..' ആൾക്കൂട്ടങ്ങൾക്കിടയിൽ ബസ് സ്റ്റാന്റുകളിൽ റോഡ് വക്കുകളിലെല്ലാം മുഴങ്ങി കേൾക്കുന്ന വാക്കുകളാണിത്. ഇത് കേൾക്കുമ്പോൾ ഓരോ മനുഷ്യന്റെ മനസിലൊരു പ്രതീക്ഷയാണ്. ഇന്നല്ലെങ്കിൽ നാളെ നമുക്കുമൊരു ഭാഗ്യം ഉണ്ടാകുമെന്ന പ്രതീക്ഷ. ആ നല്ല നാളയിലേക്കുള്ള പ്രതീക്ഷയിൽ ലോട്ടറി ടിക്കറ്റുകൾ എടുത്തവർ ധാരാളമാണ്. ചിലർക്ക് ഭാഗ്യം വന്നപ്പോൾ മറ്റു ചിലർക്ക് നിർഭാഗ്യവും. എന്നാലും ഭാഗ്യാന്വേഷികൾ ലോട്ടറികൾ എടുത്തു കൊണ്ടേയിരുന്നു. അത്തരത്തിൽ പ്രതീക്ഷയോടെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾ എടുത്ത് നിനച്ചിരിക്കാതെ കോടിപതികളായ നിരവധി പേരുണ്ട്. 2025ലെ ഓണം ബമ്പർ നറുക്കെടുപ്പ് നടന്നിരിക്കെ, മുൻകാലങ്ങളിലെ ആ കോടിപതികളെ ഒന്ന് പരിചയപ്പെടാം.

പാലക്കാട് സ്വദേശി മുരളീധരൻ- വർഷം 2013

2013ൽ പാലക്കാട് സ്വദേശിയായ മുരളീധരനെ തേടി ആയിരുന്നു ഓണം ബമ്പറെത്തിയത്. അന്ന് 5 കോടി രൂപയായിരുന്നു ബമ്പറിന്റെ ഒന്നാം സമ്മാനം. ടിക്കറ്റ് വില 100 രൂപയും. ഓണം ബമ്പർ അടിക്കുന്നതിന് മുൻപ് മുരളീധരന് കാരുണ്യ ഭാഗ്യക്കുറിയുടെ 25000 രൂപ അടിച്ചിരുന്നു. ഈ തുക കൊണ്ട് അദ്ദേഹം 150 ബമ്പർ ടിക്കറ്റുകളാണ് എടുത്തതെന്ന് മുരളീധരൻ മുൻപ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞിരുന്നു. 5 കോടി രൂപയിൽ 3 കോടി 12 ലക്ഷം രൂപയാണ് മുരളീധരന് ലഭിച്ചത്. നിലവിൽ ഒരു ജ്വല്ലറി നടത്തുന്ന ഇദ്ദേഹം, പമ്പാ ഗണപതി എന്ന പേരിലൊരു ലോട്ടറി ഏജൻസിയും നടത്തിയിരുന്നു.

അയ്യപ്പന്‍ പിള്ള- വർഷം 2015

2015ൽ ആയിരുന്നു തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി അയ്യപ്പൻ പിള്ളയെ ഓണം ബമ്പർ തുണച്ചത്. അന്ന് 7 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. നികുതികളെല്ലാം കഴിച്ച് 4 കോടി 40 ലക്ഷം രൂപ അയ്യപ്പൻ പിള്ളയ്ക്ക് അന്ന് കിട്ടിയിരുന്നു. തന്റെ നാല് മക്കൾക്കും ഓരോ വീടുകൾ വച്ചുനൽകിയ അയ്യപ്പൻ പിള്ള, ബാക്കി തുക വിവിധ സംഘടനകളിൽ നിക്ഷേപിച്ചു.

ഗണേശൻ- വർഷം 2016

2013ന് ശേഷം 2026ൽ വീണ്ടുമൊരു പാലക്കാട് സ്വദേശിയെ ഓണം ബമ്പർ തേടി എത്തി. പാലക്കാട് നെന്മാറ സ്വദേശിയായ ഗണേശൻ ആയിരുന്നു ആ ഭാഗ്യവാൻ. TC 788368 എന്ന നമ്പറിന് എട്ട് കോടി രൂപയായിരുന്നു ഗണേശന് അടിച്ചത്. തൃശൂരിൽ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു ഇദ്ദേഹം.

മുസ്തഫ- വർഷം 2017

മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ മുസ്തഫയെ ഭാഗ്യം തുണച്ച് 2017ലാണ്. AJ 442876 എന്ന നമ്പറിലൂടെ ആയിരുന്നു ഭാഗ്യം. 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ഇതിൽ നികുതി കഴിച്ച് 6.30 കോടി രൂപ മുസ്തഫയ്ക്ക് കിട്ടി. എന്നാൽ ലോട്ടറി അടിത്ത് അഞ്ച് വർഷത്തിനിപ്പുറം മുസ്തഫയുടെ കയ്യിൽ ഒന്നുമുണ്ടായില്ല. ഒപ്പം വീട്ടുകാരും. മുസ്തഫയുടെ ഈ ജീവിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ ഇദ്ദേഹത്തിന്റെ കയ്യിൽ ബാക്കി അവശേഷിച്ചത് 50 ലക്ഷം രൂപയായിരുന്നു. മ്യൂച്യൽ ഫണ്ടിൽ നിഷേപിച്ചത് കൊണ്ടുമാത്രം അവശേഷിച്ച് തുകയാണിത്.

വത്സല വിജയൻ- വർഷം 2018

ഓണം ബമ്പർ ഭാഗ്യക്കുറിയിലൂടെ ലോട്ടറി അടിച്ച ഏക വനിതയാണ് വത്സല(മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല). തൃശൂർ ചിറ്റിലപ്പള്ളി സ്വദേശിയായ ഇവരെ ഭാഗ്യം തേടി എത്തിയത് TB 128092 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ്. 250 രൂപയായിരുന്നു ടിക്കറ്റ് വില. 10 കോടി രൂപ ഒന്നാം സമ്മനവും. 5 കോടി 30 ലക്ഷം രൂപയായിരുന്നു വത്സലയ്ക്ക് ലഭിച്ചത്. മൂന്ന് മക്കൾക്ക് സമ്മാനത്തുക ഭാഗം വച്ച വത്സല, ബാക്കി തുകയിൽ സ്വന്തമായൊരു വീട് വച്ചു.

ആറ് സുഹൃത്തുക്കളെ തേടിയെത്തിയ ഭാഗ്യം- 2019

ആറ് സുഹൃത്തുക്കളെ തേടിയായിരുന്നു 2019ൽ ഓണം ബമ്പർ എത്തിയത്. റോണി, സുബിൻ തോമസ്, വിവേക്, റംജിൻ, രാജീവൻ, രതീഷ് എന്നിവരാണ് ഭാഗ്യവാന്മാർ. ഇവർ കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു. ഇതിൽ രാജീവൻ ഏതാനും വർഷങ്ങൾക്ക് മുൻപ് ഹൃദയാഘാതം മൂലം മരിച്ചിരുന്നു. TM 160869 എന്ന നമ്പറിലൂടെ ആയിരുന്നു ഇവരെ ഭാഗ്യം തേടി എത്തിയത്. ഒരാൾക്ക് 1.26 കോടി രൂപ വച്ച് സമ്മാനത്തുക കിട്ടി. അത്യാവശ്യത്തിന് മാത്രം തുക ചെലവാക്കിയ ഇവർ, ബാക്കി പണം എല്ലാവരും ബാങ്കിൽ നിക്ഷേപിച്ചു.

അനന്തു- 2020

2020ൽ TB 173964 എന്ന നമ്പറിലൂടെ ഭാഗ്യം തേടി എത്തിയത് അനന്തുവിനെ ആയിരുന്നു. ഇടുക്കി കട്ടപ്പന സ്വദേശിയാണ് അനന്തു. 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. അന്ന് അനന്തുവിന്റെ പെയിന്റിംഗ് തൊഴിലാളിയായ അച്ഛൻ ഓണം ബമ്പർ എടുത്തിരുന്നു. പക്ഷേ അച്ഛന് ഭാഗ്യം നഷ്ടമായി. എങ്കിലും മകനെ ഭാഗ്യദേവത കൈവിട്ടില്ല.

ജയപാലൻ- വർഷം 2021

തൃപ്പുണ്ണിത്തുറ മരട് സ്വദേശിയായ ജയപാലൻ ആയിരുന്നു 2021ലെ ഭാഗ്യശാലി. വർഷങ്ങളായി ഓട്ടോ ഓടിക്കുന്ന ജയപാലൻ സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടായിരുന്നു. ഒടുവിൽ അദ്ദേഹത്തെ തേടി ഭാഗ്യം എത്തി. 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ഇതിൽ 7 കോടി നാലര ലക്ഷം രൂപ ജയപാലന് ലഭിച്ചു. മക്കൾക്ക് വേണ്ടി സ്ഥലം വാങ്ങി വീടുവച്ച അദ്ദേഹം, ബാക്കിത്തുക ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ പലിശ മ്യൂച്വൽ ഫണ്ടിലേക്കും മാറ്റി. കോടീശ്വരനാണെങ്കിലും ജയപാലൻ ഇന്നും ഓട്ടോ ഓടിച്ച് കുടുംബം നോക്കുകയാണ്.

അനൂപ്- വർഷം 2022

2022ലായിരുന്നു ഓണം ബമ്പറിന്റെ സമ്മാനത്തുക ആദ്യമായി 25 കോടിയിലെത്തിയത്. അന്ന് ഭാഗ്യം തേടി എത്തിയത് തിരുവനന്തപുരം സ്വദേശി അനൂപിനെ ആയിരുന്നു. നറുക്കെടുപ്പ് നടന്ന് മണിക്കൂറുകൾക്കകയും പൊതുവേദിയിൽ എത്തിയ അനൂപിന്റെ ആ സമയം വളരെ മോശമായിരുന്നു. സമാധാനം നഷ്ടമായി. കടം ചോദിച്ച് വരുന്നവരുടെ ശല്യം ധാരാളമായതോടെ അനൂപിന് വീട്ടിൽ പോലും കയറാനായിരുന്നില്ല. അനൂപിന്റെ അവസ്ഥ ബിബി വരെ വാർത്തയാക്കി. നിലവിൽ രണ്ട് ഹോട്ടലുകൾ നടത്തുകയാണ് അനൂപ്. ഒപ്പം ലോട്ടറി ഏജൻസിയും തുടങ്ങിയിട്ടുണ്ട്. ഒന്ന്, രണ്ട് വീടും കുറച്ചു സ്ഥലും അനൂപ് വാങ്ങി. ബാക്കിതുക ഫിക്സഡ് ആയി ബാങ്കിൽ നിക്ഷേപിച്ചു.

നാല് സുഹൃത്തുക്കളുടെ ഭാഗ്യം- 2023

തമിഴ്നാട് സ്വദേശികളായ നാല് സുഹൃത്തുക്കൾ ആയിരുന്നു 2023ലോ ഭാഗ്യവാന്മാർ. പാണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി, നടരാജ് എന്നിവരാണ് കോടിപതികൾ. അസുഖ ബാധിതനായ സുഹൃത്തിനെ കാണാൻ വന്നപ്പോൾ വാളയാറിൽ നിന്നുമായിരുന്നു ടിക്കറ്റെടുത്തത്. നാൽവർസംഘം ടിക്കറ്റുമായി ഭാഗ്യക്കുറി ഓഫീസിൽ നേരിട്ട് എത്തി തുക കൈപ്പറ്റി. എന്നാൽ ഫോട്ടോയൊന്നും എടുക്കരുതെന്ന് ആദ്യമെ തന്നെ ഇവർ ആവശ്യപ്പെട്ടിരുന്നു.

അൽത്താഫ് - 2024

2024ലെ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ഭാഗ്യവാനായത് കര്‍ണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫ് ആണ്. TG 434222 എന്ന നമ്പറിലൂടെ 25 കോടി രൂപയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ് ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ഭാഗ്യവാനെ ഏഷ്യാനെറ്റ് ന്യൂസ് വഴി കേരളക്കര കണ്ടിരുന്നു. 15 വർഷമായി ലോട്ടറി എടുക്കുന്ന അൽത്താഫ്, വയനാട്ടിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴായിരുന്നു ഭാഗ്യ ടിക്കറ്റ് എടുത്തത്. മകളുടെ വിവാഹവും പുതിയ വീടും ആയിരുന്നു അൽത്താഫിന്റെ ആഗ്രഹം. 25 കോടിയിൽ നികുതിയെല്ലാം കഴിഞ്ഞ് 12.8 കോടി രൂപയാണ് അൽത്താഫിന് ലഭിച്ചത്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്