മുമ്പ് റോസിലിന്റെ ഭർത്താവ് വർ​ഗീസായിരുന്നു ലോട്ടറി വിറ്റിരുന്നത്. ആ സമയത്ത് തട്ടുകട നടത്തുകയായിരുന്നു റോസിലി. ഇരുവർക്കും വയ്യാതായതോടെ തട്ടുകട അവസാനിപ്പിച്ച്, ലോട്ടറി വിൽക്കാൻ റോസിലിൻ തീരുമാനിക്കുക ആയിരുന്നു.

രായിരിക്കും മൺസൂൺ ബമ്പറിന്റെ(Monsoon Bumper 2022) പത്ത് കോടി നേടിയ ഭാഗ്യശാലി? എല്ലാവരെയും പോലെ തന്നെ, കാണാമറയത്തെ ആ ഭാഗ്യശാലി ആരായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലും സന്തോഷത്തിലുമാണ് അത്താണി സ്വദേശിനി റോസിലി. ഇവരുടെ പക്കൽ നിന്നാണ് ആ ഭാഗ്യശാലി ടിക്കറ്റ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ഇരുപത് വർഷമായി ലോട്ടറി വിൽപ്പന നടത്തുന്നുണ്ടെങ്കിലും ഇതാദ്യമായാണ് റോസിലി വിറ്റ ടിക്കറ്റിന് വലിയ തുക സമ്മാനം അടിക്കുന്നത്. അതുകൊണ്ട് തന്നെ സന്തോഷം ഇരട്ടിയായിരിക്കുമല്ലോ?. വിൽക്കുന്നത് ഭാ​ഗ്യമാണെങ്കിലും കഷ്ടപ്പാടും ദുരിതവും നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് ഈ കൊച്ചു കുടുംബത്തിന്റെ യാത്ര. 

"നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ലോട്ടറി വിൽക്കുന്നത്. എയർപോർട്ടിൽ ആയത് കൊണ്ട് തന്നെ ടിക്കറ്റെടുക്കാൻ പതിവുകാരൊന്നും ഇല്ല. അത്തരത്തിലാണ് ഈ ബമ്പർ ടിക്കറ്റും വിറ്റ് പോയത്. വിദേശത്ത് നിന്നും വന്ന ആരോ ആണ് ടിക്കറ്റെടുത്തതെന്ന് തോന്നുന്നു. ലോട്ടറി അടിക്കുവാണേൽ എനിക്ക് പകുതി പൈസ തരാമെന്ന് പറഞ്ഞ് പോയ ആളാണ് ടിക്കറ്റ് എടുത്തതെന്ന് ഓർക്കുന്നുണ്ട്. മറ്റൊന്നും അറിയില്ല. നറുക്കെടുപ്പിന് ഒരാഴ്ച മുമ്പാണ് ടിക്കറ്റ് വിറ്റത്. മറ്റൊരാൾക്കൊപ്പം ഞങ്ങൾക്കും ഭാ​ഗ്യം ലഭിച്ചതിൽ സന്തോഷമാണ്", റോസിലിൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

മുമ്പ് റോസിലിന്റെ ഭർത്താവ് വർ​ഗീസായിരുന്നു ലോട്ടറി വിറ്റിരുന്നത്. ആ സമയത്ത് തട്ടുകട നടത്തുകയായിരുന്നു റോസിലി. ഇരുവർക്കും വയ്യാതായതോടെ തട്ടുകട അവസാനിപ്പിച്ച്, ലോട്ടറി വിൽക്കാൻ റോസിലിൻ തീരുമാനിക്കുക ആയിരുന്നു. "ഞങ്ങൾക്ക് രണ്ട് പേർക്കും സുഖമില്ലാത്തതാണ്. എനിക്ക് കാലിൽ രണ്ട് ഓപ്പറേഷനൊക്കെ കഴിഞ്ഞതാണ്. കലിൽ നല്ല നീരൊക്കെ ആയിരുന്നു. ഇതിനിടയിലാണ് ഞാൻ കച്ചവടം നടത്തിയത്. ഹൃദയത്തിന് പ്രശ്നമുള്ള ആളാണ് ഭർത്താവ്", റോസിലിൻ പറയുന്നു.

അത്താണിയിലെ ഹയർ സെക്കണ്ടറി സ്‌കൂളിനു സമീപം ദേശീയ പാതയോരത്തെ പുറമ്പോക്കിലാണ് റോസിലിനും വർ​ഗീസും ഒരു മകനും താമസിക്കുന്നത്. കൂലിപ്പണിക്കാരനാണ് മകൻ. ലോട്ടറി വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനവും മകന്റെ ശമ്പളവും കൊണ്ടാണ് നിലവിൽ ഈ കുടുംബം കഴിഞ്ഞുപോകുന്നത്. 

Vishu Bumper : 'ഒരു രൂപയ്ക്ക് വരെ അലഞ്ഞ ദിവസങ്ങൾ ഉണ്ട്'; പത്തുകോടി വിറ്റ ദമ്പതികളുടെ ജീവിത യാത്ര

"ഓടുമേഞ്ഞ വീട് കാലപ്പഴക്കത്തിൽ ചോർന്നൊലിച്ച അവസ്ഥയാണ്. മഴ വന്നാൽ വെള്ളം തുടച്ച് കളയാൻ മാത്രമേ എനിക്ക് നേരമുള്ളൂ മോളേ. ഇതിൽ നിന്നൊരു മോചനത്തിന് വേണ്ടിയാണ് പഞ്ചായത്തിൽ വീടിന് വേണ്ടി അപേക്ഷിച്ചത്. എന്നാൽ ഞങ്ങൾക്ക് കിട്ടില്ലെന്ന് പറഞ്ഞ് അവർ പറഞ്ഞയക്കുകയാണ് ചെയ്തത്. വർഷങ്ങളോളം ഞങ്ങൾ വാടകയ്ക്ക് ആയിരുന്നു താമസിച്ചിരുന്നത്. പിന്നീട് ഒരാളുടെ കയ്യിൽ നിന്നും ഞങ്ങളുടെ മോൾ ഈ വസ്തു വാങ്ങിച്ച് തന്നു. കിടക്കാൻ പറ്റുന്ന കാലം കഴിയാല്ലോ എന്ന് കരുതിയാണ് വാങ്ങിയത്. അതിപ്പോൾ ചോർന്നൊലിക്കാൻ തുടങ്ങി. രണ്ട് പെൺമക്കളും ഒരാണും ആണ് ഞങ്ങൾക്കുള്ളത്. പെൺമക്കളുടെ വിവാഹം കഴിഞ്ഞു. അതിൽ കടമുണ്ട്. മകൻ ഞങ്ങൾക്കൊപ്പം തന്നെയാണ്. കമ്മീഷനിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ ഇപ്പോൾ. 5 സെന്റ് സ്ഥലം വാങ്ങി വീട് വച്ചു താമസിക്കണമെന്നാണ് ആ​ഗ്രഹം", റോസിലിൻ പറയുന്നു.

ഈ സന്തോഷത്തിനിടയിലും ഓണം ബമ്പർ വിൽക്കാനുള്ള തയ്യാറെടുപ്പിലാണ് റോസിലിൻ ഇപ്പോൾ. 500 രൂപയാണ് ടിക്കറ്റ് വില. അതിന്റെ ഒരു ആശങ്കയുണ്ട്. എന്നാലും വിദേശത്ത് നിന്നും വരുന്നവർ ലോട്ടറി എടുക്കുമെന്നാണ് പ്രതീക്ഷയെന്നും റോസിലി വ്യക്തമാക്കി. 

ഒരു കോടി 20 ലക്ഷം രൂപയാണ് മൺസൂൺ ബമ്പർ ടിക്കറ്റ് വിറ്റ കച്ചവടക്കാർക്ക് ലഭ്യമാകുക. ഭാ​ഗ്യശാലിക്ക് 6 കോടിയോളം രൂപയും. MA 235610 എന്ന ടിക്കറ്റിനാണ് പത്ത് കോടി ലഭിച്ചത്. രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപ MG 456064 എന്ന നമ്പർ ടിക്കറ്റിനാണ്. മൂന്നാം സമ്മാനം MA 372281 എന്ന നമ്പറിനാണ്. ഉടൻ തന്നെ 

അതേസമയം, മൺസൂൺ ബമ്പർ ഭാ​ഗ്യശാലി ഇപ്പോഴും കാണാമറയത്ത് തന്നെയാണ്. ആ ഭാ​ഗ്യശാലി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് റോസിലിയോടൊപ്പം കേരളക്കരയും. ഭാ​ഗ്യശാലിയെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമായിട്ടില്ലെന്നാണ് ടിക്കറ്റ് വിൽപ്പന നടത്തിയ സഹായി ലോട്ടറി ഏജന്റ് സിറിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചത്.