ഒന്നാം സമ്മാനം ലഭിച്ചതോടെ നാട്ടിലേക്ക് മടങ്ങാനാണ് ഇമാം ഹുസൈന്റെ ഇപ്പോഴത്തെ തീരുമാനം.

പാ​ല​ക്കാ​ട്: കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയ ഇതര സംസ്ഥാന തൊഴിലാളി(migrant worker) പൊലീസ് സ്റ്റേഷനിൽ(police station) അഭയം തേടി. നിര്‍മല്‍ ഭാഗ്യക്കുറിയുടെ(nirmal lottery) 70 ലക്ഷം രൂപ ലഭിച്ച പശ്ചിമബംഗാള്‍ സ്വദേശി ഇമാം ഹുസൈനാണ് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. വെള്ളിയാഴ്ച ആയിരുന്നു നറുക്കെടുപ്പ് നടന്നത്.

നിര്‍മ്മാണ തൊഴിലാളിയായി കേരളത്തിൽ എത്തിയ ആളാണ് ഇമാം ഹുസൈൻ. പതിവായി ലോട്ടറി എടുക്കാറുള്ള ഹുസൈൻ കോ​ട്ട​പ്പ​ള്ള​യി​ലെ ഏ​ജ​ൻ​സി​യി​ൽ ​നി​ന്നാണ് സമ്മാനാർഹമായ ലോട്ടറി എടുത്തത്. പതിവുപോലെ കഴിഞ്ഞ ദിവസവും ടിക്കറ്റിന്റെ ഫലം പരിശോധിച്ചപ്പോഴാണ് തനിക്ക് സമ്മാനം ലഭിച്ച വിവരം ഹുസൈൻ അറിയുന്നത്. ഉള്ളിലെ സന്തോഷമൊന്നും പുറത്തു കാണിക്കാതെ ഇയാൾ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിവരം പറയുക ആയിരുന്നു. 

Read Also: സ്ത്രീ ശക്തി SS-283 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

ഉടൻ തന്നെ നാട്ടുകല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും സി ഐ സിജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഉദ്യോ​ഗസ്ഥർ എത്തി ഹുസൈനെ വാഹനത്തില്‍ കയറ്റി. അപ്പോഴാണ് നാട്ടുകാരും ലോട്ടറി ഏജന്റുമെല്ലാം വിവരമറിയുന്നത്. പിന്നാലെ ടിക്കറ്റ് പൊലീസിനെ ഏല്‍പ്പിച്ച ഹുസൈൻ, വീട്ടുകാരോടും സുഹൃത്തുക്കളോടും തന്റെ ഭാ​ഗ്യവിവരം പങ്കുവയ്ക്കുകയും ചെയ്തു.

കടമെല്ലാം വീട്ടണമെന്നും നല്ലൊരു വീട് വയ്ക്കണമെന്നുമാണ് ഹുസൈന്റെ ആ​ഗ്രഹം. അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടുന്ന ചെറിയ കുടുംബമാണ് ഇദ്ദേഹത്തിന്റേത്. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. ഒന്നാം സമ്മാനം ലഭിച്ചതോടെ നാട്ടിലേക്ക് മടങ്ങാനാണ് ഇമാം ഹുസൈന്റെ ഇപ്പോഴത്തെ തീരുമാനം.