കൊറോണ വൈറസ് എന്ന മഹാമാരി ലോകമെമ്പാടുമായി ആളുകളുടെ ജീവന്‍ അപഹരിച്ചുകൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം ദിനംപ്രതിയെന്നോണം വര്‍ധിക്കുന്നു. വർദ്ധിച്ചുവരുന്ന രോഗികളും, മരണനിരക്കും നോക്കിയാൽ, വാക്സിനേഷന്റെ ആവശ്യകത എത്രത്തോളമാണ് എന്ന് നമുക്ക് മനസ്സിലാക്കാം. എന്നാൽ, കൊറോണ വൈറസ് വാക്സിനുകൾ നിർമ്മിക്കുന്നതിന് അഞ്ചുലക്ഷത്തോളം സ്രാവുകളെ കൊല്ലേണ്ടിവരുമെന്നാണ് സമീപകാലത്തിറങ്ങിയ ചില റിപ്പോർട്ടുകൾ പറയുന്നത്.  

ചില കൊറോണ വൈറസ് വാക്സിൻ നിര്‍മ്മിക്കാനായി വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഘടകമാണ് സ്ക്വാലീൻ. സ്രാവുകളുടെ കരളിൽ കാണപ്പെടുന്ന പ്രകൃതിദത്ത എണ്ണയാണിത്. രോഗപ്രതിരോധം വർദ്ധിപ്പിക്കാനാണ് നിലവിൽ സ്ക്വാലീൻ വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ വാക്സിനുകളുടെ ഫലപ്രാപ്തി കൂട്ടാൻ ഇതിനാകുമെന്ന് കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ 'ഗ്ലാക്സോ സ്മിത്ത്ക്ലൈൻ' അവരുടെ ഫ്ലൂ വാക്സിനുകളിൽ സ്ക്വാലീൻ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൊറോണ വൈറസ് വാക്സിനുകൾ നിർമ്മിക്കുന്നതിനായി സ്ക്വാലീന്റെ ഒരു ബില്യൺ ഡോസ് നിർമ്മിക്കുമെന്ന് കമ്പനി അടുത്തിടെ രേഖപ്പെടുത്തുകയുമുണ്ടായി.   

കാലിഫോർണിയ ആസ്ഥാനമായുള്ള സംഘടനയായ Shark Allies പറയുന്നത്, 'ലോകജനതയ്ക്ക് സ്രാവിന്‍റെ കരളില്‍ നിന്നുള്ള ഈ എണ്ണ അടങ്ങിയ ഒരൊറ്റ ഡോസ് കൊറോണ വൈറസ് വാക്സിൻ നൽകാനായി 250,000 സ്രാവുകളെ അറുക്കേണ്ടതുണ്ട്' എന്നാണ്. ആഗോള ജനസംഖ്യയുടെ പ്രതിരോധത്തിന് നമുക്ക് രണ്ട് ഡോസുകൾ ആവശ്യമായി വന്നാൽ, അഞ്ച് ലക്ഷം സ്രാവുകളെ കൊല്ലേണ്ടി വരുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. അത്തരമൊരു മനുഷ്യത്വരഹിതമായ പ്രവൃത്തി ഒഴിവാക്കാൻ, ശാസ്ത്രജ്ഞർ സ്ക്വാലീന് പകരം മറ്റേതെങ്കിലും ഉപയോഗിക്കാമോ എന്ന് പരിശോധിച്ചു വരികയാണ്. 'ഇതിന്റെ പേരിൽ മൃഗങ്ങളെ കൊന്നൊടുക്കുന്നത് ഒരു പോംവഴിയല്ല' Shark Allies -ന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സ്റ്റെഫാനി ബ്രെൻഡൽ പറഞ്ഞു.  

സൗന്ദര്യവർദ്ധകവസ്തുക്കളിലും, യന്ത്രങ്ങളിലും ഉപയോഗിക്കുന്ന എണ്ണയായ സ്ക്വാലീൻ വേർതിരിച്ചെടുക്കുന്നതിനായി പ്രതിവർഷം 30 ലക്ഷം സ്രാവുകളെയാണ് കൊലപ്പെടുത്തുന്നത് എന്നും പരിസ്ഥിതി പ്രവർത്തകർ വിലയിരുത്തുന്നു. ഇന്ന് സ്രാവുകൾ വംശനാശഭീഷണിയുടെ വക്കിലാണ്. കരൾ എണ്ണയുടെ പെട്ടെന്നുള്ള വർദ്ധനവ് സ്രാവുകളെ കൂടുതൽ അപകടത്തിലാകുമോ എന്നും, മറ്റ് ജീവജാലങ്ങൾക്കും ഇതൊരു  ഭീഷണിയാകുമോ എന്നും പരിസ്ഥിതി പ്രവർത്തകർ ആശങ്കപ്പെടുന്നു.