ഒരു കുടുംബം കഴിഞ്ഞ അഞ്ച് വർഷമായി ഒരു യുവതിയെ കൂട്ടിൽ പൂട്ടിയിട്ടിരിക്കയാണ്. അതിന് അവർ പറയുന്ന ന്യായം അവളുടെ മാനസികാസ്വാസ്ഥ്യം ചികിത്സിച്ചു ഭേദമാക്കാനുള്ള പണം അവരുടെ കയ്യിലില്ലെന്നതാണ്. 29 -കാരിയായ ബെബെ, ഫിലിപ്പൈൻസിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. അടുത്തുള്ള ഒരു കടയിൽ ജോലി ചെയ്യുകയുമായിരുന്ന അവളുടെ ആഗ്രഹം ഒരു മോഡൽ ആകണമെന്നതായിരുന്നു. എന്നാൽ, 2014 -ൽ അവൾക്ക് കടുത്ത വിഷാദരോഗം ബാധിച്ചു. തുടർന്ന് സ്വബോധമില്ലാതെ പെരുമാറിയ അവളെ നീഗ്രോസ് ഒക്സിഡന്റൽ പ്രവിശ്യയിലെ ഒരു ആശുപത്രിയിലെ മാനസികരോഗവിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഒരു വർഷത്തെ ചികിത്സയ്ക്കുശേഷം ക്രമേണ അവളുടെ നില മെച്ചപ്പെട്ടു. ഡോക്ടർമാർ അവളുടെ രോഗം പെട്ടെന്നുതന്നെ സുഖപ്പെടുമെന്ന്   വിശ്വസിച്ചു. അവളുടെ മാറ്റം കണ്ട് ഡോക്ടർമാർ അവളോട് വീട്ടിലേയ്ക്ക് പൊയ്‌ക്കൊള്ളാനും പറഞ്ഞു. എന്നാൽ, കാര്യങ്ങൾ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. 2015 -ൽ അവളുടെ പിതാവ് രോഗബാധിതനായി. കുടുംബത്തിന് ബെബെയെ ചികിത്സയ്ക്കാനുള്ള തുക കണ്ടെത്താൻ കഴിയാതായി. അവർ മരുന്നുകൾ നിർത്തി. അതോടെ അവളിൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി.  

ബെബെ അക്രമാസക്തയാകാൻ തുടങ്ങി. ഒടുവിൽ സ്വരക്ഷയ്ക്കായി കുടുംബം അവളെ പൂട്ടിയിടാൻ നിർബന്ധിതരായതായി എന്ന് കുടുംബസുഹൃത്തായ ഗ്ലൈസൽ ബുള്ളോസ് പറഞ്ഞു. 'ചില സമയങ്ങളിൽ ബെബെ കൈയിൽ കിട്ടുന്നതൊക്കെ എടുത്ത് അയൽവാസികൾക്ക് നേരെ എറിയുകയും, വീടിനു പുറത്ത് അലഞ്ഞുനടക്കുകയും ചെയ്യും' ഗ്ലൈസൽ പറഞ്ഞു. ഒരുതവണ അവളെ കാണാതായി. ഒരാഴ്ചയാണ് കുടുംബം അവളെ അന്വേഷിച്ചു നടന്നത്. ഒടുവിൽ പൊലീസ് അവളെ തിരഞ്ഞു കണ്ടെത്തുകയായിരുന്നു. ഇനിയും ബെബെ ഇറങ്ങിപ്പോയാലോ എന്ന് ഭയന്ന വീട്ടുകാർ അവളെ ഒരു ചെറിയ കൂട്ടിൽ അടച്ചു.  

എന്നാൽ, ഇപ്പോഴവളുടെ നില പരിതാപകരമാണ്. അവൾക്ക് അഴികൾക്കിടയിലൂടെയാണ് ആഹാരം നൽകുന്നത്. അവളുടെ വസ്ത്രങ്ങൾ എല്ലാം കീറിപ്പറിഞ്ഞിരിക്കുന്നു. വെറുതെ ഇരിക്കുമ്പോൾ അവൾ വസ്ത്രങ്ങൾ കടിച്ചു പൊട്ടിക്കുകയും വായിലിട്ട് ചവച്ചു തുപ്പുകയും ചെയ്യുന്നു. അങ്ങനെയായപ്പോൾ പിന്നീട് കുടുംബം അവൾക്ക് ചാക്ക് കൊണ്ടുള്ള വസ്ത്രം ഉണ്ടാക്കി നൽകി. അവളെ പൂട്ടിയിട്ടിരിക്കുന്നത് അവളെ സ്നേഹമില്ലാത്തതുകൊണ്ടല്ല മറിച്ച് അവൾ സ്വയം ഉപദ്രവികാതിരിയ്ക്കാനാണ് എന്നാണ് കുടുംബം പറയുന്നത്. ബെബെയെ ചികിത്സിയ്ക്കാനായി പണം നൽകി സഹായിക്കണമെന്ന് ഗ്ലിസെൽ ആളുകളോട് അഭ്യർത്ഥിക്കുന്നു. “മെഡിക്കൽ സേവനങ്ങൾ ചെലവേറിയതാണ്, പ്രത്യേകിച്ച് ഒരു സ്വകാര്യ മാനസിക സ്ഥാപനത്തിൽ... ബെബെയെ അവളുടെ പഴയകാലത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങളെ സഹായിക്കാൻ തയ്യാറാവുന്ന ആളുകളുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു" അദ്ദേഹം പറഞ്ഞു.

(ആദ്യചിത്രം പ്രതീകാത്മകം)