സിംഗപ്പൂരിലെ പാണ്ടൻ റിസർവോയറിൽ മുതലയെ കണ്ടെന്ന തരത്തിൽ എഐ ഉപയോഗിച്ച് വ്യാജ ചിത്രം നിർമ്മിച്ച് സുഹൃത്തിന് അയച്ച യുവാവ് നിയമക്കുരുക്കിൽ. ചിത്രം വൈറലായതോടെ ജല-കായിക മത്സരങ്ങൾ നിർത്തിവച്ച് അധികൃതർ തിരച്ചിൽ നടത്തിയിരുന്നു. വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും തെളിവ് നശിപ്പിച്ചതിനും ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇയാൾ നേരിടുന്നത്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ ഒരു മുതലയുടെ വ്യാജ ചിത്രം ഉണ്ടാക്കി സഹപ്രവർത്തകന് അയച്ചതിന്‍റെ പേരിൽ സിംഗപ്പൂരിൽ ഒരാൾ നിയമനടപടി നേരിടുന്നു. ചെറിയൊരു തമാശയായി തുടങ്ങിയ സംഭവം പിന്നീട് വൻവാർത്തയായി മാറുകയും പ്രദേശത്തെ ജല - കായിക മത്സരങ്ങൾ അടക്കം നിർത്തി വച്ചുള്ള വിശദമായ പരിശോധനയ്ക്കും കാരണമായി. ഇതോടെ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നടക്കമുള്ള കേസുകളാണ് യുവാവ് നേരിടുന്നത്.

ഒരു എഐ ചിത്രം വരുത്തിയ 'പണി'!

ഓഗസ്റ്റ് 20 -ന് ഇന്തോനേഷ്യൻ പൗരനായ യെ ലിൻ, സിംഗപ്പൂരിലെ പാണ്ടൻ റിസർവോയറിൽ മുതലയെ കണ്ടെന്ന തരത്തിൽ, എഐ ഉപയോഗിച്ച് ഒരു ചിത്രം തയ്യാറാക്കി സഹപ്രവർത്തകന് അയച്ച് കൊടുത്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചിത്രം ലഭിച്ചതിനെ തുടർന്ന് സിംഗപ്പൂരിന്‍റെ ദേശീയ ജല ഏജൻസിയായ പബിന് (Public Utilities Board) പാണ്ടൻ റിസർവോയറിലെ മുതലയുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചു. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. റിസർവോയർ പ്രദേശത്ത് മുതലയെ കണ്ടെത്താനും പിടികൂടാനുമായി വൻ തിരച്ചിൽ ആരംഭിച്ചു.

സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി സിംഗപ്പൂർ റോയിംഗ് അസോസിയേഷനും സിംഗപ്പൂർ കനോയി ഫെഡറേഷനും റിസർവോയറിലെ ജല- കായിക പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകി. ഒരു ദിവസം മുഴുവനും നടത്തിയ തിരച്ചിലിന് ശേഷം 21 -ാം തിയതി ചിത്രം വ്യാജമാണെന്ന് പബ് സ്ഥിരീകരിച്ചു. സുഹൃത്തിന് ചിത്രം അയച്ചതിന് പിന്നാലെ ലിൻ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങൾ തന്‍റെ മൊബൈലിൽ നിന്നും നീക്കം ചെയ്തതായും ജെമിനി ആപ്പിലെ ലോഗ് ചരിത്രം മായ്ച്ച് കളഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. വ്യാജ വാർത്ത സംബന്ധിച്ച് പബ് അധികൃതർ തന്നെയാണ് പോലീസിൽ പരാതി നൽകിയത്.

ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

ഇത്തരം തെറ്റായ വിവരങ്ങൾ സമൂഹത്തിൽ പ്രചരിക്കുന്നത് പൊതുജനങ്ങളിൽ ഭയവും ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതിനൊപ്പം, ഇത്തരം വ്യാജ സന്ദേശങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാർ വിഭവങ്ങൾ അനാവശ്യമായി വിനിയോഗിക്കേണ്ടിവരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സംഗതി പോലീസ് കേസായതോടെ, വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനും നീതിനടപടികൾ തടസ്സപ്പെടുത്തിയതിനുമുള്ള കുറ്റങ്ങൾ സമ്മതിക്കുന്നുവെന്ന് ലിൻ, കോടതിയെ അറിയിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. കേസ് നവംബറിൽ വീണ്ടും പരിഗണിക്കാനായി കോടതി മാറ്റിവച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഒരു കുറ്റത്തിന് പരമാവധി മൂന്ന് വർഷം തടവും ഏകദേശം 7.4 ലക്ഷം രൂപ പിഴയുമോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. നീതിനടപടി തടസ്സപ്പെടുത്തിയെന്ന കുറ്റം തെളിഞ്ഞാൽ പരമാവധി ഏഴ് വർഷം തടവും ലിൻ നേരിടേണ്ടിവരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.