Asianet News MalayalamAsianet News Malayalam

പെണ്ണ് മിണ്ടിയാല്‍ തെറിയുമായെത്തുന്ന ഫേസ്ബുക്ക് ആണ്‍പടയുടെ ഉള്ളിലെന്ത്?

ഓണ്‍ലൈന്‍ ഇടത്തില്‍ പെണ്ണുടലുകള്‍ പരസ്യമായി പിച്ചി ചീന്തിയെറിയപ്പെടുന്നത് വെളിപ്പെടുത്തുന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ മനോഭാവം മാത്രമല്ല. ആണധികാരം എക്കാലത്തും സ്ത്രീകളെ നിശ്ശബ്ദരാക്കാന്‍ ഉപയോഗിച്ചിട്ടുള്ള കുറുക്കുവഴിയാണ് അവളുടെ ശരീരത്തിലേക്കുള്ള അശ്‌ളീല എത്തിനോട്ടം.

Ameera Ayshabeegum on facebook lynching on women
Author
Thiruvananthapuram, First Published Feb 19, 2018, 11:56 PM IST

ഓണ്‍ലൈന്‍ ഇടത്തില്‍ പെണ്ണുടലുകള്‍ പരസ്യമായി പിച്ചി ചീന്തിയെറിയപ്പെടുന്നത് വെളിപ്പെടുത്തുന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ മനോഭാവം മാത്രമല്ല. ആണധികാരം എക്കാലത്തും സ്ത്രീകളെ നിശ്ശബ്ദരാക്കാന്‍ ഉപയോഗിച്ചിട്ടുള്ള കുറുക്കുവഴിയാണ് അവളുടെ ശരീരത്തിലേക്കുള്ള അശ്‌ളീല എത്തിനോട്ടം. ഈ സമൂഹത്തിന്റെ സദാചാര ബോധം ഒന്നാകെ കെട്ടിപ്പൊക്കിയിരിക്കുന്നത് സ്ത്രീ ശരീരങ്ങളുടെ മേല്‍ മാത്രം അടിച്ചേല്‍പിക്കപ്പെട്ട പവിത്രതയുടെ അടിത്തറയിലാണ്. ആ പവിത്രതാ സങ്കല്‍പം ആണധികാര വ്യവസ്ഥയ്ക്കുള്ള വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ചപ്പോള്‍ സ്ത്രീ ശരീരങ്ങളോടുള്ള അതിക്രമങ്ങള്‍ ഓരോന്നും അധികാരപ്രകടനങ്ങള്‍ കൂടെ ആയി മാറി.

Ameera Ayshabeegum on facebook lynching on women

'ജനാധിപത്യ സംവാദത്തിനുള്ള ഇടങ്ങള്‍' എന്നതാണ് ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകളെ ഇത്രമേല്‍ പ്രിയതരമാക്കിയത്. പ്രിന്റ് മീഡിയ നടത്തിപ്പുകാരുടെ കനിവില്‍ സ്വന്തം ആശയങ്ങള്‍ മഷിപുരളുന്നത് കാത്തിരിക്കേണ്ടി വരാതെ അവനവനിടങ്ങളില്‍ നിന്ന് ലോകത്തോട് സംസാരിച്ചു കൊണ്ടേയിരിക്കാമെന്നത് ഓരോ ദിവസവും ഈ സ്‌പേസിലേക്കു കടന്നു വരുന്നവരുടെ എണ്ണം കൂട്ടി. സ്ത്രീയെ സംബന്ധിച്ചിടത്തോളം തുറവികള്‍ കുറവാണെന്നത് കൊണ്ട് തന്നെ ഫേസ്ബുക്ക് അവര്‍ക്കു നല്‍കിയത് ഒരു വിമോചന പാത തന്നെയാണ്. വിവാഹത്തോടെ എഴുത്തിന്റെയും വായനയുടെയും ദുനിയാവിനോട് വിട ചൊല്ലി പോയവര്‍ പോലും തിരികെയെത്തി. മനസ്സില്‍ ബന്ധനസ്ഥമാക്കി വെച്ചിരുന്ന അക്ഷരപ്രാവുകളെ സ്വതന്ത്രമാക്കി ആകാശത്തിലേക്കു പറത്തി വിടുന്ന മനോഹര കാഴ്ച കണ്ട് സമൂഹം അതിശയിച്ചു നിന്നു.

എന്നാല്‍ പിടിച്ചുപറിക്കാരും, പീഡന വീരന്മാരും ലഹരിക്കടിമപ്പെട്ടവരും മാനസിക വൈകല്യങ്ങളുള്ളവരും തിങ്ങി പാര്‍ക്കുന്ന ഏതൊരു തെരുവിലെയും പോലെ ഫേസ്ബുക്ക് വളവുകളിലും തിരിവുകളിലും അവള്‍ അപമാനിക്കപ്പെടുകയും കയ്യേറ്റം ചെയ്യപ്പെടുകയും വസ്ത്രാക്ഷേപിതയാകുകയും ചെയ്യുന്നു.

ഓണ്‍ലൈന്‍ ഇടത്തില്‍ പെണ്ണുടലുകള്‍ പരസ്യമായി പിച്ചി ചീന്തിയെറിയപ്പെടുന്നത് വെളിപ്പെടുത്തുന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ മനോഭാവം മാത്രമല്ല

സ്ത്രീ വിരുദ്ധത അവര്‍ക്കുമാത്രമല്ല
തെറി പറച്ചില്‍ സംസ്‌കാരത്തെ നോര്‍മലൈസ് ചെയ്യുന്ന ഒരു മനോഭാവം നമ്മുടെ വിര്‍ച്വല്‍ ലോകത്തെ വിഴുങ്ങി തുടങ്ങുന്നുണ്ട്. അംഗീകരിക്കാന്‍ പറ്റാത്ത രാഷ്ട്രീയ സാമൂഹിക ബോധ്യങ്ങളുമായി കലഹിക്കുമ്പോള്‍, വാദങ്ങള്‍ക്ക് ക്ഷാമം നേരിടുമ്പോള്‍, സ്വന്തം ആശയ തെളിമ കൊണ്ട് അപ്പുറം നില്‍ക്കുന്നവരെ ജയിക്കാനാകാതെ വരുമ്പോള്‍ അക്ഷരങ്ങള്‍ സ്വാതിക ഭാവം വെടിഞ്ഞു പച്ചഇറച്ചിയില്‍ ആഞ്ഞിറങ്ങുന്ന വാളുകളായി രൂപാന്തരം പ്രാപിക്കുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ ദൃശ്യമാകുന്നത്.

പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങി എന്നതിന്റെ പേരില്‍ രമയും ജസ്ലയും വാക്അധിക്ഷേപങ്ങള്‍ക്കു ഇരയാകുന്നു എന്ന പോസ്റ്റുുകള്‍ പലയിടങ്ങളില്‍ കണ്ടു. ശരിയാണ്...നൂറു ശതമാനം യോജിക്കുന്നു. സിപിഎമ്മിനേയും കോണ്‍ഗ്രസിനെയും സ്ത്രീ വിരുദ്ധതാ കുറ്റം ചുമത്തി പ്രതികൂട്ടില്‍ കേറ്റി നിര്‍ത്തിയിട്ടുണ്ട്. രമയ്ക്കു നേരെയുള്ള വിഷം ചീറ്റല്‍ നടക്കുമ്പോള്‍ തന്നെ അപ്പുറത്തു വെക്കാനും ഒരാളെ കിട്ടിയത് കൊണ്ട് ചൂടേറിയ വാദപ്രതിവാദങ്ങളും അരങ്ങേറുന്നുണ്ട്. നല്ലത്. വീണ്ടു വിചാരം എല്ലാവര്‍ക്കും വേണ്ടുന്ന ഒന്ന് തന്നെ...

എന്നാല്‍ രമ എന്ന ആര്‍ എം പിക്കാരിക്കെതിരെ അല്ലെങ്കില്‍ ജസ്ല എന്ന കെ. എസ് യുക്കാരിക്കെതിരെ എന്ന നിലയില്‍ ചുരുക്കേണ്ടതില്ല ഇവിടുത്തെ സ്ത്രീ വിരുദ്ധ നിലപാടുകള്‍, തെറിവിളികള്‍, ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍.

പ്രതികരിക്കുന്ന സ്ത്രീയോട്, നിലപാടുകളുള്ള സ്ത്രീകളോട്, മൗനം ആഭരണമാണെന്നു ധരിക്കാത്ത പെണ്ണുങ്ങളോട്...

സ്വന്തം നിലപാടുകളുടെ ശബ്ദം, സമ്മിശ്രമായി പ്രതികരിക്കും എന്നുറപ്പുള്ള ഒരു സമൂഹത്തെ കേള്‍പ്പിക്കുന്ന ഏതൊരു സ്ത്രീയും വ്യക്തമായ രാഷ്ട്രീയം ഉള്ളവരാണ്. ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും രാഷ്ട്രീയം മുന്നോട്ട് വെക്കുന്നവര്‍. അവര്‍എല്ലാകാലത്തും ഈ സൈബര്‍ സ്‌പേസില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. വീട്ടമ്മമാര്‍ മുതല്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വരെ ഇവിടെ വാക്കുകള്‍ കൊണ്ടുള്ള ബലാത്സംഗത്തിനു ഇരയായിട്ടുണ്ട്.

പുരുഷനെ ആക്രമിക്കാനും തളര്‍ത്താനും അവന്റെ വീട്ടിലെ പെണ്ണുങ്ങളെ പറയുക എന്നത് തന്നെ ആണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ മത സാമുദായിക ഭേദമന്യേ എല്ലാരും സ്വീകരിക്കുന്ന എളുപ്പ വഴി.

ആണധികാരത്തിന്റെ അശ്‌ളീലം
എന്നാല്‍ ഓണ്‍ലൈന്‍ ഇടത്തില്‍ പെണ്ണുടലുകള്‍ പരസ്യമായി പിച്ചി ചീന്തിയെറിയപ്പെടുന്നത് വെളിപ്പെടുത്തുന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ മനോഭാവം മാത്രമല്ല. ആണധികാരം എക്കാലത്തും സ്ത്രീകളെ നിശ്ശബ്ദരാക്കാന്‍ ഉപയോഗിച്ചിട്ടുള്ള കുറുക്കുവഴിയാണ് അവളുടെ ശരീരത്തിലേക്കുള്ള അശ്‌ളീല എത്തിനോട്ടം. ഈ സമൂഹത്തിന്റെ സദാചാര ബോധം ഒന്നാകെ കെട്ടിപ്പൊക്കിയിരിക്കുന്നത് സ്ത്രീ ശരീരങ്ങളുടെ മേല്‍ മാത്രം അടിച്ചേല്‍പിക്കപ്പെട്ട പവിത്രതയുടെ അടിത്തറയിലാണ്. ആ പവിത്രതാ സങ്കല്‍പം ആണധികാര വ്യവസ്ഥയ്ക്കുള്ള വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ചപ്പോള്‍ സ്ത്രീ ശരീരങ്ങളോടുള്ള അതിക്രമങ്ങള്‍ ഓരോന്നും അധികാരപ്രകടനങ്ങള്‍ കൂടെ ആയി മാറി.

അതിന്റെ ഏറിയും കുറഞ്ഞുമുള്ള പ്രകടനങ്ങള്‍ തന്നെ ആണ് സോഷ്യല്‍  മീഡിയയിലും അരങ്ങേറുന്നത്. സ്ത്രീകളുടെ രാഷ്ട്രീയ ചായ്വ്, താല്‍പര്യങ്ങള്‍, ബന്ധങ്ങള്‍ എല്ലാം കൂടെ കണക്കിലെടുത്താകും ആക്രമണങ്ങളുടെ മുന കൂര്‍പ്പിക്കുന്നത് എന്ന് മാത്രം. ഒരു പ്രൊഫൈലില്‍ സ്ത്രീ സംരക്ഷകര്‍ ആയി അവതരിക്കുന്നവര്‍ എതിര്‍ ചേരിയില്‍ നില്‍ക്കുന്ന ആളുടെ പ്രൊഫൈലില്‍ സംഹാരതാണ്ഡവം ആടുന്നത് കണ്ടാല്‍ അറിയാം സ്ത്രീകളോടുള്ള ഇവരുടെയൊക്കെ മനോഭാവം എന്തെന്ന്.

സ്ത്രീകളെ നിശ്ശബ്ദരാക്കാനുള്ള യജ്ഞത്തില്‍ എല്ലാവരും ഒരുമിച്ചാണ്.

ആണുങ്ങള്‍ ടാര്‍ഗറ്റ് ആവുമ്പോള്‍
സൈബര്‍ പൊങ്കാല ഏറ്റുവാങ്ങിയവര്‍ സ്ത്രീകള്‍ മാത്രമല്ല. വൈവിധ്യമാര്‍ന്ന തെറികള്‍ കൊണ്ട് വിരുന്നു നല്‍കപ്പെട്ട ആണ്‍ പ്രൊഫൈലുകള്‍ നിരവധിയുണ്ട്. ആ തെറികളും സ്ത്രീകള്‍ക്കെതിരാണ് എന്നു മാത്രം. അമ്മമാരാണ് അതിന്റെ ടാര്‍ഗറ്റ്. തങ്ങളുടെ സാംസ്‌കാരിക നൈതിക മൂല്യങ്ങളുടെ ഉറവിടമായ സ്ത്രീ, തങ്ങളുടെ സദാചാര സങ്കല്പങ്ങളെ ഘോഷണം ചെയ്യുന്ന സ്ത്രീ, തങ്ങളുടെ സ്വത്തുക്കളില്‍ ഏറ്റവും അമൂല്യമായ ഒന്നായ സ്ത്രീ. നമ്മുടെ പുരുഷന്മാരുടെ ഈ മിഥ്യാബോധത്തിലേക്കും അഹങ്കാര തിമിര്‍പ്പിലേക്കുമാണ് ശത്രു സൈന്യം എന്ന കണക്കെ സൈബര്‍ സദാചാര പോരാളികളും ഇടിച്ചു കയറുന്നത്. പുരുഷനെ ആക്രമിക്കാനും തളര്‍ത്താനും അവന്റെ വീട്ടിലെ പെണ്ണുങ്ങളെ പറയുക എന്നത് തന്നെ ആണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ മത സാമുദായിക ഭേദമന്യേ എല്ലാരും സ്വീകരിക്കുന്ന എളുപ്പ വഴി.

എ.കെ. ജി - ബല്‍റാം വിഷയത്തില്‍, എ.കെ ജിയുടെ ഒളിവു ജീവിത പരാമര്‍ശത്തിലൂടെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തി എന്ന് പറയുമ്പോള്‍ തന്നെ ബല്‍റാമിന് കൊടുക്കുന്ന മറുപടിയിലും സ്ത്രീ വിരുദ്ധത നിറഞ്ഞു നിന്നത്, പുരുഷന്റെ ഈ സംരക്ഷണ ഭാവം ആണധികാര സമൂഹത്തിന്റെ പൊതുബോധത്തില്‍ കെട്ടിക്കിടക്കുന്നത് കൊണ്ടാണ്. ബൗദ്ധികമായി ഡിസക്ട് ചെയ്തു കര്‍തൃത്വം മാറ്റാന്‍ നോക്കിയാലും പുരുഷനെ അപമാനിക്കാന്‍ വിളിക്കുന്ന തെറിവാക്കുകള്‍പോലും സ്ത്രീകളെ അപമാനിക്കുന്നതാണെന്നു കാണാം.

രാഷ്ട്രീയ താല്പര്യങ്ങളെ മാറ്റി നിര്‍ത്തിയാല്‍ എല്ലാവരും സമ്മേളിക്കുന്നത് സ്ത്രീവിരുദ്ധതയുടെ ഭൂമികയില്‍ തന്നെയാണ്.

എല്ലാവരും ഒരുമിച്ചാണ് 
ഓണ്‍ലൈന്‍ ഇടത്തില്‍ പെണ്‍പ്രൊഫൈലുകളില്‍ അഭിപ്രായ ഭിന്നതപ്രകടിപ്പിക്കാന്‍ തങ്ങളുടെ സെക്ഷ്വല്‍ ഫ്രസ്ട്രേഷന്റെ സര്‍ട്ടിഫിക്കറ്റ് കൂടെ സമര്‍പ്പിച്ചില്ലെങ്കില്‍ അപൂര്‍ണത തോന്നുന്നവരാണ് പൊങ്കാല പ്രേമികളില്‍ അധികവും. അവരെ ഇടതെന്നോ വലതെന്നോ സംഘിയെന്നോ സുഡാപ്പിയെന്നോ വേര്‍തിരിക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ താല്പര്യങ്ങളെ മാറ്റി നിര്‍ത്തിയാല്‍ എല്ലാവരും സമ്മേളിക്കുന്നത് സ്ത്രീവിരുദ്ധതയുടെ ഭൂമികയില്‍ തന്നെയാണ്.

രേണുക ചൗധരിയുടെ പൊതുവിടത്തിലെ ചിരി പോലും അസഹ്യമായ ജനപ്രതിനിധികള്‍ മുതല്‍ സ്ത്രീകളുടെ നോട്ടവും നടനവും ഭാവവും അഭിപ്രായങ്ങളും അസഹ്യമായി കാണുന്ന സൈബര്‍ ആങ്ങളമാര്‍ വരെ...

സ്ത്രീകളെ നിശ്ശബ്ദരാക്കാനുള്ള യജ്ഞത്തില്‍ എല്ലാവരും ഒരുമിച്ചാണ്.

Follow Us:
Download App:
  • android
  • ios