Asianet News MalayalamAsianet News Malayalam

മറ്റു മതഗ്രന്ഥങ്ങള്‍ വായിക്കുന്നത് എന്തിനാണിങ്ങനെ ഭയക്കുന്നത്?

Amna Nakheeba on religious harmony
Author
Thiruvananthapuram, First Published Aug 1, 2017, 3:13 PM IST

Amna Nakheeba on religious harmony

എന്റെ വീട്ടില്‍ ഒരിക്കലും ടീവി വാങ്ങില്ലെന്നു വാപ്പയ്ക്കു നിര്‍ബന്ധമായിരുന്നു. ഇപ്പോള്‍ അതൊരു പ്രശ്‌നമല്ല. കാരണം ഫോണുണ്ട്, യൂട്യൂബ് ഉണ്ട്, ഫേസ്ബുക്ക് ഉണ്ട്.

പക്ഷെ പണ്ട് ടിവി കാണാന്‍ അതിയായി മോഹം വരുമായിരുന്നു. ഞങ്ങള്‍ വാപ്പാന്റെ വീട്ടിലോ ഉമ്മാന്റെ വീട്ടിലോ പോവും. അവിടെ എത്തിയാല്‍ ടിവിയുടെ മുമ്പില്‍നിന്ന് മാറുന്ന പരിപാടിയേ ഇല്ല. സിനിമ കാണും പാട്ടു കാണും സീരിയല്‍ കാണും.

സന്ധ്യ ആയാല്‍ ഒന്ന് ടിവി ഓഫ് ചെയ്യണം. മഗ്‌രിബ് നമസ്‌കാര നേരത്ത് ടിവി വെക്കാന്‍ പാടില്ലായിരുന്നു.അത് കഴിഞ്ഞാല്‍ ഓടി വീണ്ടും ടിവി യുടെ മുന്നില്‍ വന്നിരിക്കും. പലതും കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ പലപ്പോഴായി സംഭവിക്കുന്ന ഒന്നുണ്ട്.

പെട്ടന്ന് സ്‌ക്രീനില്‍ മഹാഭാരതം സീരിയല്‍ പ്രത്യക്ഷപ്പെടും. ഉടനെ തന്നെ ചാനല്‍ മാറ്റും. അതെന്തിനാണെന്ന് എനിക്കറിയില്ല. പ്രത്യേകിച്ച് മൂത്തവര്‍ ആരേലും അടുത്തുണ്ടെങ്കില്‍. അല്ലെങ്കില്‍ കുറച്ചൊന്നു കണ്ടു നോക്കും. എനിക്ക് കൗതുകം തോന്നാറുണ്ട്. ആ ഭാഷ, ആ വസ്ത്രധാരണം, നാരദന്‍ വന്ന് നാരായണ നാരായണ എന്ന് പറയുന്നത് കേള്‍ക്കാന്‍ എനിക്ക് എന്ത് ഇഷ്ടമാണെന്നോ. എന്നാലും അത് മുഴുവന്‍ കാണാന്‍ പറ്റുമായിരുന്നില്ല. അത് മാറ്റുവാന്‍ ഞങ്ങള്‍ കുട്ടികള്‍ എന്തുകൊണ്ടോ നിര്‍ബന്ധിതരായിരുന്നു. എന്തോ ഒരു അടിസ്ഥാനമില്ലാത്ത മതചിന്ത ആരും പറയാതെ തന്നെ ഞങ്ങള്‍ പഠിച്ചുവെച്ചിരുന്നു. 

അന്നേ വിലക്കുന്നത് ചെയ്യാന്‍ ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ടിവിയില്‍ കാണാന്‍ പറ്റാത്തത് ഞാന്‍ ബാലരമ അമര്‍ചിത്രകഥകളില്‍ വായിച്ചിരുന്നു. അതില്‍ നിന്ന് ഞാന്‍ പാണ്ഡവര്‍ ആരാണെന്നും കൗരവര്‍ ആരാണെന്നും അറിഞ്ഞു. കര്‍ണ്ണനെ മാത്രം സ്വന്തം കുട്ടിയായി സ്വീകരിക്കാത്ത കുന്തിയെ ഓര്‍ത്തു ഞാന്‍ വിഷമിച്ചു. അഞ്ചു പേരുടെ ഭാര്യയായ പാഞ്ചാലി എന്നില്‍ കൗതുകം ഉണ്ടാക്കി. യുദ്ധങ്ങള്‍ ഞാന്‍ വളരെ താല്‍പര്യത്തോടെ വായിച്ചു.

അതില്‍ എനിക്ക് ദോഷകരമായി ഒന്നും തന്നെ ഇല്ലെന്ന് ഞാന്‍ മനസ്സിലാക്കി.

പെട്ടന്ന് സ്‌ക്രീനില്‍ മഹാഭാരതം സീരിയല്‍ പ്രത്യക്ഷപ്പെടും. ഉടനെ തന്നെ ചാനല്‍ മാറ്റും.

കുട്ടിക്കാലത്തു ഞാന്‍ തന്നെ നെയ്തുകൂട്ടിയത് ഒരുപാട് മായാലോകങ്ങളായിരുന്നു. ആരും അറിയാതെ ഞാന്‍ വായിച്ചുകൂട്ടിയ ഒരുപാടധികം ഫെയറി ടെയില്‍സ് എനിക്ക് ഉണ്ടായിരുന്നു. മഹാഭാരതവും അതിലൊന്നായി എന്റെ കുട്ടിക്കാലത്തിന്റെ വര്‍ണ്ണപകിട്ടു കുട്ടിയിട്ടുണ്ട്. അതിനെ ഒരിക്കലും മതവുമായി ഞാന്‍ ബന്ധപ്പെടുത്തിയിരുന്നില്ല.

ഈ അടുത്തൊരു ദിവസം അറിയാതെ ഒരു ഭജന ഞാന്‍ മൂളിക്കൊണ്ടിരുന്നപ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ എന്നോട് വളരെ നീരസത്തോടെ ചോദിക്കുകയുണ്ടായി, നീ എന്തൊക്കെയാണി പാടുന്നത് എന്ന്.

ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ എനിക്ക് അവരോട് ചോദിക്കാന്‍ തോന്നും, നിങ്ങളെന്തിനെയാണീ ഭയക്കുന്നത്? നമ്മള്‍ വിശ്വസിക്കുന്ന മതം സത്യമാണെങ്കില്‍ അത് മറ്റേതു മതവും പഠിക്കാനുള്ള, അറിയാനുള്ള സ്വാതന്ത്ര്യം സ്വയം പേറുന്നതാണ്. എല്ലാവരും എല്ലാം വായിക്കട്ടെ. ഖുര്‍ആനും ബൈബിളും മഹാഭാരതവും ഗീതയും രാമായണവും എല്ലാം വായിക്കട്ടെ. എല്ലാവരോടും കൂട്ടുകൂടട്ടെ. എല്ലാവരെയും അറിയട്ടെ.

എന്റെ അനിയന്‍ യു പി സ്‌കൂളില്‍ ചേരാന്‍ നേരം ലാംഗ്വേജ് ഏതു എടുക്കണമെന്ന് ശങ്കിച്ചുനിന്നു. വാപ്പ അവനോട് പറഞ്ഞു. അറബി ക്ലാസ്സില്‍ ഇരിക്കണ്ട. മലയാളം ക്ലാസ്സില്‍ ഇരുന്നാല്‍ മതി. അറബി ക്ലാസില്‍ മുസ്ലിം കുട്ടികള്‍ മാത്രമുണ്ടാവുമ്പോള്‍ ഇത്തിരിയെങ്കിലും വര്‍ഗീയത അവനില്‍ കടന്നുകൂടുമോ എന്ന് എന്റെ വാപ്പ ഭയന്നു. ഞാനും ഭയന്നു.

പടച്ചോനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവന്‍ അതിര്‍വരമ്പുകളില്ലാത്ത വറ്റാത്ത സ്‌നേഹമാകുന്നു.

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എന്റെ സ്‌കൂളില്‍ എല്ലാ മതക്കാരും ഉണ്ടായിരുന്നു. സ്‌കൂളിന്റെ പേര് മുസ്ലിം എഡ്യൂക്കേഷന്‍ ട്രസ്റ്റ് എന്നായിരുന്നെങ്കിലും പണ്ടൊന്നും ആ പേരുമായി ബന്ധപ്പെട്ടേക്കാവുന്ന ഒരു കലാപരിപാടികളും അവിടെ ഉണ്ടായിരുന്നില്ല.അഞ്ചാം ക്ലാസുവരെ മോറല്‍ സയന്‍സ് എന്ന് പേരുള്ള ഒരു പീരീഡ് ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്. ഇംഗ്ലീഷില്‍ എഴുതിയ ഒരു നല്ല പുസ്തകവും. അതില്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക, മാതാപിതാക്കളെ അനുസരിക്കുക, സാഹജീവികളെയും അന്യജീവികളെയും സ്‌നേഹിക്കുക തുടങ്ങിയ നല്ല ഒരുപാട് കാര്യങ്ങള്‍ എഴുതിയിരുന്നു. അത് ഞങ്ങള്‍ എല്ല മതക്കാരും ഒരുമിച്ചിരുന്ന് പഠിച്ചിരുന്നു. 

കുറച്ചു കാലം കഴിഞ്ഞപ്പോഴാണ് മോറല്‍ ക്ലാസ് എന്ന് പറയുന്ന പീരീഡ് താടിവെച്ച ഉസ്താദ്മാര്‍ സ്വന്തമാക്കിയത്. ഏതൊക്കെയോ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മക്കള്‍ക്ക് സ്‌കൂളില്‍ മദ്രസ ക്ലാസു കിട്ടണമെന്ന് നിര്‍ബന്ധം. അതിനെ തുടര്‍ന്നായിരുന്നു ഇങ്ങനെയൊരു മാറ്റം. അമുസ്ലിംങ്ങളായ കുട്ടികള്‍ ആ ക്ലാസ് ആവുമ്പോള്‍ പുറത്തിറങ്ങി കാറ്റ് കൊളളുമായിരുന്നു.

ഞാനീ ക്ലാസ്സിനെ കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ വാപ്പ എന്നോട് പറഞ്ഞു, 'നാളെ മുതല്‍ മോള്‍ മോറല്‍ ക്ലാസ്സില്‍ ഇരിക്കണ്ട. ആ മോറല്‍ ക്ലാസ്സില്‍ നിന്ന് പഠിക്കാത്ത മോറല്‍ ചിലപ്പോ മോള് പുറത്തുകളിക്കുന്ന കുട്ടികളില്‍ നിന്ന് പഠിക്കും'

ഞാന്‍ പിറ്റേന്ന് മുതല്‍ മോറല്‍ ക്ലാസ്സില്‍ പോയിട്ടില്ല. അതില്‍ ഞാനിന്നും അഭിമാനിക്കുന്നു. ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും വര്‍ഗീയത ചിലപ്പോഴൊക്കെ എന്നില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ഞാനിടയ്ക്കു മതത്തെ തീവ്രമാക്കുന്നുവെന്നും അതിന്റെ സൗന്ദര്യം നശിപ്പിക്കുന്നുവെന്നും എന്റെ അമുസ്ലിം കൂട്ടുകാര്‍ എനിക്ക് താക്കീത് നല്‍കിയിട്ടുണ്ട്.

ഇന്ന് ഞാന്‍ മനസ്സിലാക്കുന്നതെന്തെന്നു പറയട്ടെ. 

മതം മദ്രസയില്‍ പഠിച്ച ഫിഖ്ഹ് (അനുഷ്ഠാനങ്ങള്‍) അല്ലെന്ന് ഞാന്‍ മനസിലാക്കുന്നു. ഫിഖ്ഹുകളെല്ലാം ജീവിതത്തെ അടുക്കും ചിട്ടയുമുള്ളതാക്കാന്‍ സഹായിക്കുന്നതാണ്. സത്യത്തില്‍ മതം എന്ന വാക്കിനു എവിടെ പ്രസക്തി? പടച്ചോനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവന്‍ അതിര്‍വരമ്പുകളില്ലാത്ത വറ്റാത്ത സ്‌നേഹമാകുന്നു. അവന്‍ മനുഷ്യനെ പഠിപ്പിക്കാന്‍ ഉദ്ദേശിച്ചത് മതമാണെന്ന് ഞാന്‍ പണ്ട് തെറ്റിദ്ധരിച്ചു. അവന്‍ പഠിപ്പിക്കാന്‍ ഉദ്ദേശിച്ചത് മനുഷ്യസ്‌നേഹമായിരുന്നു. സഹാനുഭൂതിയായിരുന്നു. അതുള്ളിടത്തു മതത്തിനോ മതതീവ്രവാദത്തിനോ ഇടമില്ല. മതസൗഹാര്‍ദ്ദം പോലും ആവശ്യമില്ലാതെ വരുന്നു.

സത്യത്തിനെ പുല്‍കുന്നവരോട്, കാപട്യത്തെ വലിച്ചെറിയുന്നവരോട്, സ്‌നേഹത്തെ രക്തത്തില്‍ ചാലിച്ചവരോട്, എല്ലാം വെട്ടിപിടിച്ചു നിര്‍വൃതികൊള്ളാതെ ഉള്ളതെന്തും കൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന, അയഞ്ഞ കൈകളുള്ളവരോട് എനിക്ക് അതിയായ സ്‌നേഹമുണ്ട്. അവരുടെ മതമാണ് എന്റെ മതം!.

Follow Us:
Download App:
  • android
  • ios