തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടിൽ കേട്ടത് പാടുന്ന ശീലമില്ല ഈ തത്തമ്മയ്‍ക്ക്. പാട്ടെഴുതി ചിട്ടപ്പെടുത്തി, പറ്റിയാൽ ഹാർമ്മോണിയവും വായിച്ച് മനോധർമ്മം പാടാനാണിഷ്ടം. കൊമ്പൻ സ്രാവുകളെ സംഗീതം പഠിപ്പിപ്പിക്കുന്ന സർ‍ റിയൽ സ്വപ്‍നവും കണ്ട് വേലിയേലിരുന്ന തത്തയെ എടുത്ത് വിജിലൻസിൽ വച്ചയാളാണ് തത്തയുടെ പഴയ മുതലാളി. പുതുപ്പള്ളിക്കാരന്റെ പണി പാളി..

പാലാ, തൃക്കാക്കര, പുതുപ്പള്ളി ഭാഗത്തെ ബാറുകളുടെ മീതെ തോന്നിയതെല്ലാം പാടി തത്ത പാറിപ്പറന്നു. സഹികെട്ടപ്പോൾ അന്നത്തെ മുതലാളി മുഖ്യൻ പിടിച്ച് ഫയർഫോഴ്‍സിന്റെ കൂട്ടിലിട്ടു. അവിടെയും കിട്ടിയത് എട്ടിന്റെ പണി... വന്നുവന്ന് പുതുപ്പള്ളി മുഖ്യനെതിരെ കേസുകൊടുക്കുമെന്നായപ്പോൾ പൊലീസ് ഹൗസിംഗ് ആന്റ് കൺസ്ട്രഷൻ കോർപ്പറേഷൻ ആസ്ഥാനത്തെ കൂട്ടിലേക്ക് മാറ്റിനോക്കി. വറുത്തുപ്പേരി കൊടുത്ത് വല്യപപ്പടം വാങ്ങിയ അവസ്ഥ.. തരം കിട്ടിയപ്പോഴെല്ലാം മുതലാളിയെയും സംഘത്തിനെയും തത്ത മുട്ടേൽ നിർത്തി. അഴിമതികഥ കാണ്ഡം കാണ്ഡമായി നാടുമുഴുവൻ പാറിപ്പറന്ന് വിസ്‍തരിച്ച് പാടി.

മുഖ്യമന്ത്രി കസേര സ്വപ്‍ന കണ്ടുനടന്ന പിണാറായിക്കാരനും പരിവാരങ്ങളും നിർത്താതെ കയ്യടിച്ചു. “ശാരികപ്പൈതലേ ചാരുശീലേ വരുകാരോമലേ കഥാശേഷവും ചൊല്ലുനീ...” എന്ന മട്ടിലായിരുന്നു പ്രോത്സാഹനം.. ഈ തത്തയെ ഞങ്ങൾക്ക് തരൂ... ബാക്കിയെല്ലാം ഇപ്പ ശരിയാക്കിത്തരാം എന്നായിരുന്നു വാഗ്ദാനം.

ഭരണം മാറി..

പുരപ്പുറം തൂക്കാനുള്ള ആവേശത്തിൽ സഗൗരവ പ്രതിജ്ഞയെടുത്ത് വന്ന പുതിയ മുതലാളി വേലിയിലിരുന്ന തത്തയെ പിന്നെയുമെടുത്ത് വിജിലൻസിൽ വച്ചു. സ്രാവുകളെ സംഗീതം പഠിപ്പിക്കുന്നത് കൂടാതെ സർവീസ് സ്റ്റോറി എഴുതുക, കാൽപ്പന്തുകളിയുടെ റഫറിയാകുക തുടങ്ങിയ സ്വപ്‍നങ്ങളും ഇക്കുറി തത്തയുടെ മനസ്സിലുണ്ടായിരുന്നു. മുതലാളി ആദ്യം കട്ടക്ക് കൂടെ നിന്നു. മഞ്ഞയും ചുവപ്പും കാർഡുകളുമായി തത്ത കളം നിറഞ്ഞു. ഒരു ഗോൾ... രണ്ട് ഗോൾ... മൂന്ന് ഗോൾ.... ബാബു, വെള്ളാപ്പള്ളി, ടോം ജോസ്....

ഇതിനിടെ പണ്ട് പണികിട്ടിയവർ പഴയൊരു കേസ് പൊടിതട്ടി പൊക്കിയെടുക്കുന്നു. ഫിലോസഫീടെ അസ്‍ക്യത ഇത്രേം കടുംവെട്ടാകുന്നതിന് മുമ്പ് കൂടുവിട്ടുകൂടുമാറൽ, സിംക്രണൈസ്ഡ് സ്വിമ്മിംഗ്, ഉപമയും ഉൽപ്രേക്ഷയും ചേർത്തുള്ള വ്യക്തിത്വ വികസനം തുടങ്ങിയ ലൈഫ് സ്‍കില്ലുകൾക്ക് ട്യൂഷനെടുക്കുന്ന ഒരേർപ്പാടുണ്ടായിരുന്നു തത്തയ്‍ക്ക്. ലീവെടുത്ത് ട്യൂഷനെടുക്കുന്നത് അച്ചടക്കമുള്ള ഒരു പറവയ്‍ക്ക് പറ്റിയ പണിയല്ലെന്നായിരുന്നു ദോഷൈകദൃക്കുകളുടെ പക്ഷം. തുറമുഖ ഡയറക്ടറുടെ കൂട്ടിൽ കിടന്ന കാലത്തെ സോളാ‍ർ കച്ചവടത്തിൽ അഴിമതിയുണ്ടെന്നും ചില പാണൻമാർ പാടി നടക്കാൻ തുടങ്ങി. നല്ല 916 സോളാ‍ർ വേറെ കത്തിനിന്ന കാലമായതുകൊണ്ട് അതങ്ങനെ കാര്യമായി ഏശിയില്ല. ആശ്രിതവൽസലനായ ആശാൻ തത്തയെ പൊതിഞ്ഞുപിടിച്ച് സംരക്ഷിച്ചു. ഇതൊന്നും എന്നെ ബാധിക്കില്ലെന്ന മട്ടിൽ ഊറിച്ചിരിച്ച് കേൾക്കുന്നവർക്ക് എത്തുംപിടിയും കിട്ടാത്ത മട്ടിൽ തത്ത പതിവുപോലെ സിദ്ധാന്തം പറഞ്ഞു..

കാര്യങ്ങളങ്ങനെ സംഭവരഹിതമായി മുന്നോട്ടുപോയാൽ എന്താണ് ജീവിതത്തിനൊരു ത്രിൽ..?

ആദർശം കാണിക്കാൻ ഒരു ചാൻസ് ഒത്തുകിട്ടിയപ്പോൾ അനിവാര്യമായ പണി തത്ത ആശാനും കൊടുത്തു. ആശാന്റെ വലംകയ്യും, ആശ്രിതവൽസലനുമായ കുടുംബത്തിലെ ഒരെളേപ്പനുണ്ടാരുന്നു. അങ്ങേരടെ കസേരയുടെ കോലങ്ങൂരി. ഏളേപ്പൻ റിട്ടയേഡ് ഹർട്ട് വിത്ത് എ റെഡ് കാർഡ്.

അതാണ്, വേണേൽ കടിച്ചുപിടിച്ച് രണ്ടുമൂന്ന് ദിവസം സിദ്ധാന്തം പറയാതിരിക്കാം. പക്ഷേ സ്വജനപക്ഷപാതവും അഴിമതിയും കണ്ടാൽ തത്ത സഹിക്കില്ല.
പതിയെപ്പതിയെ ആശാന്റെ സപ്പോർട്ട് പണ്ടേപ്പോലെ കിട്ടാതായി. അതിനിടെ കോടതീന്നും കിട്ടി ഒന്നുരണ്ട് കൊട്ട്. സാധാരണ പറവയല്ലല്ലോ, പ്രതിച്ഛായക്ക് പോറലേൽക്കുന്ന കാര്യം ചിന്തിക്കാനാകാത്ത പൊളി പറവയല്ലേ... ‘വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടുവാനിൽ പറന്നു നടക്കട്ടെ’ എന്ന് ഉപമയും ഉൽപ്രേക്ഷയും ചേർത്തും ചേർക്കാതെയും പലവട്ടം പറഞ്ഞു. ആദ്യം മൈൻഡാക്കാത്ത ഭാവം കാട്ടിയെങ്കിലും മാൻഡ്രേക്കിന്റെ തല ഒഴിവാക്കുന്ന സന്തോഷത്തോടെ ആശാൻ കിളിക്ക് ഓർക്കാപ്പുറത്ത് ഒരു ദിവസം കൂട് അങ്ങ് തുറന്നുകൊടുത്തു. തത്ത ഔട്ട് കംപ്ലീറ്റ്.

ലീവെടുത്ത് വീട്ടിൽ പോയിരുന്ന നേരത്തും ഒറ്റ ചിന്തയാണ് ആ മനസ്സിനെ അലട്ടിയത്.

സ്രാവുകൾക്ക് നീന്തൽ കോച്ചിംഗ് കൊടുക്കണം....

നീട്ടിപ്പിടിച്ച ചാനൽമൈക്കുകൾക്ക് മുമ്പിൽ അഴിമതിവിരുദ്ധ സിദ്ധാന്തങ്ങൾ പാടണം...

ആ ആഗ്രഹം തികട്ടിത്തികട്ടി അണമുറിഞ്ഞപ്പോൾ അറസ്റ്റ് ചെയ്യിക്കാൻ നടുറോടിൽ പായ വിരിച്ചുകിടന്ന ജഗതിയുടെ കഥാപാത്രത്തെപ്പോലെ പണ്ടേത്തേതിലും ഇരട്ടി വോൾട്ടേജിൽ തത്ത ആഞ്ഞടിച്ചു.

“അഴിമതി...”
“അമ്പത്തൊന്നു വെട്ട്...”
“നിയമവാഴ്ച തകർന്നു...
“മൗനിയാകാൻ മനസ്സില്ല.... സ്രാവുകൾ... തിരമാലകൾ...“
സസ്പെൻഷൻ...
ആഹ! എന്താ ഇപ്പോ ഒരു റിലാക്സേഷൻ....
തത്തയിപ്പോൾ ഹാപ്പിയാണ്...
ആശാൻ കൂട്ടിൽ നിന്നിറക്കിവിട്ട തത്ത ആകാശത്തങ്ങനെ ഉയരത്തിലുയരത്തിൽ പറക്കുകയാണ് സൂർത്തുക്കളേ... പറക്കുകയാണ്....

അല്ലേലും ഇന്ത്യന്‍ വനപരിപാലന നിയമപ്രകാരം തത്തയെ കൂട്ടിലിട്ട് വളര്‍ത്താന്‍ പാടില്ലല്ലോ?