Asianet News MalayalamAsianet News Malayalam

വീടുകളിലെ മോഷണത്തിന് അടിക്കടി പിടിക്കപ്പെടുന്ന ബബൂണ്‍, ഇത്തവണ കടുത്ത ശിക്ഷ, തിരികെ വിടണമെന്ന് മൃഗസ്നേഹികള്‍

എന്നിരുന്നാലും, അവന്റെ പഴയ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി വിടാൻ മൃഗസംരക്ഷകർ ആഗ്രഹിക്കുന്നു. അവന്റെ തിരിച്ചു വരവിനായി ഒരു ഫേസ്ബുക്ക് പേജ് തന്നെയുണ്ട്.

Baboon in Cape Town jailed for raiding houses
Author
Cape Town, First Published Sep 25, 2020, 3:49 PM IST
  • Facebook
  • Twitter
  • Whatsapp

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ താമസമാക്കിയ നൂറുകണക്കിന് ബബൂണുകളിൽ ഒരെണ്ണമാണ് കറ്റാസ. കക്ഷി സ്ഥലത്തെ പ്രധാന നോട്ടപ്പുള്ളിയാണ്. മറ്റുള്ളവരുടെ തോട്ടങ്ങളിൽ കയറി പഴങ്ങളും പച്ചക്കറികളും മോഷ്ടിക്കുന്നതാണ് അവന്റെ സ്ഥിരം വിനോദം. അത് മാത്രവുമല്ല, ആ തത്രപ്പാടിൽ വസ്തുവകകൾ നശിപ്പിക്കാറുമുണ്ട്. ഒടുവിൽ വല്ലാത്ത ശല്യമാകുമ്പോൾ അധികൃതർ അവനെ പിടിച്ച് അകത്തിടും. കുറച്ചുദിവസം കഴിഞ്ഞ് വിട്ടയക്കും. ഇത് തന്നെയാണ് കുറേ കാലമായുള്ള പരിപാടി. എന്നാൽ, ഇപ്രാവശ്യം തനിച്ചല്ല കൂടെ കുറെ കൂട്ടുകാരെയും കൂട്ടിയാണ് കറ്റാസ മോഷണത്തിന് പുറപ്പെട്ടത്. അവിടെയുള്ള 15 വീടുകളിൽ മോഷണം നടത്തിയതിന് അവനെ പിടിച്ച് ജയിലിലടിച്ചിരിക്കയാണ് ഇപ്പോൾ. അവനെ മോചിപ്പിക്കണമെന്നും, തിരിച്ച് അവന്റെ സ്ഥലത്ത് കൊണ്ടുപോയി വിടണമെന്നും അഭ്യർത്ഥിച്ചു കൊണ്ട് #BringBackKataza എന്ന പേരിൽ ഒരു സോഷ്യൽ മീഡിയ പ്രചാരണം തന്നെ അവിടെ നടക്കുന്നുണ്ട്.  

നഗരത്തെ ചുറ്റിപ്പറ്റിയുള്ള പർവതനിരകളിൽ വസിക്കുന്ന ബബൂണുകളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് തലപുകയ്ക്കുകയാണ് കേപ് ടൗണ്‍. കറ്റാസയുടെ കഥ ഒരു ഉദാഹരണം മാത്രമാണ്. പലപ്പോഴും പാർപ്പിട പ്രദേശങ്ങളിൽ കറങ്ങിനടന്ന് ഭക്ഷ്യയോഗ്യമായ എന്തും കൈക്കലാക്കുന്ന അവയുടെ പ്രവൃത്തികൾ വലിയ തലവേദനയാണ് ഭരണകൂടത്തിന്. കേപ് ടൗൺ പ്രദേശത്ത് പതിനഞ്ചോളം കൂട്ടങ്ങളിലായി 500 ബബൂണുകൾ ഉണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇവയെ നിയന്ത്രിക്കാൻ ഒരു ബബൂൺ സാങ്കേതിക ടീം പോലും ഉണ്ട് അവിടെ. വന്യജീവി റേഞ്ചർമാർ സമീപസ്ഥലങ്ങളിൽ നിന്ന് ബബൂണുകളെ ഓടിക്കാൻ പെയിന്റ്ബോൾ ഗണ്ണുകള്‍ ഉപയോഗിക്കുന്നു. ഏറ്റവും ശല്യക്കാരായ ബബൂണുകളെ ചിലപ്പോൾ വേദനയില്ലാത്ത വധത്തിന് വിധേയമാക്കുന്നു.  

കൊമെറ്റ്ജി എന്ന കടൽത്തീര ഗ്രാമത്തിലാണ് കറ്റാസ ആദ്യം താമസിച്ചിരുന്നത്. എന്നാൽ, അവിടെനിന്ന് പിടികൂടിയതിനുശേഷം, റേഞ്ചർമാർ ഇപ്പോൾ അവനെ നല്ലനടപ്പിനായി മാറ്റിയിരിക്കയാണ്. എന്നിരുന്നാലും, അവന്റെ പഴയ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി വിടാൻ മൃഗസംരക്ഷകർ ആഗ്രഹിക്കുന്നു. അവന്റെ തിരിച്ചു വരവിനായി ഒരു ഫേസ്ബുക്ക് പേജ് തന്നെയുണ്ട്. 'കറ്റാസ അന്യായമായി ഒറ്റപ്പെട്ടു', ജെന്നി ട്രെതോവൻ പറഞ്ഞു. കേപ് ടൗണിലെ ഒരു സംരക്ഷണ സംഘടനയായ ബബൂൺ മാറ്റേഴ്‌സിന്റെ സ്ഥാപകയാണ് അവർ. മനുഷ്യർക്കും ബബൂണുകൾക്കും ഒരുപോലെ സമാധാനപരമായി ജീവിക്കാൻ കളമൊരുക്കുന്ന ഒരു സംഘടനയാണ് അത്. ജെന്നി അവനെ തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞമാസം അവസാനം കറ്റാസയെ സ്ഥലം മാറ്റിയതുമുതൽ അവൻ ആരുമായി ഇണങ്ങുന്നില്ലെന്നും, ഒറ്റപ്പെട്ടുപോയെന്നും വിഷാദാവസ്ഥയിലാണെന്നും ജെന്നി പറയുന്നു.   

അക്രമം കാണിക്കുന്ന ബബൂണുകളുടെ പട്ടികയിൽ കറ്റാസയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിലിൽ അഞ്ച് വീടുകളിൽ മോഷണം നടത്തിയശേഷം അധികൃതർ അവനെ നിരീക്ഷിക്കുകയായിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 15 വീടുകളിൽ കയറിയപ്പോൾ അതും കൂട്ടാളികളെയും അതിന് പ്രേരിപ്പിച്ചപ്പോൾ ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങൾ തങ്ങളുടെ മുന്നിൽ കണ്ടില്ലെന്ന് അധികൃതർ പറഞ്ഞു. അതേസമയം, ഇത് ബബൂണുകൾ സാധാരണയായി ചെയ്യുന്ന കാര്യമാണെന്നും, അതിന്റെ പേരിൽ അധികൃതർ അവയെ കുറ്റവാളികളായി ചിത്രീകരിക്കുകയാണ് എന്നും ജെന്നി കുറ്റപ്പെടുത്തി. 
 

Follow Us:
Download App:
  • android
  • ios