മെക്സിക്കോയിലെ തെരഞ്ഞെടുപ്പ് രക്തരൂക്ഷിതമാണ് ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് ഇതുവരെ കൊല്ലപ്പെട്ടത് 130 പേര്‍ താന്‍ പോരാടുമെന്ന് കാമറിന്‍


മെക്സിക്കോയിലെ തെരഞ്ഞെടുപ്പ് ജൂലായ് ഒന്നിനാണ്. അവിടുത്തെ തെരഞ്ഞെടുപ്പുകള്‍ രക്തരൂക്ഷിതങ്ങളാണ്. പല സ്ഥാനാര്‍ഥികളും അണികളും കൊല്ലപ്പെടും. തെരുവുകളില്‍ സമ്മേളനങ്ങളും പ്രതിഷേധങ്ങളും അരങ്ങേറും. ഇതുവരെ 130 പേരാണ് മെക്സിക്കോയില്‍ ഞായാറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത്. 

കാര്‍മന്‍ നിലവിലവിടെ മേയര്‍ സ്ഥാനാര്‍ത്ഥിയാണ്. അവരവിടെ മത്സരിക്കാന്‍ തീരുമാനിച്ചതായിരുന്നില്ല. എന്നാല്‍, ആറ് ആഴ്ചകള്‍ക്ക് മുമ്പ് അവരുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടു, മേയര്‍ സ്ഥാനാര്‍ത്ഥി ജോസ് റെമഡിയോസ്. അങ്ങനെ ആ സ്ഥാനം അവളേറ്റെടുത്തു. പോരാടാന്‍ തന്നെ ഉറച്ചു. ഭീഷണിയുണ്ട്, കാര്‍മന്‍റെയും അവളുടെ മൂന്നു കുഞ്ഞുങ്ങളുടെയും സംരക്ഷണത്തിനായി ആയുധങ്ങളുമായി എപ്പോഴും ഉദ്യോഗസ്ഥര്‍ കൂടെയുണ്ട്. 

കാര്‍മന്‍ പറയുന്നു:

രണ്ട് തരത്തിലുള്ള ഭയമുണ്ട്. ഒന്നു നിങ്ങളെ തളര്‍ത്തിക്കളയും. മറ്റൊന്ന് നിങ്ങളെ കരുത്തരാക്കും. എന്‍റെ വീടിന്‍റെ നെടും തൂണായിരുന്നു അദ്ദേഹം. നിങ്ങള്‍ വീണുപോയാല്‍ എന്‍റെ വീട് മൊത്തം വീണുപോകുമെന്ന് ഞാനെപ്പോഴും പറയുമായിരുന്നു. അദ്ദേഹം മരിച്ച് രണ്ട് മൂന്നു ദിവസം കടന്നുപോയി. എനിക്ക് കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാനേ തോന്നിയില്ല. പക്ഷെ, എന്‍റെ മക്കള്‍ക്ക് വിശക്കുന്നുണ്ടായിരുന്നു. അതുകൊണ്ടെനിക്ക് എഴുന്നേറ്റേ മതിയാകുമായിരുന്നുള്ളൂ. മകള്‍ പുതച്ചിരിക്കുന്ന ഈ ഷാള്‍ കണ്ടോ? ഇതവളുടെ അച്ഛന്‍റെയാണ്. അതിന് അച്ഛന്‍റെ മണമാണെന്നാണവള്‍ പറയുന്നത്. അദ്ദേഹം മരിച്ചുവെന്ന് എനിക്കും വിശ്വസിക്കാനായിട്ടില്ല. അദ്ദേഹം തിരിച്ചുവരുമെന്ന് തന്നെ തോന്നും. അദ്ദേഹം കുഞ്ഞായിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ അച്ഛന്‍ മരിച്ചു. അതൊരുപാട് പ്രയാസങ്ങളുണ്ടാക്കിയിരുന്നു. ഇപ്പോള്‍ അതേ അവസ്ഥ തന്നെ എന്‍റെ കുട്ടികള്‍ക്കും വന്നിരിക്കുന്നു. എന്‍റെ കുഞ്ഞുങ്ങള്‍ക്കിനി അവരുടെ അച്ഛനില്ല എന്നതാണ് എന്നെ ഏറെ വേദനിപ്പിക്കുന്നത്. എന്തോ ഒരു കുറവുള്ളതു പോലെ എനിക്ക് തോന്നും. അപ്പോഴൊക്കെ ഞാന്‍ കരുത്തുള്ളവളാണെന്ന് സ്വയം വിശ്വസിക്കും. അദ്ദേഹം ഏറ്റെടുത്തത് എനിക്ക് പൂര്‍ത്തിയാക്കണം. അദ്ദേഹത്തിന്‍റെ സ്വപ്നങ്ങള്‍ക്കു വേണ്ടിയാണ് ഞാന്‍ പോരാടുന്നത്. സമാധാനം പുലരുന്ന ഒരു ഇടമാണ് എന്‍റെ ഭര്‍ത്താവ് ആഗ്രഹിച്ചത്. ഒരു സ്ത്രീയെന്ന നിലയിലും ഒരു ഭാര്യയെന്ന നിലയിലും അതിനായി പ്രയത്നിക്കുക എന്‍റെ കടമയാണ് കാര്‍മന്‍ പറയുന്നു. 

കടപ്പാട്: ബിബിസി