കോടതി വിധിയെ തുടര്‍ന്ന് നിലവില്‍ ഒരാളെയാണ് ഇത്തരത്തില്‍ ശിക്ഷിക്കാനുള്ളത്. ഈ വര്‍ഷം ആദ്യമാണ് കസാഖിസ്ഥാന്‍ ഇത്തരത്തിലൊരു ശിക്ഷക്കുള്ള നിയമം പാസാക്കുന്നത്. രണ്ടായിരത്തില്‍ കൂടുതല്‍ ഇഞ്ചക്ഷനുള്ള തുക വകയിരുത്തിയതായി ഡെപ്യൂട്ടി ഹെല്‍ത്ത് മിനിസ്റ്റര്‍ ല്യാസത്ത് അക്തയേവയും പറഞ്ഞു.  

അല്‍മാട്ടി: പീഡോഫൈലുകള്‍ക്കെതിരെ ശക്തമായ നടപടികളുമായി കസാഖിസ്ഥാന്‍. കുട്ടികളെ പീഡിപ്പിച്ചുവെന്നു തെളിഞ്ഞാല്‍ മരുന്ന് കുത്തിവെച്ച് അവരെ വന്ധ്യംകരിക്കും. 

ടര്‍ക്കിസ്ഥാനില്‍, കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഒരാളെ ആയിരിക്കും ആദ്യമായി ഇത്തരത്തില്‍ വന്ധ്യംകരിക്കുകയെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. 

കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്കുനേരെ പ്രയോഗിക്കാനായി രണ്ടായിരത്തോളം ഇഞ്ചക്ഷന് വേണ്ടിയുള്ള തുക അനുവദിച്ചതായും പ്രസിഡന്‍റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവ് അറിയിച്ചിരുന്നു. 

കോടതി വിധിയെ തുടര്‍ന്ന് നിലവില്‍ ഒരാളെയാണ് ഇത്തരത്തില്‍ ശിക്ഷിക്കാനുള്ളത്. ഈ വര്‍ഷം ആദ്യമാണ് കസാഖിസ്ഥാന്‍ ഇത്തരത്തിലൊരു ശിക്ഷക്കുള്ള നിയമം പാസാക്കുന്നത്. രണ്ടായിരത്തില്‍ കൂടുതല്‍ ഇഞ്ചക്ഷനുള്ള തുക വകയിരുത്തിയതായി ഡെപ്യൂട്ടി ഹെല്‍ത്ത് മിനിസ്റ്റര്‍ ല്യാസത്ത് അക്തയേവയും പറഞ്ഞു. 

നിയമം പാസാക്കുന്ന സമയത്ത് അത് താല്‍ക്കാലികമാണെന്നും, ലൈംഗികാതിക്രമങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി ഒറ്റ തവണ ഇഞ്ചക്ഷന്‍ നല്‍കും എന്നുമാണ് പറഞ്ഞിരുന്നത്. 

കുട്ടികളെ പീഡിപ്പിച്ചാല്‍ കസാഖിസ്ഥാനില്‍ 20 വര്‍ഷം തടവുമുണ്ട്. കുട്ടികളെ പീഡിപ്പിക്കുന്നത് കസാഖിസ്ഥാനില്‍ ആയിരം ഇരട്ടിയായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. അതിനാലാണ് കടുത്ത ശിക്ഷാനടപടികള്‍. എന്നാല്‍, ഇതെത്രത്തോളം ഫലപ്രദമാണെന്നും, ഈ ശിക്ഷാനടപടി ശരിയാണോ എന്നുമുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. 

2016ല്‍ ഇന്തോനേഷ്യന്‍ പ്രസിഡന്‍റും ഇത്തരത്തില്‍ ശിക്ഷാനടപടികള്‍ അനുവദിച്ചിരുന്നു. 14 വയസുള്ളൊരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് മരിച്ച സാഹചര്യത്തിലായിരുന്നു അത്. 

പോളണ്ട്, സൌത്ത് കൊറിയ, റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ വന്ധ്യംകരണം പല കേസുകളിലും നടപ്പിലാക്കിയിട്ടുണ്ട്.