23 വീടുകൾ സ്വന്തമായുള്ള രവി ശർമ്മ, വാടക വീട്ടിലാണ് താമസിക്കുന്നത്. 160 കോടിയുടെ ആസ്തിയുള്ള അദ്ദേഹം, 'റെന്റ് വെസ്റ്റിംഗ്' എന്ന നിക്ഷേപ തന്ത്രം വെളിപ്പെടുത്തുന്നു. താമസിക്കാൻ ഇഷ്ടമുള്ളിടത്ത് വാടകയ്ക്ക് താമസിക്കുക. വില കുറവുള്ള സ്ഥലങ്ങൾ വസ്കു വാങ്ങുക. 

സ്‌ട്രേലിയയിലുട നീളം 23 വീടുകൾ സ്വന്തമായുണ്ടെങ്കിലും 32 കാരനായ ഇന്ത്യൻ വംശജൻ കഴിയുന്നത് വാടക വീട്ടിൽ. ഓസ്‌ട്രേലിയൻ പൗരത്വം നേടിയ ഇന്ത്യൻ വംശജനുമായ രവി ശർമ്മയാണ് ആ യുവ പ്രോപ്പർട്ടി നിക്ഷേപകൻ. അദ്ദേഹത്തെ, പ്രോപ്പർട്ടി ആൻഡ് കൺസ്ട്രക്ഷനിൽ 2024 -ലെ ഓസ്‌ട്രേലിയൻ ബിസിനസ് ന്യൂസ് യംഗ് എന്‍റർപ്രണർ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തിരുന്നു. എന്നിട്ടും എന്തിനാണ് അദ്ദേഹം ഇപ്പോഴും വാടക വീട്ടിൽ താമസിക്കുന്നുവെന്നത് ആളുകളുടെ കൗതുകം കൂട്ടുന്നു.

160 കോടി ആസ്തി

ഓസ്ട്രേലിയയിലെ സെർച്ച് പ്രോപ്പർട്ടി ബയേഴ്‌സ് ഏജൻസിയുടെ സ്ഥാപകനാണ് രവി ശർമ്മ. ഏകദേശം 25 മില്യൺ ഓസ്ട്രേലിയൻ ഡോളർ (ഏതാണ്ട് 160 കോടി രൂപ) വിലമതിക്കുന്ന ഒരു പ്രോപ്പർട്ടി പോർട്ട്‌ഫോളിയോയും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്, ഇതിനെല്ലാം പുറമേ 2023 -ലും 2024 -ലും REB അവാർഡുകളിൽ ബെസ്റ്റ് ബയേഴ്‌സ് ഏജൻസിയുടെ ഫൈനലിസ്റ്റായി അദ്ദേഹത്തിന്‍റെ കമ്പനി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലിങ്ക്ഡ്ഇൻ റിപ്പോർട്ട് ചെയ്യുന്നു.

എന്നിട്ടും വാടക വീട്

വസ്തു വാങ്ങാൻ ആളുകളെ സഹായിക്കുന്ന കോപോസിറ്റ് എന്ന ആപ്പിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വാടക വീടിനെ കുറിച്ച് സംസാരിച്ചത്. "എനിക്ക് ഏകദേശം 25 മില്യൺ ഡോളറിന്‍റെ പോർട്ട്‌ഫോളിയോ ഉണ്ട്, അതിൽ 20 ഓളം പ്രോപ്പർട്ടികളുണ്ട്, സിഡ്‌നിയിൽ ഒന്നോ രണ്ടോ മാത്രമേ ഉള്ളൂ, ബാക്കിയുള്ളവയെല്ലാം ഓസ്‌ട്രേലിയയിലുടനീളം ചിതറിക്കിടക്കുന്നു." അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു. സ്വന്തമായി 23 വീടുണ്ടായിട്ടും താൻ സിഡ്‌നിയിലെ മക്വാരി പാർക്കിൽ മൂന്ന് കിടപ്പുമുറികളുള്ള ഒരു പെന്‍റ്ഹൗസ് അപ്പാർട്ട്മെന്‍റ് വാടകയ്ക്ക് എടുത്ത് അവിടെ ഭാര്യയോടൊപ്പം താമസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആഴ്ചയിൽ ഏകദേശം 1,430 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 27,684 രൂപ) വാടക നൽകുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 'റെന്‍റ് വെസ്റ്റിംഗ്' എന്ന തന്ത്രത്തിന്‍റെ ഭാഗമാണ് രവി ശർമ്മയുടെ ഈ വാടക വീട് പ്രേമമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. നിങ്ങൾക്ക് താമസിക്കാൻ ഇഷ്ടമുള്ളിടത്ത് വാടക വീട് എടുക്കുക. പണം ചെലവഴിക്കാൻ അധികം വില ഇല്ലാത്ത സ്ഥലങ്ങളിൽ വീട് വാങ്ങി അത് വടകയ്ക്ക് നൽകുക എന്നതാണ് ഈ തന്ത്രം.

വാങ്ങുന്നതിനുള്ള ചെലവ്

21-ാം വയസ്സിലാണ് രവി തന്‍റെ ആദ്യ വസ്തു വാങ്ങിയത്. ഡബ്ബോയിലെ മൂന്ന് കിടപ്പുമുറികളുള്ള ഒരു വീടായിരുന്നു അത്, അതിന്‍റെ വില 190,000 ഡോളർ ആയിരുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ, ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം വീടുകൾ വാങ്ങി വാടകയ്ക്ക് നൽകിത്തുടങ്ങി. അങ്ങനെ പതുക്കെ പതുക്കെ രവിയുടെ ആസ്തികൾ വർദ്ധിച്ചു. സിഡ്‌നിയിൽ ഒരു വീട് വാങ്ങുന്നതിന് വളരെ വലിയ തുക നിക്ഷേപിക്കേണ്ടിവരുമെന്നാണ് രവിയുടെ പക്ഷം. ആ പണം അവിടെ കെട്ടിക്കിടക്കും. അതൊരിക്കലും നിക്ഷേപമാകില്ല. മാത്രമല്ല, അത്തരം സ്ഥലങ്ങളിലെ വസ്തു വിൽക്കാൻ ശ്രമിച്ചാൽ സ്റ്റാമ്പ് ഡ്യൂട്ടിക്ക് തന്നെ വലിയൊരു തുക ചെലവാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രവി ശർമ്മ 1 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള പേഴ്‌സണൽ ഫിനാൻസ് എന്ന യൂട്യൂബ് ചാനലും നടത്തുന്നുണ്ട്.