സംഘർഷാവസ്ഥയില്‍ തുടരുന്ന ഇന്ത്യാ പാക് അതിര്‍ത്തിയിലെ കശ്മീര്‍ താഴ്വരയില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍റെ ഗ്രൌണ്ട് റിപ്പോര്‍ട്ടിംഗ്.
പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന് പിന്നാലെ പാക്, പാക് അധിനിവേശ മണ്ണിലെ തീവ്രവാദി കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണം യുദ്ധത്തിലേക്കാണോ കാര്യങ്ങൾ നീക്കുന്നതെന്ന ആശങ്ക ഉയര്‍ത്തി. പ്രധാനമായും ഇന്നലെ രാത്രിയായിരുന്നു പാകിസ്ഥാന്‍റെ ശക്തമായ ആക്രമണവും ഇതിന് ഇന്ത്യന്‍ സേനയുടെ അതിശക്തമായ തിരിച്ചടിയും ഉണ്ടായത്. യുദ്ധമുഖത്ത് നിന്നും ഗ്രൌണ്ട് റിപ്പോര്‍ട്ടിംഗുമായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍ എഴുതുന്നു.
ജമ്മുവില്‍ പൂഞ്ച് ഉൾപ്പെടെയുള്ള പ്രദേശങ്ങളില്‍ സംഘർഷാവസ്ഥ തുടരുകയാണ്. ബാരാമുള്ളയില്‍ ഉറി സെക്ടറും കുപ്പുവാരയിലെ കര്‍ണ്ണ, ചൌക്കിബാരി എന്നി സ്ഥലങ്ങളിലാണ് രൂക്ഷമായ പാക് ഷെല്‍വര്‍ഷം നടക്കുന്നത്. അതേസമയം ഇന്ത്യാ - പാക് അതിര്‍ത്തിയിലുടനീളം പാക് സൈന്യം പ്രകോപനം തുടരുകയാണ്. ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ ഷെല്ലാക്രമണം പാക് സൈന്യം ശക്തമാക്കുകയായിരുന്നു.

(നർഗീസ് ബീഗം കുടുംബാഗങ്ങളോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനം. ഈ വാഹനത്തിന് മേലെ വീണ പാക് ഷെല്ലാണ് നർഗീസിന്‍റെ ജീവനെടുത്തത്.)
ഏപ്രില്‍ 22 -ലെ പഹല്‍ഗാമിലെ പാക് തീവ്രവാദി ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് പാക് ഷെല്ലാക്രമണം ഉണ്ടായിരുന്നെങ്കിലും മാര്‍ച്ച് 8 -ലെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ പാക് ഷെല്ലാക്രമണം ശക്തമാക്കി. വൈകീട്ട് എട്ട് എട്ടരയോടെ തുടരുന്ന ഷെല്ലിംഗ് അവസാനിക്കുന്നത് പുലര്‍ച്ചയോടെയാണ്. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് ഇതിനകം ആളുകൾ ഒഴിഞ്ഞ് പോയി.
പാക്കിസ്ഥാൻ സേനയുടെ കനത്ത ഷെല്ലിങ്ങ് നടക്കുന്ന ഉറിയിൽ നിന്ന് പ്രാണാരക്ഷാർത്ഥം തന്‍റെ മക്കളോടൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് നർഗീസ് എന്ന ഗ്രാമീണ സ്ത്രീ കൊല്ലപ്പെടുന്നത്. ചിത്രങ്ങളിൽ കാണുന്ന വാഹനത്തിന്‍റെ മുകളിലേക്ക് പതിച്ച ഷെല്ലുകളുടെ ചീളുകൾ വാഹനത്തിന്‍റെ മുകൾവശത്തൂടെ താഴേക്ക് തുളച്ച് കറിയപ്പോൾ അത്, വാഹനത്തിനുള്ളുലുണ്ടായിരുന്ന നർഗീസിന്‍റെ തലയിലേക്ക് തുളഞ്ഞ് കയറുകയായിരുന്നു. വാഹനത്തിൽ ഒപ്പം ഉണ്ടായിരുന്ന കുടുംബത്തിലെ മറ്റ് നാലുപേരും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതിർത്തിയിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് പാക് സേന നടത്തുന്ന ആക്രമണം ഇപ്പോഴും ഉറി സെക്ടറിൽ തുടരുകയാണ്. നമ്മുടെ രാജ്യത്തിന് തിരിച്ചടിക്കേണ്ടി വരുന്നത് ഈ ഭീകരതക്കെതിരെയാണ്, അവിടുത്തെ രാഷ്ട്രീയ നേതൃത്വത്തിനും അഴിമതി നിറഞ്ഞ സൈന്യത്തിന് എതിരെയാണ് എന്നതിന് തെളിവാണ് പാകിസ്ഥാൻ സര്‍ക്കാറിനെതിരെ അവരുടെ മണ്ണില്‍ ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ.
അശാന്തി വിതച്ച്
പാക് സൈന്യം
ഇന്ത്യാ - പാക് അതിര്‍ത്തിയിലെ ബാരാമുള്ളയിലെ ഉറി സെക്ടര്‍ അടക്കമുള്ള നിയന്ത്രണ രേഖയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നും രൂക്ഷമായ പ്രകോപനമാണ് ഉയരുന്നത്. ചെറിയ ചെറിയ ഗ്രാമങ്ങളിലായി ആയിരത്തോളം പേര്‍ താമസിക്കുന്ന ഉറി, ബാണ്ടി, സലാമാബാദ് ഉൾപ്പെടെയുള്ള ജനവാസമേഖലകളിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ പാക് സൈന്യം ഷെല്ലുകൾ വര്‍ഷിച്ച് കൊണ്ടിരിക്കുകയാണ്. കുപ്പുവാര അതിര്‍ത്തിയിലും സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്.

(ഉറി സലാമാബാദില്‍ പാക് സേന ഇന്നലെ രാത്രി നടത്തിയ ഷെല്‍ ആക്രമണത്തില്‍ തകർന്ന വീടുകൾ)
എട്ടാം തിയതി ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ പാകിസ്ഥാന്‍ നടത്തിയ ഷെല്‍ വര്‍ഷത്തില്‍ പല വീടുകളും കത്തി നശിച്ചു. സലാമാബാദില്‍ നാല് വീടുകൾ പൂര്‍ണ്ണമായും കത്തി നശിച്ചു. എട്ടിലധികം വീടുകൾ ഭാഗീകമായി തകര്‍ന്നു. കുപ്പുവാരയിലെ ചൌക്കിബാലിലെ ചെറിയ ജംഗ്ഷന്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. പട്ടണത്തിലെ കടകളെല്ലാം പാക് ഷെല്‍വര്‍ഷത്തില്‍ തകര്‍ന്നു. വഴിയരികില്‍ കാറുകൾ അടക്കമുള്ള വാഹനങ്ങളും കത്തി നശിച്ച നിലയിലാണ്.
ഇന്നലെ രാത്രിയില്‍ തുടങ്ങി ഇന്ന് പുലര്‍ച്ചെ വരെ പാക് സൈന്യത്തിന്‍റെ നിര്‍ത്താതെയുള്ള ഷെല്‍വര്‍ഷത്തിലാണ് പ്രദേശം മുഴുവനും. ഗ്രാമീണ ജനവാസ മേഖലയിലേക്കുള്ള പാക് സൈന്യത്തിന്‍റെ ഷെല്ലില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ സമാധാനത്തോടെ ജീവിച്ചിരുന്ന സാധാരണക്കാരോടുള്ള വെല്ലുവിളികൂടിയായി മാറുന്നു. പാക് ഷെല്ലിംഗിനിടെ ഉറി മേഖലയില്‍ നിന്നും ജീവരക്ഷാര്‍ത്ഥം പലായനത്തിന് ശ്രമിച്ച ഒരു കുടുംബത്തിലെ നാല് പേരാണ് പരിക്കേറ്റ് ആശുപത്രിയിലായത്. ഇവരുടെ കൂടെയുണ്ടായിരുന്നതാണ് നർഗീസ് ബീഗവും. വാഹനത്തിന്‍റെ മുകൾ ഭാഗം തുറച്ച് അകത്തേക്ക് കയറിയ പാക് ഷെല്ലിന്‍റെ ചീളുകൾ നർഗീസിന്‍റെ തലയിലൂടെ കയറുകയായിരുന്നു. ഇവര്‍ സംഭവ സ്ഥലത്ത് വച്ച് തൽക്ഷണം മരിച്ചു.

(ഉറി സലാമാബാദില്‍ പാക് സേന ഇന്നലെ രാത്രി നടത്തിയ ഷെല്‍ ആക്രമണത്തില്‍ തകർന്ന വീടുകൾ)
ഇന്ത്യന്‍ കരസേനയും പോലീസും ജില്ലാ ഭാരണകൂടവും സംയുക്തമായി അതിര്‍ത്തി പ്രദേശത്ത് നിന്നും സാധാരണക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ തുടരുന്നു. ഉറി മേഖലയില്‍ കാര്യങ്ങൾ സങ്കീര്‍ണ്ണമാണ്. കനത്ത തിരിച്ചടിയാണ് പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തിന് ഇന്ത്യൻ സൈന്യം നൽകുന്നത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അതിര്‍ത്തി കടന്നെത്തുന്ന പാകിസ്ഥാന്‍റെ ഡ്രോണുകളും മിസൈലുകളുമടക്കമുള്ളവയെ തകർത്തു. ഇന്നലെ രാത്രി ബാരാമുള്ള ജില്ലയിലെ വിവിധ അതിര്‍ത്തി പ്രദേശങ്ങളില്‍ വീടുകള്‍ക്ക് നേരെയടക്കം കനത്ത പാക് ഷെല്ലാക്രമണം നടന്നു. ഇതിന് ഇന്ത്യൻ സൈന്യയും ശക്തമായ തിരിച്ചടിയും നല്‍കി. അതേസമയം ജമ്മു നഗരത്തിലടക്കം പാകിസ്ഥാന്‍റെ ഡ്രോണ്‍ ആക്രമണം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയും ജമ്മുവിൽ ആക്രമണം ഉണ്ടായി. വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് അതിര്‍ത്തി കടന്നെത്തുന്ന പാക് ഡ്രോണുകൾ ഇന്ത്യ തകർക്കുകയാണ്. ഇതിനിടെ ജമ്മുവിൽ മുഴുവൻ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.


