ഇറാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെയും ഇന്‍റലിജൻസ് മന്ത്രിയുടെയും കൊലപാതകങ്ങൾക്ക് പിന്നാലെ, ഹോർമൂസ് കടലിടുക്ക് ഉപരോധിച്ചുകൊണ്ട് ഇറാൻ ലോകത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. എണ്ണ, രാസവളം, ഭക്ഷണം എന്നിവയുടെ നീക്കം തടസ്സപ്പെട്ടതോടെ ആഗോളതലത്തിൽ വിലക്കയറ്റവും ക്ഷാമഭീഷണിയും രൂക്ഷമായി. ഈ പ്രതിസന്ധി മറികടക്കാൻ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ പാടുപെടുകയാണ്.

റാന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അലി ലാറിജാനി, ഇന്‍റലിജൻസ് മന്ത്രി ഇസ്മയിൽ ഖത്ബ് (Esmaeil Khatib). രണ്ടുപേരും കൊല്ലപ്പെട്ടു. ലാറിജാനിയുടെ മരണം സ്ഥിരീകരിക്കാൻ ഇറാൻ തയ്യാറായില്ല. ഖാതിബിന്‍റെ മരണം ഇസ്രയേൽ അറിയിച്ച് മണിക്കൂറുകൾക്കകം സ്ഥിരീകരിച്ചു. പക്ഷേ, ഇപ്പോൾ ഇറാൻ യുദ്ധം കറങ്ങുന്നത് ഒരൊറ്റ ബിന്ദുവിന് ചുറ്റുമാണ്. ഹോർമൂസ് എന്ന ചോക്പോയിന്‍റിന് ചുറ്റും. ഹോ‍ർമൂസ് ഇത്ര വലിയൊരു കുരുക്കാകുമെന്ന് ചിന്തിക്കാതെ പോയത് അമേരിക്കയുടെ പിഴവ്. ഇപ്പോഴത് മോചിപ്പിക്കാൻ പലരോടും ചൈനയോട് ഉൾപ്പടെ അമേരിക്കൻ പ്രസിഡന്‍റ് സഹായം തേടിയിരിക്കുന്നു.

ഹോർമൂസിൽ കുടുങ്ങിപ്പോയ ലോകം

ഭരണമാറ്റമോ ആണവധാരണയോ ഒന്നും വിഷയമല്ലാതായിരിക്കുന്നു ഇപ്പോൾ. എണ്ണവില കൂടി, യൂറിയ വില ഇരട്ടിയായി, ഇന്ധനം കിട്ടാതെ വരുമെന്ന ഭീതിയിൽ രാജ്യങ്ങൾ നിയന്ത്രണങ്ങൾ തുടങ്ങി. ചൈന അടക്കം ആശങ്കയിലാണ്. സഹായിക്കണമെന്ന അഭ്യർത്ഥനയോട് പക്ഷേ, യൂറോപ്യൻ രാജ്യങ്ങൾ ആദ്യം പ്രതികരിച്ചത് ഇത് തങ്ങളുടെ യുദ്ധമല്ലെന്നാണ്. ബ്രിട്ടനും ജർമ്മനിയുമടക്കം. നേറ്റോ അംഗരാജ്യങ്ങളെ ട്രംപ് ഭീഷണിപ്പെടുത്തി നോക്കി. ആദ്യമതിന് രാജ്യങ്ങൾ വഴങ്ങിയില്ല. പിന്നീട് ഗൾഫ് രാജ്യങ്ങളിലെ എണ്ണയുത്പാദന ശുദ്ധീകരണ കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചതോടെയാണ് സഹായിക്കാമെന്ന് സമ്മതിച്ചത്. ഹോർമൂസ് തങ്ങളുടെയും കൂടി ആവശ്യമാണെന്ന് അറിയാവുന്നതുകൊണ്ട്. ഇറാന് അതുകൊണ്ട് നഷ്ടമില്ലെന്നും റഷ്യ അതിൽ നിന്ന് ലാഭമുണ്ടാക്കുന്നുവെന്നും വ്യക്തമായത് കൊണ്ട്. ഇറാന്‍റെ മില്യൺ കണക്കിന് ബാരൽ എണ്ണ കടലിടുക്ക് കടക്കുന്നുണ്ട്.

ഹോർമൂസ് അനുമതി

ഗൾഫ് അറബ് രാജ്യങ്ങൾ അതിനേക്കാളേറെ ആശങ്കയിലാണ്. ഇറാന്‍റെ മിസൈലുകളും ഡ്രോണുകളും ഒരുവഴിക്ക്. മറുവശത്ത് കെട്ടിക്കിടക്കുന്ന എണ്ണക്കപ്പലുകൾ. യൂറോപ്പും ചൈനയും ട്രംപിന്‍റെ അഭ്യർത്ഥന നിരസിക്കാൻ തക്കതായ കാരണമുണ്ട്. എളുപ്പമല്ല ഹോർമൂസിനെ സ്വതന്ത്രമാക്കുക. മലനിരകളാണ് ഹോർമൂസിന് ചുറ്റും. ഇറാന്‍റെ തീരത്ത്, കപ്പലുകളോ മറ്റെന്ത് വേണമെങ്കിലോ ആക്രമിക്കാൻ ഇറാന് നിഷ്പ്രയാസം കഴിയും. അതും മറഞ്ഞ് നിന്നു കൊണ്ട്. ഇന്നുവരെ ഉണ്ടായിട്ടില്ല ഇങ്ങനെയൊരു ഉപരോധം.

എന്നാൽ, തെരഞ്ഞെടുക്കപ്പെട്ട കപ്പലുകൾക്ക് ഇറാൻ അനുമതി നൽകുന്നുമുണ്ട്. ഇന്ത്യയുടെ രണ്ട് കപ്പലുകൾ കടത്തിവിട്ടത് പോലെ. പക്ഷേ, 22 കപ്പലുകൾ ഇന്ത്യയിലേക്കുള്ള വഴിമധ്യേ കാത്തുകിടക്കുകയാണ്. 130 ലേറെ കപ്പലുകൾ ദിവസേന കടന്നുപോയിരുന്ന സ്ഥാനത്ത് ഫെബ്രു 28 ന് ശേഷം പോയത് വെറും 21 കപ്പലുകൾ. ബാക്കിയെല്ലാം കടലിൽ നങ്കൂരമിട്ടുകിടന്നു. ഏതാണ്ട് 400 ഓളം ടാങ്കറുകൾ ഒമാനടുത്ത് നങ്കൂരമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ചൈന ഇറാന്‍റെ സഖ്യകക്ഷിയാണ്. ക്രൂഡും എൽപിജിയും കടത്തിവിടണമെന്ന് ചൈന അഭ്യർത്ഥിച്ചെന്നും ക്രൂഡോയിൽ ടാങ്കറുകൾ പോകുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. പക്ഷേ, എല്ലാ ചൈനീസ് കപ്പലുകളും കടക്കുന്നില്ല. ഒരെണ്ണത്തിൽ ഡ്രോൺ വീഴുകയും ചെയ്തു. ചൈനീസ് സർക്കാരിന്‍റെ കമ്പനി പുതിയ ബുക്കിംഗുകൾ നിർത്തിവച്ചു. പാകിസ്ഥാന്‍റെയും തുർക്കിയുടെയും ഓരോ ടാങ്കറുകൾ കടത്തിവിട്ടു.

ഇറാന്‍റെ ‍ഡ്രോണുകൾ വീഴുന്നത് കൃത്യമായ ലക്ഷ്യമില്ലാതെയാണെന്നും എന്നാൽ, ചിതറിവീഴുന്നത് ആശയക്കുഴപ്പമുണ്ടാക്കാൻ മനപൂർവം ചെയ്തതാണെന്നും വിലയിരുത്തലുണ്ട്. പലയിടത്തായി 16 കപ്പലുകൾ ആക്രമിക്കപ്പെട്ടു. പടിഞ്ഞാറൻ അല്ലെങ്കിൽ ഗൾഫ് ബന്ധമുള്ളവയാണ് അതെല്ലാം. ജീവനക്കാരിൽ ചിലർ കൊല്ലപ്പെട്ടു. ചിലരെ കാണാനില്ല. ഒപെക് രാജ്യങ്ങളുടെയെല്ലാം ക്രൂഡോയിൽ ഏഷ്യൻ രാജ്യങ്ങളിലേക്ക് പോകുന്നത് ഹോർമൂസ് വഴിയാണ്. ഖത്തറിന്‍റെ എൽഎൻജിയും. ഇതൊക്കെ അറിയപ്പെടുന്ന തടസ്സങ്ങൾ, അധികമാരും അറിയാത്ത ചിലതും കൂടി തടസ്സപ്പെടുന്നുണ്ട്.

ട്രാപ്പിലാകുമോ ട്രംപ്

സൾഫർ. 41 ശതമാനമാണ് കയറ്റുമതി. ഹോർമൂസ് ഉപരോധം കാരണം ഇതിന്‍റെ പകുതിയോളം തടസ്സപ്പെട്ടു. ആസിഡിന്‍റെ രൂപത്തിൽ ഏറ്റവും കൂടുതൽ വേണ്ടിവരുന്നത് അമേരിക്കയ്ക്കാണ്. യുദ്ധങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സൾഫ്യൂറിക് ആസിഡാണ്. കുറവ് വന്നാൽ അത് ബാധിക്കുക ആയുധങ്ങളെയാണെന്ന് ചുരുക്കം. സെമികണ്ടക്ടേഴ്സിന് മുതൽ പലതിനും സൾഫ്യൂറിക് ആസിഡ് അത്യന്താപേക്ഷിതം. യുദ്ധകാലത്ത് ആവശ്യം കൂടും. അതിപ്പോൾ കിട്ടാനില്ലെന്ന് പറയുമ്പോൾ യുദ്ധം ചെയ്യാനുള്ള അമേരിക്കയുടെ കഴിവിനെയാണ് ബാധിക്കുന്നത്. വേറെയുമുണ്ട് പലതും. കാർഷിക രംഗത്തിന് വേണ്ടുന്ന യൂറിയ, അമോണിയ, ഫോസ്ഫേറ്റ്. രാജ്യങ്ങൾക്ക് എണ്ണ ശേഖരമുണ്ട്. പക്ഷേ, രാസവള ശേഖരമില്ല. ഗുരുതരമാണ് സ്ഥിതി വിശേഷം. ഇതൊന്നും കണക്ക് കൂട്ടാതെയാണോ അമേരിക്ക യുദ്ധത്തിനിറങ്ങിയത് എന്ന് ചോദിച്ചാൽ അത് അമേരിക്കൻ പ്രസിഡന്‍റിനും അനുയായികൾക്കും മാത്രമേ അറിയൂ.

നിലയ്ക്കുന്ന ഭക്ഷണം

വേറെയുമുണ്ട് പലതും. ഭക്ഷ്യസുരക്ഷ. ഭക്ഷണം മാത്രമല്ല, അതിന് വേണ്ടുന്ന അനുസാരികളും ഹോർമൂസ് വഴി പല രാജ്യങ്ങളിലേക്കും പോകുന്നുണ്ട്. ഭക്ഷ്യസുരക്ഷ നേരത്തെ തന്നെ ആശങ്കയായ രാജ്യങ്ങളുണ്ട്. ഗാസയെപ്പോലെ. ജനസംഖ്യയുടെ 94 ശതമാനവും ഭക്ഷ്യസുരക്ഷയുടെ അടുത്തെങ്ങുമില്ല. ഇതൊന്നുമല്ലാതെ, വേറെയൊരു കൂട്ടം രാജ്യങ്ങളുണ്ട്. അവരുടെ കാര്യത്തിൽ നിലവിളിക്കാൻ ആളുകൾ കുറവാണ്. പട്ടിണി ശീലമായ രാജ്യങ്ങൾ. യെമൻ, സുഡാൻ, സിറിയ. സുഡാനിൽ 2 കോടി, യെമനിൽ 1.6 കോടി സിറിയയിൽ 90 ലക്ഷം.

ഗൾഫ് രാജ്യങ്ങളിൽ മറ്റൊന്നാണ് സ്ഥിതി. ഭക്ഷണത്തിലെ 70 ശതമാനവും ഹോർമൂസ് കടലിടുക്കിലൂടെയാണ് വരുന്നത്. അതായത് ദിവസം 191.3 മില്യൻ പൗണ്ട്. ഇതെല്ലാം പൂർണമായി തടസ്സപ്പെട്ടിരിക്കുന്നു ഇപ്പോൾ. വിമാനം വഴിയാണ് ഇപ്പോഴത്തെ ഇറക്കുമതികളെല്ലാം. അതും അപകടകരമായ വ്യോമ മേഖലയിലൂടെ. ചില കപ്പലുകളും ബോട്ടുകളും ട്രാക്കിംഗ് സിസ്റ്റം ഓഫാക്കി വച്ച് കടക്കുന്നുണ്ട്. ഗൾഫ് ഓഫ് ഒമാനിലെത്തുമ്പോൾ ഓഫാക്കും. മാപ്പുകളിൽ നിന്ന് അപ്രത്യക്ഷമാകും. ഓണാക്കുന്നത് കടലിടുക്ക് കടന്ന് കഴിയുമ്പോൾ എന്നാണ് റിപ്പോർട്ടുകൾ.