Asianet News MalayalamAsianet News Malayalam

കേരളമേ, കൊറോണ ഒരു പ്രവാസിയല്ല!

പ്രവാസികള്‍ നാട്ടിലും മറുനാട്ടിലും അനുഭവിച്ചത്, ലോക്ക് ഡൗണ്‍ കുറിപ്പുകള്‍ ഒമ്പതാം ദിവസം.  കെ. പി റഷീദ്  എഴുതുന്നു

 

 

Lock down column by KP Rasheed  expatriates life
Author
Thiruvananthapuram, First Published Apr 2, 2020, 11:01 PM IST
  • Facebook
  • Twitter
  • Whatsapp

പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കുമാറിനെ വാനില്‍ ടെസ്റ്റിനു കൊണ്ടുപോവുന്നത് ആരോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. സൂക്ഷിക്കണം, നമ്മുടെ നാട്ടിലും കൊറോണ എത്തിയിരിക്കുന്നു എന്ന വാചകങ്ങളോടെ ആ വീഡിയോ വാട്ട്‌സാപ്പില്‍ അതിവേഗം പ്രചരിച്ചു. ടെസ്റ്റ് കഴിഞ്ഞ് തിരിച്ചുവന്ന കുമാറിനെ പിന്നെ ചുറ്റുമുള്ളവര്‍ കണ്ടത് പഴയതുപോലല്ല. സാമൂഹ്യമായ ഭ്രഷ്ടിലേക്ക് കാര്യങ്ങള്‍ നീങ്ങി. അതിനപ്പുറമുള്ള മാനസികാവസ്ഥയിലേക്ക് അയാളും. അങ്ങനെ ഒരൊറ്റ വീഡിയോ കൊണ്ടുണ്ടായ മാനസികാഘാതങ്ങള്‍ക്ക് ഒരൊറ്റപ്പുലര്‍ച്ച കൊണ്ട് അയാള്‍ പരിഹാരം കണ്ടു-ആത്മഹത്യ. പിറ്റേന്ന് പുറത്തുവന്ന റിസല്‍റ്റില്‍ നെഗറ്റീവ് എന്നു തെളിഞ്ഞുെവങ്കിലും, ഉറപ്പാണ് ആ വീഡിയോ ഇനിയും സോഷ്യല്‍ മീഡിയയില്‍ ഓടുക തന്നെ ചെയ്യും.

 

Lock down column by KP Rasheed  expatriates life

 

കൊറോണ ആശങ്കകള്‍ക്കിടെ, ഗള്‍ഫില്‍നിന്നും മധുരയിലെ വീട്ടില്‍ മടങ്ങിയെത്തിയ കുമാര്‍ എന്ന തമിഴ് പ്രവാസി, സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന മലയാള സിനിമ കണ്ടുകാണാന്‍ ഇടയില്ല. എന്നാല്‍, ഭ്രാന്ത് വരാനിടയുണ്ട് എന്ന പറച്ചിലുകളുടെ ചൂണ്ടക്കൊളുത്തില്‍ കുടുങ്ങി, ഭ്രാന്താണോ എന്നു സ്വയം സംശയിച്ചശേഷം, മരണത്തിലേക്ക് നടന്നു പോയ ബാലന്‍ മാഷ് എന്ന മമ്മൂട്ടിക്കഥാപാത്രത്തിന്റെ മാനസികസംഘര്‍ഷങ്ങള്‍ അയാള്‍ക്ക് മനസ്സിലാവാതിരിക്കാന്‍ ഒരു വകയുമില്ല. സമാനമായ മാനസിക സംഘര്‍ഷങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി ഒരു കയറില്‍ അയാള്‍ എന്നേക്കുമായി അവസാനിപ്പിച്ചത്.

ഭ്രാന്തുണ്ടോ എന്ന ചുറ്റുമുള്ളവരുടെ സംശയമാണ് ബാലന്‍മാഷുടെ ജീവനെടുത്തത്. കൊറോണ പോസിറ്റീവ് ആണോ എന്ന സംശയവും കള്ളപ്രചാരണവുമാണ് കുമാറിനെ കൊന്നത്. മരണാനന്തരം, എല്ലാ ട്രാജഡികളിലുമെന്ന പോലെ, ആ ടെസ്റ്റ് റിസല്‍റ്റും പുറത്തുവന്നു. കുമാര്‍ നെഗറ്റീവാണ്!

ഒരൊറ്റ വീഡിയോയാണ് അയാളുടെ ജീവിതം മാറ്റിമറിച്ചത്. ഒപ്പം, വാട്ട്‌സാപ്പില്‍ കാണുന്നതെല്ലാം ഒന്നു സംശയിക്കുക പോലും ചെയ്യാതെ ഫോര്‍വേഡ് ചെയ്യുന്നവരുടെ 'ഉത്തരവാദിത്തബോധ'വും. ഗള്‍ഫ് മുഴുവന്‍ ആധിയിലായ കൊറോണപ്പകലുകളിലൊന്നില്‍ സ്വന്തം വീടിന്റെയും നാടിന്റെയും സുരക്ഷിതത്വം തേടിയാണ് കുമാര്‍ മധുരയിലെത്തിയത്. ഒരാഴ്ച അയാള്‍ വീട്ടിലിരുന്നു. ഇടയ്ക്ക് ചെറിയ ചുമയും തുമ്മലും വന്നു. പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കുമാറിനെ വാനില്‍ ടെസ്റ്റിനു കൊണ്ടുപോവുന്നത് ആരോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. സൂക്ഷിക്കണം, നമ്മുടെ നാട്ടിലും കൊറോണ എത്തിയിരിക്കുന്നു എന്ന വാചകങ്ങളോടെ ആ വീഡിയോ വാട്ട്‌സാപ്പില്‍ അതിവേഗം പ്രചരിച്ചു. ടെസ്റ്റ് കഴിഞ്ഞ് തിരിച്ചുവന്ന കുമാറിനെ പിന്നെ ചുറ്റുമുള്ളവര്‍ കണ്ടത് പഴയതുപോലല്ല. സാമൂഹ്യമായ ഭ്രഷ്ടിലേക്ക് കാര്യങ്ങള്‍ നീങ്ങി. അതിനപ്പുറമുള്ള മാനസികാവസ്ഥയിലേക്ക് അയാളും. അങ്ങനെ ഒരൊറ്റ വീഡിയോ കൊണ്ടുണ്ടായ മാനസികാഘാതങ്ങള്‍ക്ക് ഒരൊറ്റപ്പുലര്‍ച്ച കൊണ്ട് അയാള്‍ പരിഹാരം കണ്ടു-ആത്മഹത്യ. പിറ്റേന്ന് പുറത്തുവന്ന റിസല്‍റ്റില്‍ നെഗറ്റീവ് എന്നു തെളിഞ്ഞുെവങ്കിലും, ഉറപ്പാണ് ആ വീഡിയോ ഇനിയും സോഷ്യല്‍ മീഡിയയില്‍ ഓടുക തന്നെ ചെയ്യും.

രണ്ട്

കൊറോണക്കാലം നമ്മുടെ പ്രവാസി സമൂഹത്തിന് കരുതിവെച്ചത് എന്തൊക്കെയെന്ന് നേരിട്ടനുഭവിക്കുന്ന ആദ്യത്തെ ആളല്ല കുമാര്‍. ഗള്‍ഫില്‍നിന്നും രക്ഷപ്പെട്ട് നമ്മുടെ നാട്ടിലെത്തിയ മറ്റനേകം  പ്രവാസികള്‍ക്കും സമാന അനുഭവങ്ങളാണുണ്ടായത്. പ്രവാസിയും കൊറോണ വൈറസും ഒരുപോലെയാണെന്നായിരുന്നു സമൂഹത്തിന്റെ കാഴ്ചപ്പാട്. കടല്‍കടന്നു വരുന്ന മറ്റൊരു പ്രവാസിയായി അത് കൊറോണ വൈറസിനെയും കണ്ടു. ഉടലില്‍ കൊറോണയുമായാണ് പ്രവാസി വിമാനം കയറുന്നതെന്ന് സദാ പറഞ്ഞുനടന്നു. എന്നാല്‍, സംഗതി ഇതൊന്നുമായിരുന്നില്ല. അതാ ചട്ടമ്പി വൈറസിന്റെ സ്വഭാവദോഷമായിരുന്നു. ആഗോളഗ്രാമമായി ചുരുങ്ങിയ പുതിയ കാലത്തിനു പറ്റിയ കൈയിലിരിപ്പ്. അങ്ങനെയാണ് കൊറോണ വൈറസ് കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് മറ്റുരാജ്യങ്ങളിലേക്ക് വിമാനം കയറിപ്പോയത്. വിമാനമിറങ്ങിയവരില്‍ ചിലര്‍ക്കൊപ്പം വൈറസുണ്ടായിരുന്നു. ചിലര്‍ക്കൊപ്പം അതില്ലായിരുന്നു. എങ്കിലും വണ്ടിയിറങ്ങിയവര്‍ക്കെല്ലാം ആ നിര്‍ദേശങ്ങള്‍ കിട്ടി-സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, സെല്‍ഫ് ക്വാറന്‍ൈറന്‍. ചിലര്‍ അതനുസരിച്ചു. ചിലര്‍ വകവെയ്ക്കാതെ, നാടെത്തിയ ആഹ്ലാദത്തില്‍ ഇറങ്ങിനടന്നു അടിച്ചുപൊളിച്ചു. അങ്ങനെ ഇറ്റലിയില്‍നിന്നെത്തിയ റാന്നിക്കാരും ദുബൈയില്‍നിന്നു വന്ന കാര്‍സകോട്ടുകാരനുമെല്ലാം വലിയ വാര്‍ത്തകളായി. അവരുടെ റൂട്ടുമാപ്പുകള്‍ ആളുകളെ ഭയങ്ങളിലേക്ക് ചുരുട്ടിക്കെട്ടി. പിന്നെ സംഭവിച്ചത്, എല്ലാ പ്രവാസികളെയും വൈറസുകളായി കാണുന്ന സാഹചര്യത്തിന്റെ സൃഷ്ടിയായിരുന്നു.

ഗള്‍ഫില്‍നിന്ന് വന്നവര്‍ വീടുകളില്‍ ഒതുങ്ങിയെങ്കിലും ഇനിയെങ്ങാനും അവര്‍ക്ക് രോഗമുണ്ടോ എന്ന സ്ഥലജലവിഭ്രമം സ്ഥലത്തെ ചില പ്രധാനപയ്യന്‍മാര്‍ക്കുണ്ടായി. അവര്‍ തങ്ങളുടെ ആധിയും സംശയവും പരോപകാര പ്രവണതയും ഒന്നൊഴിയാതെ വാട്ട്‌സാപ്പുകളിലിട്ടു. ഇന്ന സ്ഥലത്തെ, ഇന്ന വീട്ടിലെ, ഇന്ന ആള്‍ പ്രവാസിയാണ്, അവര്‍ വീട്ടിലിരിപ്പാണ്, പോസിറ്റീവാണോ എന്ന് സംശയമുണ്ട്, ഒന്നു സൂക്ഷിക്കണം എന്ന കരക്കമ്പികള്‍ പൊടുന്നനെ വൈറസിനെ പോലെ പടര്‍ന്നു. വീട്ടില്‍നിന്ന് പുറത്തിറങ്ങാത്തവരുടെ പടം പോലും, ഇയാള്‍ പുറത്തിറങ്ങി, ഇന്ന സ്ഥലത്തുകണ്ടു എന്ന് ചുമ്മാ രസത്തിന് പോസ്റ്റാക്കി. അതാണെങ്കില്‍ വൈറലായി. അവരുടെയെല്ലാം കാര്യം കഷ്ടത്തിലുമായി. പ്രവാസിയാണെങ്കില്‍, നിങ്ങളുടെ വീട്ടില്‍ കയറി ഏത് ഉദ്യോഗസ്ഥനും കല്‍പ്പന പുറപ്പെടുവിക്കാമെന്ന് വന്നു. ദേഷ്യമുള്ള ഏത് പ്രവാസിക്കും ആര്‍ക്കും പണി കൊടുക്കാമെന്നു വന്നു. ജീവഭയത്തിന്റെ പൊറുതികേടുകളില്‍നിന്നുണ്ടാവുന്ന അരക്ഷിതാവസ്ഥകള്‍ക്കുമേല്‍ ഈ അവസ്ഥ എണ്ണയൊഴിച്ചതോടെ, പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നത് എന്നകാര്യം കേരള മുഖ്യമന്ത്രിക്ക് ഓര്‍മ്മിപ്പിക്കേണ്ടി വന്നു. നാടിന്റെ നട്ടെല്ലായ പ്രവാസികളെ അപഹസിക്കാന്‍ പാടില്ലെന്നു ഗുണദോഷിക്കേണ്ടിവന്നു.

അതു കഴിഞ്ഞാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു പ്രവാസിക്ക് നാലു സുഹൃത്തുക്കള്‍ കൂടി കമനീയമായ ഒരു ഏപ്രില്‍ഫൂള്‍ സമ്മാനം നല്‍കിയത്.  ഗള്‍ഫില്‍നിന്നു വന്നശേഷം വീട്ടില്‍ ഐസോലേഷനില്‍ കഴിയുന്ന പ്രവാസിക്ക്  കൊറോണ പൊസിറ്റീവ് ആണെന്ന് അടുത്തവരോടൊക്കെ  ഇവര്‍ വിളിച്ചു പറഞ്ഞു. ശേഷം, ചില വാട്ട്‌സഅപ്പ് മെസേജുകളും. അതോടെ കാര്യം മാറി. പോസിറ്റീവായിട്ടും ആശുപത്രിയില്‍ പോവാത്ത ആള്‍ക്കെതിരെ വാട്ട്‌സപ്പ് രോഷങ്ങള്‍ തിളച്ചു. ഇതിനിടെ, വിവരമറിഞ്ഞ പ്രവാസി പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേ'ഷിച്ചപ്പോള്‍, പരിസരവാസികളായ നാലുപേരാണ് ഇതിനു പിന്നിലെന്നു മനസ്സിലായി. ചോദ്യം ചെയ്തപ്പോഴാണ്, ചിരിയോടെ അവര്‍ പറഞ്ഞത്, സാറേ അവനെ ഏപ്രില്‍ഫൂളാക്കാന്‍ ചെയ്തതാണ്' എന്ന്. ഇതിവിടെ തീരുന്നതല്ല. ഇതിന്റെ പല വകഭേദങ്ങള്‍ നമ്മുടെ നാടുകളില്‍ നന്നായി ഓടുന്നുണ്ട് ഇപ്പോള്‍. ജോലി പോയി നാട്ടിലെത്തിയ പ്രവാസിക്കെതിരെ ഉണ്ടായ പ്രചാരണം, അയാളെ കോവിഡ് മൂലം പറഞ്ഞുവിട്ടതാണ് എന്നായിരുന്നു. അതോടെ അയാള്‍ക്കുമേല്‍ അദൃശ്യമായ ഭീതിയുടെ പുതപ്പുവന്നു.പ്രവാസി വന്നതോടെ വീട്ടുജോലിക്കാര്‍ വരാതായ അനുഭവവും കിണറ്റില്‍നിന്ന് സാധാരണയായി വെള്ളമെടുക്കുന്നവര്‍ ആ വഴിക്ക് വരാതായ അനുഭവവുമൊക്കെ പലരും പറയുന്നുണ്ട്. ക്വാറന്‍ൈറന്‍ കാലാവധി കഴിഞ്ഞാലും പ്രവാസിയെ കൊറോണക്കാരനാക്കുന്ന അവസ്ഥ കെട്ടുകഥയല്ല.

മൂന്ന്

ദുബായിലെ ഏതോ നടപ്പാതയില്‍ ഒരു യുവാവ് വീണു പിടയ്ക്കുന്ന ദൃശ്യങ്ങളായിരുന്നു ആ വൈറല്‍ വീഡിയോയില്‍. കൊവിഡ് 19 രോഗബാധിതനായ യുവാവ് ദുബായിയില്‍ മരിച്ചു വീഴുന്ന ദൃശ്യങ്ങള്‍ എന്ന നിലയ്ക്കാണ് ഇത് വൈറലായത്. ദുബായിലൊക്കെ ഇപ്പോള്‍ അവസ്ഥ ഇതാണെന്ന ദീര്‍ഘനിശ്വാസങ്ങളും സങ്കട ഇമോജികളുമായി ആളുകള്‍ അതിനെ വരവേറ്റു. എന്നാല്‍, തൊട്ടുപിന്നാലെ  ദുബായ് മീഡിയാ ഓഫീസിന്റെ ട്വീറ്റ് വന്നു. അപസ്മാര ബാധിതനായ ഒരു യുവാവ് നടപ്പാതയില്‍ വീഴുന്ന ചിത്രമാണ് അതെന്നും മാസങ്ങള്‍ക്കു മുമ്പു പകര്‍ത്തിയതാണ് വീഡിയോയെന്നും ട്വീറ്റില്‍ വ്യക്തമാക്കി. കൊവിഡ് 19 രോഗികളുടെ അന്ത്യ നിമിഷങ്ങള്‍ എന്നു പറഞ്ഞ് ഗള്‍ഫിലെ ഏതൊക്കെയോ പ്രദേശങ്ങളുടെ പേരിലുള്ള വീഡിയോകളും ഇതോടൊപ്പം പ്രചരിച്ചിരുന്നു. ഇതെല്ലാം ചേര്‍ന്നു സൃഷ്ടിച്ച ധാരണകളും മനസ്സില്‍ വെച്ചാണ് മലയാളി പ്രവാസിയെ സമീപിച്ചത്.

അത് ഗള്‍ഫില്‍നിന്നു മടങ്ങിവന്നവരെ മാത്രമല്ല. നാട്ടില്‍ വരാതെ അവിടെ കുടുങ്ങിക്കിടക്കുന്നവരുടെ അവസ്ഥകളും ഏറെ പൊലിപ്പിച്ചാണ് പ്രചരിച്ചത്. ബന്ധുക്കള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും ഭീതിയും പരത്താന്‍ മാത്രമാണ് അതു സഹായിച്ചത്.

എന്നാല്‍, ഒട്ടും നല്ല അവസ്ഥയിലായിരുന്നില്ല നാട്ടില്‍വരാതെ ഗള്‍ഫില്‍ കഴിയുന്ന പ്രവാസികള്‍. അതിവേഗം പടരുന്ന രോഗമായിരുന്നില്ല അവരെ ബാധിച്ചത്. അതിജീവനം മുന്നോട്ടുവെയ്ക്കുന്ന പ്രശ്‌നങ്ങള്‍, അരക്ഷിതാവസ്ഥകള്‍. എത്രയോ നാളായി എല്ലാ നാടുകളും ലോക്ക്ഡൗണിലാണ്. കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. റോഡില്‍ ഒരാളുമില്ല. എല്ലാവരും വാടക വീടുകളിലും മുറികളിലും ലേബര്‍ ക്യാമ്പുകളിലുമൊക്കെ കഴിയുന്നു. പലയിടത്തും ഭക്ഷണ സാധനങ്ങള്‍ക്കും അവശ്യ വസ്തുക്കള്‍ക്കും ക്ഷാമമാണ്. അതിനാല്‍, ആളുകള്‍ ഭക്ഷണനേരങ്ങള്‍ വെട്ടിച്ചുരുക്കിയും ജീവിതരീതികള്‍ മാറ്റിയുമെല്ലാം അതിജീവനത്തിനുള്ള ശ്രമങ്ങളിലാണ്. ആഴ്ചകളോളം ജോലിക്കു പോവാനാവാതെ കഴിയുന്നതിന്റെ എല്ലാ ആധികളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ലേബര്‍ ക്യാമ്പുകളിലൊക്കെ അവസ്ഥ ഏറെ മോശമായിരുന്നു. കൈയില്‍ കാശോ ഭക്ഷണമോ ഇല്ലാതെ എത്രനാള്‍ ഒരാള്‍ക്ക് അന്യനാട്ടില്‍ കഴിയാനാവും?

സാമ്പത്തികമാന്ദ്യത്തിന്റെ നിഴലിലാണ് ലോകം. ഗള്‍ഫ് രാജ്യങ്ങളെയും ഉറ്റുനോക്കുന്നത് വാണിജ്യത്തകര്‍ച്ചയുടെ നാളുകളാണ്. എല്ലാ സ്ഥാപനങ്ങളും അനിശ്ചിതമായി അടച്ചിട്ടിരിക്കുന്നു.  ബിസിനസ് എവിടെയും നടക്കുന്നേയില്ല. ഇതെല്ലാം കഴിഞ്ഞ് പഴയ നിലയിലായാലും ഒരുപാടു പേരുടെ ജോലി പോവാനുള്ള സാദ്ധ്യതകളുണ്ട്. ശമ്പളം വെട്ടിച്ചുരുക്കുന്നത് അടക്കമുള്ള സാദ്ധ്യതകളിലൂടെ ഈ അവസ്ഥയെ അതിജീവിക്കാന്‍ കഴിയുമോ എന്നാണ് ആേലാചിക്കുന്നത്. വിപണിയുടെ ചലനാത്കമത കൊണ്ടുമാത്രം മുന്നോട്ടുപോവുന്ന ദുബായ് പോലുള്ള വലിയ വാണിജ്യനഗരങ്ങളില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതം ഭീമമായിരിക്കും. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞു കൊണ്ടാണ്, കുടുങ്ങിക്കിടക്കുന്ന ഈ മനുഷ്യര്‍ അവരവരുടെ വീടുകളിലും മുറികളിലും ലേബര്‍ ക്യാമ്പുകളിലുമൊക്കെയായി കഴിയുന്നത്. നാളെ എന്താവുമെന്ന അനിശ്ചിതാവസ്ഥയാണ് അവരെയിപ്പോള്‍ ഉറ്റുനോക്കുന്നത്.

ബാങ്ക് വായ്പയെടുത്തും പണം റോള്‍ ചെയ്തുമെല്ലാം ചെറുതും വലുതുമായ ബിസിനസുകള്‍ മുന്നോട്ടു കൊണ്ടുപോയ പലരും പൊടുന്നനെ വന്ന ആഘാതത്തില്‍ തകര്‍ന്ന അവസ്ഥയിലാണ്. ഈ സാഹചര്യം എത്ര നാള്‍ നീണ്ടുനില്‍ക്കുമെന്ന് ആര്‍ക്കും അറിയില്ല. പുതുതായി സാധനങ്ങള്‍ വാങ്ങി ഗോഡൗണില്‍ സൂക്ഷിച്ചവരും കാലങ്ങളായുള്ള ശീലംവെച്ച് വന്‍തുകയുടെ സാധനങ്ങള്‍ കടം കൊടുത്തവരുമെല്ലാം പ്രതിസന്ധിയിലാണ്. കൊവിഡ് രോഗം പടരുകയും ലോക്ക് ഡൗണ്‍ കാലം നീളുകയും ചെയ്യുമെന്ന അവസ്ഥയാണ് സത്യത്തില്‍ അവര്‍ക്കുമുന്നിലുള്ളത്. ചെലവു ചുരുക്കി, ഉടുമുണ്ട് മുറുക്കിക്കെട്ടി അവിടെ നിലനില്‍ക്കാന്‍ കഴിയുമെങ്കിലും നാട്ടിലെന്താവും എന്ന ചോദ്യം അവരെ അലട്ടുന്നു. തങ്ങളയക്കുന്ന പണം കൊണ്ടു മാത്രം മുന്നോട്ടുപോവുന്ന വീടുകളും വീട്ടുകാരും അവരുടെ ദിവസങ്ങളെ പൊള്ളിക്കുന്നു. എല്ലാം അടച്ചുപൂട്ടി കഴിയുമ്പോഴും നാട്ടിലുള്ളവരുടെ മനസ്സില്‍ വിദേശത്തുള്ള ഉറ്റവരെക്കുറിച്ചുള്ള ആശങ്കളാണ്. അവിടെയുള്ളവര്‍ക്കാവട്ടെ, നാട്ടില്‍ കഴിയുന്ന ഉറ്റവരെക്കുറിച്ചുള്ള ഭീതികളും.

നാല്

വിദശത്ത് കുടുങ്ങിയത് ജീവനുള്ളവര്‍ മാത്രമല്ല. പ്രവാസികളുടെ മൃതദേഹങ്ങളും സമാനമായ അവസ്ഥയിലാണ്. പറയുന്നത് മരണത്തിനു കീഴടങ്ങിയ കൊവിഡ് രോഗികളുടെ കാര്യമല്ല. അവരുടെ മൃതദേഹങ്ങള്‍ അവിടെത്തന്നെ പ്രത്യേക സംവിധാനങ്ങളോടെ സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, മറ്റുള്ളവരുടെ അവസ്ഥ അതല്ല. മറ്റുള്ളവര്‍ എന്നുപറയുമ്പോള്‍, മറ്റ് രോഗങ്ങളാല്‍, മറ്റു കാര്യങ്ങളാല്‍ മരിച്ചവര്‍. അങ്ങനെയുള്ള മൃതദേഹങ്ങള്‍ പലതും മോര്‍ച്ചറികളിലാണ്. അനേകം മൃതശരീരങ്ങള്‍ നാട്ടില്‍ കൊണ്ടുവരാനുള്ള സാദ്ധ്യതകള്‍ പോലുമാലോചിക്കാതെ അവിടെത്തന്നെ സംസ്‌കരിക്കപ്പെട്ടു. ചിലതൊക്കെ അകലെയുള്ള ശ്മശാനങ്ങളിലേക്കു കൊണ്ടുപോയി. അനേകം വര്‍ഷങ്ങള്‍ വീട്ടില്‍ പോവാന്‍ കഴിയാതെ ഗള്‍ഫില്‍ തന്നെ ജീവിച്ച ചിലരുടെ മൃതദേഹങ്ങളും അതിലുണ്ടെന്ന്, പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച സാമഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.

അത്തരത്തില്‍ ദുബായിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച ചില മൃതദേഹങ്ങള്‍ക്ക് സാഭവിച്ച കാര്യം കൂടി അറിയണം. ഈ കൊറോണ കാലത്ത് കുറച്ച് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണ് അവിചാരിതമായ ഒരവസരം ഒത്തുവന്നത്. പച്ചക്കറികള്‍ കൊണ്ടുവരുന്ന കാര്‍ഗോയില്‍ മൃതദേഹങ്ങള്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിക്കാനായിരുന്നു ശ്രമം. മലയാളിയായ, റഫീഖിന്റെ മുന്‍കൈയിലുള്ള കെവി എക്‌സ്‌പോര്‍ട്‌സ്് എന്ന കമ്പനിയിലേക്ക്  പച്ചക്കറികള്‍ എത്തിക്കുന്ന കാര്‍ഗോ സര്‍വീസ് ഉപയോഗിച്ച് മൃതദേഹങ്ങള്‍ കൊച്ചിയില്‍ എത്തിക്കാനാണ് പദ്ധതി. ഇത് നടക്കില്ലെന്ന് ആദ്യ ഘട്ടത്തില്‍ വിമാനത്താവള അധികൃതര്‍ പറഞ്ഞുവെങ്കിലും മുഖ്യമന്ത്രിയും ജില്ലാ കലക്ടറുമായും ബന്ധപ്പെട്ട് ആ തടസ്സം ദുബായിലുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ നീക്കി. എന്നാല്‍,  പിന്നീടുയര്‍ന്നത് പുതിയ പ്രശ്‌നമാണ്. വിമാനത്താവളത്തിലെ  കേന്ദ്ര ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇതിനെതിരായി രംഗത്തുവന്നു. കൊറോണക്കാലത്ത് മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നത് സുരക്ഷ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അവരുടെ പക്ഷം. ഇതു തന്നെയാണ് അവസ്ഥ. മൃതദേഹങ്ങള്‍ക്കായാലും ജീവനുള്ള പ്രവാസികള്‍ക്കായാലും നേരിടേണ്ടിവരുന്നത് ഒട്ടും സാധാരണമല്ലാത്ത അനുഭവങ്ങളാണ്.

മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുക സാധാരണ സമയത്തുതന്നെ ഒട്ടും എളുപ്പമല്ല. എങ്കിലും, പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ കാത്തിരിക്കുന്നവരെ ഓര്‍ത്ത് സാമൂഹ്യപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളുമൊക്കെ മുന്നിട്ടിറങ്ങുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് സൗദി അറേബ്യയുടെ കാര്യമെടുക്കാം. അവിടെ അതിനുള്ള നടപടി ക്രമങ്ങള്‍ ഇങ്ങനെയാണ്: മൃതദേഹംഅയച്ചുതരണമെന്നും വിമാനത്താവളത്തില്‍വന്ന് അത് സ്വീകരിക്കുമെന്നും പറഞ്ഞ്, മരിച്ചയാളുടെ ഉറ്റബന്ധുവിന്റെ സത്യവാങ് മൂലം അവിടെ കിട്ടണം. മരണവുമായി ബന്ധപ്പെട്ട് സൗദി പൊലീസിന്റെ റിപ്പോര്‍ട്ട്, മോര്‍ച്ചറിയില്‍നിന്നുള്ള സര്‍ടിഫിക്കറ്റ് എന്നിവ വാങ്ങണം. അവ കിട്ടിയാല്‍ എംബസി വെല്‍ഫയര്‍ വിങ്ങിലെ ഡെത്ത് അറ്റാഷെയെ സമീപിക്കണം. അവിടെനിന്ന് അനുമതി പത്രം വാങ്ങി വീണ്ടും മോര്‍ച്ചറിയിലെത്തണം. പിന്നെയാണ് ഏറ്റവും ചെലവുള്ള ഇനം. മൃതദേഹം കുളിപ്പിച്ച് കഫന്‍ ചെയ്യല്‍. ആറായിരം റിയാലാണ് ഇപ്പോള്‍ അതിനുള്ള ഫീസ്. അതു കഴിഞ്ഞാല്‍, നാലായിരത്തോളം രൂപ മുടക്കി കാര്‍ഗോ അയക്കണം. മൊത്തം പതിനായിരത്തോളം റിയാല്‍ (ഏകദേശം രണ്ടുലക്ഷം രൂപ) ഇതിനു ചെലവു വരും.

അഞ്ച്

മറ്റൊരു വീഡിയോയെക്കുറിച്ചു കൂടി ഇവിടെ പറയേണ്ടതുണ്ട്. ചെങ്ങന്നൂര്‍ സ്വദേശിയായ ഒരു സ്ത്രീ തയ്യാറാക്കിയ വീഡിയോ. അതിലവര്‍ പറയുന്നത് ഒരൊറ്റ കാര്യമാണ്. 'നോക്കൂ, ഞാന്‍ ദുബായില്‍ത്തന്നെയുണ്ട്. നാട്ടിലേക്കു വന്നിട്ടില്ല. ദയവു ചെയ്ത് നാട്ടിലുണ്ടെന്നു വ്യാജ പ്രചാരണം നടത്തരുത്.'

അതെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിന് എതിരെ നിസ്സഹായമായ ഒരു ചെറുത്തുനില്‍പ്പാണ് ഈ വീഡിയോ. കൊറോണ സാഹചര്യത്തില്‍ അവര്‍ നാട്ടിലേക്കു വന്നുവെന്നും ചെങ്ങന്നൂരിലെ വീട്ടില്‍ കഴിയുകയാണെന്നുമായിരുന്നു പ്രചാരണം. ദുബായിലിരുന്നാണ് അവരത് കണ്ടത്. അവിടെ ഇരുന്നു തന്നെ അതിനു മറുപടി നല്‍കേണ്ടി വന്നു. അതെ, ഇതു തന്നെയാണ് ശരാശരി പ്രവാസിയുടെ കൊറോണക്കാലത്തെ അവസ്ഥ. കേരളത്തിന്റ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന, പേരുകേട്ട കേരളമോഡല്‍ യാഥാര്‍ത്ഥ്യമാക്കിയ പ്രവാസികളുടെ നിസ്സഹായാവസ്ഥയുടെ നേര്‍ക്കാഴ്ച. കൊറോണക്കാലത്ത് നാട്ടിലില്ലെന്ന് ബോധ്യപ്പെടുത്താന്‍ വീഡിയോ ഇറക്കേണ്ടി വരുന്ന ഈ നിസ്സഹായതയില്‍നിന്നു വേണം നമുക്കിനി പ്രവാസകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍.

 

ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍ 
ആദ്യ ദിവസം: 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.
രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ
മൂന്നാം ദിവസം: ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?

നാലാം ദിവസം: വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും?
അഞ്ചാം ദിവസം: ലോക്ക്ഡൗണ്‍ ഭയക്കാതെ ആ അതിഥി തൊഴിലാളികള്‍ എന്തിനാവും തെരുവിലിറങ്ങിയത്?
ആറാം ദിവസം: ലിപ് ലോക് ചുംബനങ്ങള്‍ക്ക് വിട, ഫ്ലൈയിംഗ് കിസിന് സ്വാഗതം!
ഏഴാം ദിവസം: ഈ സമയത്ത് ഫേസ്ബുക്കില്‍ ഫോട്ടോ കുത്തിപ്പൊക്കാമോ?
എട്ടാം ദിവസം: എന്നിട്ടും എന്തിനാവും അവര്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തിങ്ങിക്കൂടിയത്?
ഒമ്പതാം ദിവസം: കേരളമേ, കൊറോണ ഒരു പ്രവാസിയല്ല!

Follow Us:
Download App:
  • android
  • ios