പിന്നെ പൊലീസ് എന്തു ചെയ്യും? അവരും മാറി. ആ മാറ്റങ്ങളാണ്, നാടെങ്ങും നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായ പൊലീസിന്റെ മറ്റു മുഖങ്ങള്‍. ഭയമോ ആയുധമോ കൊണ്ട് നാടിനെ നേര്‍വഴിക്ക് നടത്തുന്ന സര്‍ക്കാര്‍ സംവിധാനത്തിന് ഇപ്പോള്‍ പേടിപ്പിക്കാനല്ല, പേടി മാറ്റാനാണ് തിടുക്കം. കണ്ടമാനം അധികാരങ്ങള്‍ കൈയില്‍ വന്നിട്ടും, അവരിപ്പോള്‍, പഴയതു പോലെയേ അല്ല. തീരെ മാറാന്‍ കഴിയാത്ത ചിലരൊക്കെ തല്ലാനും ഓടിക്കാനും ഏത്തമിടീക്കാനും തവളച്ചാട്ടം ചാടിക്കാനുമൊക്കെ നടക്കുന്നുണ്ടെങ്കിലും, പൊലീസ  സേനയുടെ ശ്രദ്ധ ഇന്ന് മറ്റു പലതിലുമാണ്

 

 

റോഡില്‍ ആയിരം രൂപ ചുമ്മാ കിടക്കുന്നത് കണ്ടാല്‍ എന്ത് സംഭവിക്കും?

ഒറ്റയ്ക്കാണ് കണ്ടതെങ്കില്‍, ആരെങ്കിലുമെടുത്ത് പോക്കറ്റിലിടും. കൂട്ടമായാണെങ്കില്‍, പുട്ടടിക്കും അല്ലെങ്കില്‍ കള്ളു വാങ്ങാനുള്ള പിരിവിലേക്കു പോവും. നമ്മുടെ നാട്ടിലെ നോര്‍മല്‍ അവസ്ഥ വെച്ച് സംഭവിക്കാന്‍ സാദ്ധ്യതയുള്ളത് ഇതൊക്കെയാണ്.

എന്നാല്‍, ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഉത്തര്‍പ്രദേശിലെ പേപ്പര്‍ മില്‍ കോളനിയില്‍ സംഭവിച്ചത് ഇതൊന്നുമല്ല. റോഡില്‍ വീണു കിടക്കുന്ന രണ്ട് അഞ്ഞൂറ് രൂപാ നോട്ടുകള്‍ കണ്ടവരെല്ലാം ഓടി രക്ഷപ്പെട്ടു. ചിലര്‍ പൊലീസില്‍ വിവരമറിയിച്ചു. അവര്‍ വന്ന്, കൈകളില്‍ ഗ്ലൗസിട്ട് ഭയഭക്തി ബഹുമാനത്തോടെ അതുമായി ആശുപത്രിയില്‍ പോയി. ഡോക്ടര്‍മാര്‍ കണ്ടപാടേ, അതിനെ എടുത്ത് അണുലായിനികളിലിട്ട്, 24 മണിക്കൂര്‍ ആരും തൊടാത്ത വിധം മാറ്റിവെച്ചു.

പുളുവല്ല, നടന്ന കാര്യമാണ്. അതിനു പിന്നിലുള്ള കഥ കൂടിയറിഞ്ഞാല്‍, കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാവും. സംഗതി ഇങ്ങനെയാണ്. ആ നോട്ടുകള്‍ റോഡില്‍ കണ്ട പാടേ, വാട്ട്‌സാപ്പില്‍ ഒരു വീഡിയോ ഇറങ്ങി. ആ നോട്ടുകള്‍ ചില്ലറക്കാരല്ല. നാട്ടിലാകെ കൊവിഡ് രോഗം പരത്താന്‍ ആരോ കൊണ്ടിട്ട മുതലാണ് എന്നായിരുന്നു മുന്നറിയിപ്പ്. വീഡിയോ വൈറലായി. നാടാകെ നിലവിളി തുടങ്ങി.

ആ നാടിന് ഇതെന്തു പറ്റി എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊന്നും ഇവിടെ പ്രസക്തിയില്ല. കാരണം, ഇത് കൊറോണക്കാലമാണ്. ഇത്ര കാലം നമ്മള്‍ കണ്ടതൊന്നുമല്ല ഇപ്പോള്‍ ജീവിതം. ഇതുവരെ നമ്മള്‍ കരുതിപ്പോന്നതൊന്നുമല്ല ഇപ്പോള്‍ സാധാരണ അവസ്ഥ. കണ്‍മുന്നില്‍ കാര്യങ്ങള്‍ ആകെ മാറി. നാടു മാറി. നാട്ടുകാര്‍ മാറി. വീട്ടുകാര്‍ മാറി. മനുഷ്യരുടെ പെരുമാറ്റങ്ങള്‍ ആകെ മാറി.

അപ്പോള്‍ പിന്നെ പൊലീസ് എന്തു ചെയ്യും? അവരും മാറി. ആ മാറ്റങ്ങളാണ്, നാടെങ്ങും നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായ പൊലീസിന്റെ മറ്റു മുഖങ്ങള്‍. ഭയമോ ആയുധമോ കൊണ്ട് നാടിനെ നേര്‍വഴിക്ക് നടത്തുന്ന സര്‍ക്കാര്‍ സംവിധാനത്തിന് ഇപ്പോള്‍ പേടിപ്പിക്കാനല്ല, പേടി മാറ്റാനാണ് തിടുക്കം. കണ്ടമാനം അധികാരങ്ങള്‍ കൈയില്‍ വന്നിട്ടും, അവരിപ്പോള്‍, പഴയതു പോലെയേ അല്ല. തീരെ മാറാന്‍ കഴിയാത്ത ചിലരൊക്കെ തല്ലാനും ഓടിക്കാനും ഏത്തമിടീക്കാനും തവളച്ചാട്ടം ചാടിക്കാനുമൊക്കെ നടക്കുന്നുണ്ടെങ്കിലും, പൊലീസ  സേനയുടെ ശ്രദ്ധ ഇന്ന് മറ്റു പലതിലുമാണ്.

അതറിയാന്‍ ചെന്നൈയിലും സൂറത്തിലുമൊക്കെ ഒന്നിറങ്ങി നോക്കണം. ആരു കണ്ടാലും ഞെട്ടുന്ന കോലത്തിലാണ് അവിടെയിപ്പോള്‍ പൊലീസ്. യൂനിഫോമൊക്കെ ഇട്ട് കുട്ടപ്പന്‍മാരായിരിക്കുമ്പോഴും ഏമാന്‍മാരെ കണ്ടാല്‍ മൊത്തത്തില്‍ ഒരു സ്‌പെല്ലിംഗ് മിസ്‌റ്റേക്ക്. അതിനു കാരണം, തലയിലെ ഒരു പ്രത്യേക ഹെല്‍മറ്റാണ്. അതിന് കൊറോണ വൈറസിന്റെ രൂപം. ഒറ്റനോട്ടത്തില്‍ തല നിറയെ ചുവപ്പു മുഴകള്‍. പുരാണ സീരിയലുകളിലെ ശിവഗണങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഭീകരരൂപം. മുമ്പായിരുന്നു്വെങ്കില്‍, ഈ ഏമാന്‍മാര്‍ക്ക് വട്ടിളകിയോ എന്ന് ആളുകള്‍ ചോദിച്ചേനെ. ഇപ്പോള്‍ അതു ചോദിക്കില്ല, പകരം അഭിനന്ദിക്കും.

കാരണം, നമ്മളിപ്പോള്‍ കൊറോണക്കാലത്താണ്. ലോക്ക് ഡൗണിലായ തെരുവുകളില്‍ ആളിറങ്ങാതിരിക്കാനുള്ള ബോധവല്‍ക്കരണത്തിനാണ് ആ വൈറസു തൊപ്പി.  തമിഴ്‌നാട് വില്ലിവാക്കം സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രാജേഷ് ബാബു ആവട്ടെ, ആ തൊപ്പിയില്‍ ഒരു വാചകം കൂടി എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ''നിങ്ങള്‍ പുറത്തേക്കിറങ്ങിയാല്‍ ഞാനുമിറങ്ങും''. മറ്റേതു കാലത്തായാലും, വിചിത്രം എന്ന് സംശയരഹിതമായി പറയാമായിരുന്ന ഒരു വാചകം. വിചിത്രമായ തൊപ്പി വെച്ച് അതുപോലുള്ള വാചകങ്ങള്‍ എഴുതി ഒരാള്‍ റോഡിലിറങ്ങി നടക്കുന്ന സീന്‍ ഒന്നാലോചിച്ചു നോക്കൂ. അതാണ് ഇപ്പോള്‍ അങ്ങേയറ്റം നോര്‍മലായി മാറിയിരിക്കുന്നത്. ചെന്നൈയിലും സൂറത്തിലും മാത്രമല്ല, രാജ്യത്തെ മറ്റ് പല നഗരങ്ങളിലും പൊലീസുകാരുടെ തലയില്‍ ഇപ്പോള്‍ ഇത്തരം ഹെല്‍മറ്റുകളുണ്ട്.

ചെന്നൈയുടെ കാര്യത്തില്‍ അവിടെ തീര്‍ന്നില്ല കാര്യം. അവിടെ പുറത്തിറങ്ങിയവരെ പേടിപ്പിക്കാനുള്ള പ്രധാന കലാപരിപാടിക്കും വൈറസിന്റെ കൂട്ടുണ്ട്. മതിയായ കാരണങ്ങളില്ലാതെ നിരത്തിലിറങ്ങിയവരെ പിടികൂടി കൊറോണ വൈറസിന്റെ ചിത്രമുള്ള മുഖംമൂടി ധരിപ്പിച്ച്, ബോധവത്കരണത്തിനായുള്ള പ്ലക്കാര്‍ഡുകളും കയ്യില്‍ നല്‍കി പ്രതിജ്ഞയെടുപ്പിക്കുന്നതാണ് ഇവിടെ ശിക്ഷ. 'ഇനി വീട്ടില്‍നിന്നും പുറത്തിറങ്ങില്ല, പുറത്തിറങ്ങിയതിന് മാപ്പ് ചോദിക്കുന്നു' എന്നിങ്ങനെ പോവുന്നു പ്രതിജ്ഞ. പ്രതിജ്ഞയ്ക്കു ശേഷം, ഏത്തമിടല്‍ എന്ന ആചോരവുമുണ്ട്, ഇവിടെ.

അതെ, ശിക്ഷ.

പറഞ്ഞു പറഞ്ഞ് നമ്മളിപ്പോള്‍ അവിടെത്തന്നെയാണ് എത്തിയത്. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ പുറത്തിറങ്ങുന്നത് തടയാനുള്ള ശിക്ഷകള്‍. തല്ലു കൊണ്ടു മാത്രമാണ് നാടു നന്നാവുക എന്ന വിശ്വാസം ശ്വസിക്കുന്ന ചില പൊലീസുകാര്‍ ഇപ്പോഴും ശിക്ഷിക്കാനുള്ള തത്രപ്പാടിലാണ്. അക്രമങ്ങള്‍ക്കുള്ള നേരം അല്ലാഞ്ഞിട്ടും, ഇന്ത്യയിലെ അനേകം നഗരങ്ങളില്‍നിന്ന് മനുഷ്യരുടെ നിലവിളി ഉയര്‍ന്നത് ചില പൊലീസുകാരുടെ തല്ലിലുള്ള അചഞ്ചല വിശ്വാസം കൊണ്ടാണ്. അത് സ്വാഭാവികമാണ്. ആയോധന കലകളും തല്ലും തടവുമൊക്കെ പഠിപ്പിച്ച്, കൈയില്‍ ലാത്തിയും തോക്കുമൊക്കെയായി ഈ പൊലീസുകാരെയൊക്കെ പുറത്തിറക്കുന്നത്, 'തല്ലാണ് നാട്ിന് നല്ലത്' എന്ന് നല്ലോണം പഠിപ്പിച്ചിട്ടു തന്നെയാണ്. ഒറ്റ ദിവസം കൊണ്ടോ, ഏതെങ്കിലും വൈറസിനെ കണ്ടതുകൊണ്ടോ അതു പൂര്‍ണ്ണമായും മാറില്ല. അതിവിടത്തെ മാത്രം കാര്യമല്ല. മറ്റു സംസ്ഥാനങ്ങളിലും സമാനമാണ് അവസ്ഥ. ലോക്ക് ഡൗണിലായ ലോകത്തെ പല രാജ്യങ്ങളിലും പൊലീസുകാര്‍ നാട്ടുകാരെ അക്രമം കൊണ്ടുതന്നെയാണ് കൈകാര്യം ചെയ്യുന്നത്.

 

"

 

തല്ലുന്ന പൊലീസ്

മൊബൈല്‍ ക്യാമറയ്ക്കു മുന്നില്‍ ഏത്തമിടുന്ന നാട്ടുകാര്‍. ലാത്തിയും തോക്കുമൊക്കെയായി ചുറ്റും കൂടി നില്‍ക്കുന്ന പൊലീസുകാര്‍. അവര്‍ക്കു നടുവില്‍, യതീഷ് ചന്ദ്ര എന്ന പൊലീസ് ഉദ്യോഗസ്ഥന്‍. മാര്‍ച്ച് 29ന് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതാണ് ഈ ദൃശ്യങ്ങള്‍.

കണ്ണൂര്‍ ജില്ലയിലെ അഴീക്കലിലാണ് ജില്ലാ പൊലീസ് മേധാവി ജി.എച്ച്.യതീഷ് ചന്ദ്ര ഏത്തമിടീക്കല്‍ ശിക്ഷ നടപ്പാക്കിയത്. കൂട്ടം കൂടുന്നവരെ കായികമായി നേരിടുന്നതു ശരിയല്ലാത്തതുകൊണ്ടാണ്, മുന്നറിയിപ്പ് എന്ന നിലയില്‍ വ്യായാമം ചെയ്യിച്ചതെന്നാണ് ഇതിനു യതീഷ് ചന്ദ്രയുടെ വിശദീകരണം.

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍നിന്നു പുറത്തിറങ്ങിയ നാട്ടുകാരാണ്, ജില്ലാ പൊലീസ് മേധാവിക്കൊപ്പമുള്ള പൊലീസുകാരന്‍ നീട്ടിയ മൊബൈല്‍ ക്യാമറയ്ക്കു മുന്നില്‍ ഏത്തമിട്ടത്. അവരില്‍, രോഗികളുണ്ട്, കമ്യൂണിറ്റി കിച്ചനു സാധനം വാങ്ങാനിറങ്ങിയവരുണ്ട്. പൊലീസുകാരന്റെ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പെട്ടെന്നു തന്നെ വാട്ട്‌സാപ്പില്‍ പ്രചരിപ്പിച്ചു. ക്യാമറകള്‍ക്കു മുന്നില്‍ മുമ്പും, ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിടുകയും ഷോ ഓഫ് കാണിക്കുകയും ചെയ്ത ഉദ്യോഗസ്ഥന്‍, ഇതും തനിക്കുള്ള വാഴ്ത്തുപാട്ടാവുമെന്ന് കരുതിക്കാണണം, പക്ഷേ, വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും അടക്കം ഇതിനെതിരെ  പ്രതികരിക്കേണ്ടി വന്നു.

ഏത്തമിടീക്കല്‍ യതീഷ് ചന്ദ്രയുടെ മാത്രം ശിക്ഷാ രീതി ആയിരുന്നില്ല. ഇന്ത്യയിലുടനീളം അനേകം ഗ്രാമ-നഗരങ്ങളില്‍ പൊലീസ് ആ ശിക്ഷാരീതി നടപ്പാക്കി. കാരണമുള്ളതു കൊണ്ടോ അല്ലാതെയോ പുറത്തിറങ്ങിയവര്‍ പത്തോ നൂറോ തവണ, ക്യാമറകള്‍ക്കു മുന്നില്‍ ഏത്തമിടേണ്ടി വന്നു. ചിലയിടങ്ങളില്‍ തവളച്ചാട്ടമായിരുന്നു ഫാഷന്‍. പൊടുന്നനെ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ദില്ലിയില്‍ കുടുങ്ങിപ്പോയ ശേഷം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം നൂറു കണക്കിന് കിലോ മീറ്ററുകള്‍ അകലെയുള്ള വീടുകളിലേക്ക് പൊള്ളുന്ന റോഡില്‍ നടന്നു പോയ കുടിയേറ്റ തൊഴിലാളികളും വ്യാപകമായി ഈ ശിക്ഷാ വിധിക്ക് ഇരയായി. ലോക്ക് ഡൗണ്‍ ലംഘിച്ചു എന്നു പറഞ്ഞ് ഹൈവേയിലൂടെ താവളച്ചാട്ടം ചാടിക്കാനും ശയനപ്രദക്ഷിണം നടത്താനും ഇഴഞ്ഞു പോകാനും പുഷ് അപ്പ് എടുപ്പിക്കാനും ഒക്കെ പൊലീസ് തയ്യാറായി.  മധ്യപ്രദേശില്‍ ഒരു കുടിയേറ്റ തൊഴിലാളിയുടെ നെറ്റിയില്‍ സ്‌കെച്ച് പേന ഉപയോഗിച്ച്  'ഞാന്‍ ലോക്ക് ഡൗണ്‍ ലംഘിച്ചു, എന്നെ സൂക്ഷിക്കുക' എന്നെഴുതിയ പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ വൈറലായിരുന്നു.

കോഴിക്കോട് റൂറല്‍ ജില്ലാ പരിധിയില്‍ പൊലീസ് ഏര്‍പ്പെടുത്തിയത് ഇംപോസിഷന്‍ ശിക്ഷയാണ്.  ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയവര്‍ക്കാണ് ഈ ശിക്ഷ. 21 ദിവസം വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് 21 തവണ എഴുതി നല്‍കണം. ഇതിനു ശേഷം പൊലീസിന്റെ വക ബോധവത്ക്കരണവുമുണ്ട്. ഇതിന് ശേഷമേ പിടികൂടിയവരെ വിടൂ. കാസര്‍കോട് പൊലീസ് തല്ലിച്ചതച്ചത് ജില്ലാ പൊലീസ് മേധാവിക്ക് മാസ്‌ക് കൈമാറി മടങ്ങുകയായിരുന്ന സന്നദ്ധ പ്രവര്‍ത്തകനെയാണ്. കൊറോണ സെല്‍ വളന്റിയറായ ഉദുമ ബേവൂരി സ്വദേശിയായ അമോഷ് കെ അഭിമന്യുവിനെ.

എന്നാല്‍, ഇതൊക്കെ നാട്ടുകാര്‍ക്കേ ബാധകമാവൂ, നിരോധനാജ്ഞ ലംഘിച്ച്  കോട്ടക്കലിനടുത്ത് കോഴിച്ചെനയിലുള്ള ആര്‍ആര്‍ആര്‍എഫ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ച ഇരുപത്തിയഞ്ചോളം പൊലീസുകാര്‍ക്ക് തല്‍ക്ഷണമുള്ള ഏത്തമിടലും ഇംപോസിഷനും ഒന്നുമുണ്ടായില്ല. പകരം, ഫുട്‌ബോള്‍ കളിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ട തെന്നല ഗ്രാമ പഞ്ചായത്തിലെ സിപിഎം അംഗം മുഹമ്മദ് സുഹൈലിനെ കൈകാര്യം ചെയ്യുകയായിരുന്നു പൊലീസ്. പൊലീസുകാരുടെ കാല്‍പ്പന്ത് മികവു ശരീരം കൊണ്ടറിഞ്ഞ പഞ്ചായത്ത് അംഗത്തെ പിന്നെ പരിക്കുകളോടെ കോട്ടക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതൊക്കെ കൊണ്ടു തന്നെയാണ് കൊണ്ടോട്ടി നഗരസഭ അധ്യക്ഷ അടക്കമുള്ളവരെ മര്‍ദ്ദിക്കാന്‍ പൊലീസുകാര്‍ക്ക് ധൈര്യം കിട്ടിയത്. സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കടകളില്‍ പരിശോധനക്കെത്തിയപ്പോഴാണ് പൊലീസ് നഗരസഭാധ്യക്ഷയെയും ഉേദ്യാഗസ്ഥരെയും തല്ലിയോടിച്ചത്.

പൊലീസിന്റെ ലോക്ക് ഡൗണ്‍ വേട്ടയുടെ ഇര എന്നുറപ്പായും വിളിക്കാവുന്ന ആള്‍ പശ്ചിമ ബംഗാളുകാരനായ ലാല്‍ സ്വാമി എന്ന എന്ന 32 വയസ്സുകാരനാണ്. ഹൗറയിലെ മാര്‍ക്കറ്റില്‍ ഒരു പാക്കറ്റ് പാല്‍ വാങ്ങാന്‍ ഇറങ്ങിയതായിരുന്നു ലാല്‍. തെരുവില്‍ കൂടി നിന്നവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തുന്നതിനിടെ അവിടെയെത്തിയ സ്വാമിക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്ത്യയില്‍ മാത്രമല്ല ഈ അവസ്ഥ. ദക്ഷിണാഫ്രിക്കയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവരെ പൊലീസ് തെരുവിലൂടെ ഉരുട്ടുകയായിരുന്നു. ചിലരെ തവളച്ചാട്ടം ചാടിച്ചു. ജനങ്ങള്‍ക്കുനേരെ ജലപീരങ്കി ഉപയോഗിച്ചു. റബ്ബര്‍ ബുള്ളറ്റുകള്‍ പായിച്ചു. ഫിലിപ്പീന്‍സിലാവട്ടെ, പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച പട്ടിക്കൂടുകളിലടക്കുക, പൊരിവെയിലത്ത് റോഡില്‍ മുട്ടുകുത്തി ഇരിപ്പിക്കുക തുടങ്ങിയവയായിരുന്നു ശിക്ഷ. കെനിയയില്‍,  വീട്ടിലെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്ന യാസിന്‍ ഹുസൈന്‍ മോയോ എന്ന പതിമൂന്നുകാരനെ ബാലനെ റോന്തുചുറ്റാനിറങ്ങിയ പൊലീസ് വെടിവെച്ചു കൊന്നു. കൊറോണക്കാലത്തായിട്ടും, അവന്റെ മൃതദേഹം പേറി ആയിരങ്ങളാണ് അവിടെ തെരുവിലിറങ്ങിയത്.തലോടുന്ന പൊലീസ്

ഇതു മാത്രമാണ് ഇക്കാലത്തെ പൊലീസ് എന്നു കരുതരുത്. കുറേ പൊലീസുകാര്‍ പഴയ വഴിക്കു നീങ്ങുന്നുവെങ്കിലും, ഭൂരിഭാഗം പേരും കൈമെയ്യ് മറന്ന് കൊവിഡ് വിരുദ്ധ പ്രവര്‍ത്തനങ്ങളിലാണ്. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവരെ കൈകാര്യം ചെയ്യുക മാത്രമല്ല, ഭക്ഷണമില്ലാത്തവര്‍ക്ക് ഭക്ഷണം എത്തിക്കാനും ആവശ്യക്കാര്‍ക്ക് മരുന്നുകള്‍ എത്തിക്കാനുമൊക്കെ അവരുണ്ട്. ആളുകളിപ്പോള്‍ സ്‌റ്റേഷനിലേക്ക് വിളിക്കുന്നത് പരാതി പറയാന്‍ മാത്രമല്ല. മരുന്നുകള്‍ കിട്ടാതെ വന്നാലോ, ഭക്ഷണ സാധനങ്ങള്‍ കിട്ടാതെ വന്നാലോ ധൈര്യമായി വിളിക്കാവുന്ന ഒരിടമാണ് ഇപ്പോള്‍ പൊലീസ് സ്‌റ്റേഷന്‍.

തിരുവനന്തപുരത്ത് വന്നാല്‍, ഇതിന്റെ മറ്റൊരു മാതൃക കാണാം. ഇവിടെയുള്ള കുറേ വനിതാ പൊലീസുകാര്‍ ഇപ്പോള്‍ രാവിലെ ഡ്യൂട്ടിക്ക് പോവുന്നത് മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ ഗാര്‍മെന്റ്‌സ് സ്ഥാപനത്തിലാണ്. അവിടെ കൊവിഡിനെ പ്രതിരോധിക്കാനുളള മാസ്‌കുകള്‍ തയ്ക്കുകയാണ് അവരുടെ ജോലി.  തയ്യല്‍ വശമുളള വനിതാ പൊലീസുകാരാണ് ഇവിടെ എത്തുന്നത്. അവര്‍ക്കൊപ്പം സ്ഥാനത്തിലെ ജീവനക്കാരും കൂടും. സംസ്ഥാനത്തെ വിവിധ പൊലീസ് ബാരക്കുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മാസ്‌ക് നിര്‍മാണത്തിലാണ് ഇവരും പങ്കുചേരുന്നത്. അഞ്ചു ലക്ഷം മാസ്‌കുകള്‍. അതാണ് പൊലീസിന്റെ ലക്ഷ്യം.

അവിടെ നില്‍ക്കുന്നില്ല കാര്യങ്ങള്‍. കൊറോണ െവെറസിനെക്കുറിച്ച് അവബോധം പടര്‍ത്താനും അസുഖ ബാധിതരെ സഹായിക്കാനുമൊക്കെ ഇപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സജീവമാണ്. വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ജനങ്ങളെ വഴിതെറ്റിക്കുന്നവരുടെ മേലും പൊലീസിന്റെ കണ്ണുണ്ട്. നിരവധി പേരാണ്, വ്യാജവാര്‍ത്തകളും വ്യാജ സന്ദേശങ്ങളും പ്രചരിപ്പിച്ചതിന് പിടിയിലായത്. ഹൈടെക്  ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എന്നിവരൊക്കെ ഇപ്പോള്‍ ഇത്തരം സന്ദേശങ്ങള്‍ക്കു പിന്നാലെയാണ്.

പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പൊലീസ് നടത്തിയ ശ്രമങ്ങളാണ് ഈയടുത്ത് കണ്ണൂര്‍ പൊലീസിന് കൈയടി നേടിക്കൊടുത്തത്. ചെറുപുഴ പഞ്ചായത്തിലെ പാറോത്തുംനീര്‍ സ്വദേശികളുടെ ചോരക്കുഞ്ഞാണ് പൊലീസ് ഇടപെടലിലൂടെ രക്ഷപ്പെട്ടത്. അസുഖം മൂര്‍ച്ഛിച്ച കുഞ്ഞിനെ 20 മിനിറ്റിനുള്ളില്‍ 28 കിലോ മീറ്റര്‍ താണ്ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു ചെറുപുഴ പൊലീസ്.

ചണ്ഡിഗഡിലുമുണ്ട് പൊലീസിന്റെ സാന്ത്വനം നേരിട്ടറിഞ്ഞ ഒരു കുടുംബം. ലോക്ക്ഡൗണ്‍ കാരണം പട്ടിണിയിലായി ആത്മഹത്യയുടെ വക്കിലെത്തിയ കുടുംബത്തെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്. പട്ടിണി സഹിക്കാനാവാതെ ആത്മഹത്യ ചെയ്യുകയാണെന്ന് മൂന്നംഗ കുടുംബം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍. ആവശ്യത്തിന് ഭക്ഷണവും പണവും നല്‍കിയാണ് പൊലീസ് അവിടെനിന്നിറങ്ങിയത്.

ഉത്തര്‍പ്രദേശില്‍നിന്നാണ് സന്തോഷകരമായ മറ്റൊരു വാര്‍ത്ത. ബറേലി സ്വദേശിയായ തമന്ന ഖാന്‍ എന്ന ഇരുപത്തിയഞ്ചുകാരിയെയാണ് നിര്‍ണായകമായ ഒരു ഘട്ടത്തില്‍ പൊലീസ് സഹായിച്ചത്.  പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു തമന്ന. പ്രസവം അടുത്തുവന്ന സാഹചര്യത്തില്‍ അവരൊരു വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 'എന്നെ സഹായിക്കണം, ഞാന്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണ്. എന്റെ ഭര്‍ത്താവ് അനീസ് ഖാന്‍ ലോക്ക്ഡൗണ്‍ കാരണം നോയിഡയില്‍ കുടുങ്ങിക്കിടക്കുകയാണ്' ഇതായിരുന്നു തമന്നയുടെ സന്ദേശം. ഉടന്‍തന്നെ പൊലീസ് ഈ വിഷയത്തില്‍ ഇടപെട്ടു. നോയിഡയില്‍നിന്നും അനീസ് ബറേലിയിലെത്തി. അധികം വൈകാതെ തമന്ന ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. ഭര്‍ത്താവിനെ അടുത്തെത്തിക്കാന്‍ മുന്‍കയ്യെടുത്ത രണ്‍വിജയ് സിംഗ് എന്ന പൊലീസുദ്യോഗസ്ഥനോടുള്ള കടപ്പാടു കാരണം തമന്ന കുഞ്ഞിനിട്ട പേര് ഇങ്ങനെയാണ്: മുഹമ്മദ് രണ്‍വിജയ് ഖാന്‍.

 

പാടുന്ന, നൃത്തം വെയ്ക്കുന്ന പൊലീസ്

ഏതോ സംഗീത ആല്‍ബം പോലുണ്ടായിരുന്നു ആ വീഡിയോ. ഇരുണ്ട, ദുരൂഹമായ പശ്ചാത്തലമുള്ള ഇടുങ്ങിയ തെരുവിലൂടെ രണ്ടു പൊലീസ് വാഹനങ്ങള്‍ കുതിച്ചു വരുന്നു. തെരുവുമധ്യേ ബ്രേക്കിട്ട് നിര്‍ത്തുന്ന വാഹനങ്ങളില്‍നിന്ന് പൊലീസ് ഇറങ്ങി വരുന്നു. അവരുടെ കൈയില്‍ ഗിറ്റാറുകളാണ്. പൂര്‍ണ്ണ ലോക്ക്ഡൗണിലായ വീടുകളില്‍നിന്ന് കാര്യമറിയാതെ തല പുറത്തേക്കിട്ട് നോക്കുന്ന അനേകം പേരുടെ കാതുകളിലേക്ക് പൊടുന്നനെ മനോഹരമായ സംഗീതം ഇഴഞ്ഞു ചെല്ലുന്നു. തെരുവിന്റെ ശാന്തതയെ മുറിച്ച് പാട്ടു മുറുകുമ്പോള്‍ എല്ലാ വീടുകളില്‍നിന്നും ആളുകള്‍ അതിനോടൊപ്പം ഇളകുന്നു. പാട്ടു തീരുമ്പോള്‍ കൈയടികള്‍ മുറുകുന്നു.

കൊവിഡ് രോഗം ആഞ്ഞടിച്ച സ്‌പെയിനിലെ മെഗോര്‍കയിലുള്ള ആല്‍ഗൈദയിലാണ്, ലോക്ക്ഡൗണ്‍ ആധികള്‍ വകഞ്ഞുമാറ്റുന്ന പാട്ടുമായി പൊലീസ് എത്തിയത്. മനോഹരമായ ആ അനുഭവം ലോകമെങ്ങും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

അവിടെ മാത്രമല്ല, ഇന്ത്യയിലെ അനേകം പൊലീസ് സ്‌റ്റേഷനുകളും ഇപ്പോള്‍ പാട്ടിലൂടെയും നൃത്തത്തിലൂടെയും ലോക്ക്ഡൗണ്‍ കാലത്തിന് അയവു വരുത്താന്‍ ശ്രമിക്കുകയാണ്. ബോധവല്‍ക്കരണമായും അടഞ്ഞുപോയ മനുഷ്യരില്‍ സന്തോഷം നിറയ്ക്കുന്ന അനുഭവമായും പൊലീസിന്റെ ആട്ടവും പാട്ടും ലോക്ക്ഡൗണ്‍ തെരുവുകളില്‍ നിറയുന്നു.

ശരിയായി കൈ കഴുകി കൊവിഡിനെ ചെറുക്കേണ്ടതെങ്ങനെ എന്ന് നൃത്തച്ചുവടുകളിലൂടെ പറയുന്ന കേരള പൊലീസിന്റെ വീഡിയോ ഓര്‍ക്കുന്നില്ലേ? നൃത്തച്ചുവടുകളില്‍ മഹത്തായ സന്ദേശം കോര്‍ത്തുവെച്ച ആ വീഡിയോ നാട്ടിലെങ്ങും പാട്ടായിരുന്നു. വീഡിയോ പിന്നീട്, കടല്‍കടന്നു പോയി. രാജ്യാന്തര മാധ്യമങ്ങളില്‍ വാര്‍ത്തയായി. 'പരിഭ്രാന്തിയല്ല, ജാഗ്രതയാണ് ആവശ്യം, കേരള പൊലീസ് ഒപ്പമുണ്ട്' എന്ന കുറിപ്പോടെ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് അത് പുറത്തുവിട്ടത്.

കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പ്പാലം പൊലീസ് സ്‌റ്റേഷനിലാണ്, കൊറോണക്കാലത്ത് ഏറെ ശ്രദ്ധേയമായ മറ്റൊരു പാട്ട് പിറന്നത്. 'തകര്‍ക്കണം തകര്‍ക്കണം നമ്മളീ കൊറോണ തന്‍ കണ്ണിയെ...'എന്ന ഗാനം രചിച്ചത് സറ്റേഷനിലെ ഉദ്യോഗസ്ഥനായ അബ്ദുല്ലക്കുട്ടിയാണ്. ദീപ എന്ന പൊലീസുകാരിയാണ് മനോഹരമായി ഈ ഗാനം ആലപിച്ചത്.  മരത്തണലില്‍ മൈക്ക് പിടിച്ചു നിന്ന് ദീപ ഈ ഗാനമാലപിക്കുന്ന വീഡിയോ ഫേസ്്ബുക്കില്‍ തരംഗമായിരുന്നു.

 

"

 

ചിരിക്കുന്ന, ചിരിപ്പിക്കുന്ന പൊലീസ്

ലോക്ക്ഡൗണ്‍ കാലത്തെ വരിഞ്ഞു മുറുകിയ സാഹചര്യത്തില്‍ ചിരിപ്പിക്കുന്ന കുറേ അനുഭവങ്ങളും പൊലീസില്‍നിന്നുണ്ടായി.

ഏയ് ഓട്ടോയിലെ കുഞ്ചന്റെ കഥാപാത്രത്തെ പോലെ ബൈക്കില്‍ പാഞ്ഞെത്തി പൊലീസിനെ കൂവി വിളിച്ച് കടന്നുകളയുന്ന ഫ്രീക്കന്‍മാരെ പൊക്കിയതാണ് അതിലൊരു കഥ. കൊല്ലം ജില്ലയിലെ കൊട്ടിയത്തിനടുത്താണ് സംഭവം. ലോക്ക്ഡൗണ്‍ കാലത്ത്, പൊലീസ് നിരന്തരം അനുഭവിച്ച തലവേദന ആയിരുന്നു ഈ ഫ്രീക്കന്‍മാര്‍. ന്യൂജന്‍ ബൈക്കില്‍ ചീറിപ്പാഞ്ഞെത്തുന്ന യുവാക്കള്‍ പൊലീസിനെ കാണുമ്പോള്‍ ദൂരെ വണ്ടി നിര്‍ത്തും. എന്നിട്ട് കൂകിവിളിച്ച് കടന്നു കളയും. ഇത് പതിവായതോടെ നമ്പര്‍ തിരിച്ചറിയാന്‍ പറ്റാത്തത്ര അകലത്തുനിന്നുള്ള ഈ കളി നിര്‍ത്തിക്കാന്‍ പൊലീസ് കെണിയൊരുക്കി. അത് പക്ഷേ, പയ്യന്‍മാര്‍ അറിഞ്ഞില്ല. നമ്പര്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കിയ പൊലീസ് ഫ്രീക്കന്‍മാര്‍ കലാപരിപാടി കഴിഞ്ഞ് വീട്ടിലെത്തിയതും അവിടെ എത്തി.

സമാനമായിരുന്നു കുന്ദംകുളത്തെ കൊറോണ കള്ളന്റെ കഥ. ഏഴടി പൊക്കമുള്ള, ദുരൂഹതകളില്‍ കുളിച്ച കള്ളനെ പിടിക്കാനെന്നു പറഞ്ഞ്, ചെറുപ്പക്കാരെല്ലാം റോഡില്‍ നിറയുകയായിരുന്നു. ബൈക്കുകളില്‍ കള്ളനെ പിടിക്കാന്‍ കുതിക്കുന്ന ചെറുപ്പക്കാരെ എന്തു ചെയ്യണം എന്നറിയാതെ പൊലീസ് വലഞ്ഞു. വ്യാജവീഡിയോകളും സന്ദേശങ്ങളും ഫോട്ടോഗ്രാഫുകളും കൊണ്ട് നിര്‍മിതമായ കള്ളന്റെ കഥ പക്ഷെ, പൊലീസ് തന്നെ പൊളിച്ചു കൊടുത്തു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ്, ഇല്ലാത്ത കള്ളന്റെ ഇല്ലാത്ത കഥകളാണ് പരന്നതെന്ന് വ്യക്തമായത്. പേടിച്ച് ഉറക്കമില്ലാതായ അനേകം മനുഷ്യരുടെ ഉരുക്കമാണ് ഇതോടെ കളിചിരികളിലേക്ക് വഴിമാറിയത്.

തൃശ്ശൂര്‍ പേരാമംഗലം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഉണ്‍മേഷിന്റെ ഇരട്ടക്കുട്ടികളുടെ പിറന്നാളായിരുന്നു രസകരമായ മറ്റൊരു സംഭവം. കൊറോണ ഡ്യൂട്ടികളുള്ളതിനാല്‍ കൊല്ലം സ്വദേശിയായ ഉണ്‍മേഷിന് നാട്ടിലേക്ക് പോകാനും കുട്ടികളെ കാണാനും സാധിച്ചിരുന്നില്ല. ഇതറിഞ്ഞ  പേരാമംഗലം സി ഐ രാജേഷ് കെ. മേനോന്റെ മുന്‍കൈയിലാണ് വിശേഷപ്പെട്ട പിറന്നാളാഘാഷം നടന്നത്. പുഴയ്ക്കല്‍ ശോഭാ സിറ്റിക്ക് സമീപം വാഹനപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉണ്‍മേഷിന്റെ അടുത്തെത്തിയ സിഐ റോഡരികില്‍ കേക്കു മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു. ഈ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സിറ്റി പൊലീസിന്റെ  ഔദ്യോഗിക ഫേസ്ബുക്ക് പേജിലുടെ പുറത്തുവന്നു.

 


കരയുന്ന, കരയിക്കുന്ന പൊലീസ്

തമിഴ്‌നാട്ടില്‍നിന്നാണ് റോഡില്‍, ആള്‍ക്കാരുടെ മധ്യത്തില്‍ പൊട്ടിക്കരയുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് വാഹനങ്ങളുമായി റോഡിലേക്കിറങ്ങിയ ആളുകളോട് മടങ്ങിപ്പോകണമെന്നാവശ്യപ്പെടുന്ന ട്രാഫിക് പൊലീസുകാരനായിരുന്നു വീഡിയോയില്‍. കൈകള്‍ കൂപ്പി നിന്ന് പൊട്ടിക്കരയുന്ന പൊലീസുകാരന്റെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ബെക്കിലെത്തിയ യാത്രികരോട് സമാധാനപരമായി മടങ്ങിപ്പോകാന്‍ പൊലീസുകാരന്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ആരും അത് കൂട്ടാക്കിയില്ല. ഇതോടെയാണ് പൊലീസുകാരന്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. 'ദയവായി വീട്ടിലിരിക്കൂ, നാട് നാശത്തിലേക്ക് പോകാതിരിക്കാനായി നിങ്ങളുടെ കാല് പിടിക്കാം' എന്നു പറഞ്ഞായിരുന്നു കരച്ചില്‍. എന്നിട്ടും, നിരവധിപ്പേര്‍ പൊലീസുകാരനെ മറികടന്ന് പോകുന്നത് വീഡിയോയില്‍ കാണാം.

പഞ്ചാബിലെ ലുധിയാനയിലാണ് കള്ളനെ പിടിച്ച പൊലീസ് കരഞ്ഞുപോയത്. അറസ്റ്റിലായ കള്ളന് കൊവിഡ് 19 സ്ഥിരീകരിച്ചേതാടെയാണ് ഈ അവസ്ഥ. സൗരവ് സെഹഗാള്‍ എന്ന വാഹനമോഷ്ടാവാണ് പണി കൊടുത്തത്. പിടികൂടി ലോക്കപ്പിലിട്ടതിന് പിറ്റേന്ന് ഇയാള്‍ക്ക് കൊവിഡ് രോഗം ഉറപ്പിച്ചു. അതോടെ, എസ്എച്ച്ഒമാര്‍ ഉള്‍പ്പെടെ സ്‌റ്റേഷനിലെ 17 പൊലീസുകാരും പെട്ടു. തുടര്‍ന്ന് ഇവരെ ക്വാറന്റീന്‍ ചെയ്തു. ഇത്രയും പേര്‍ ഒന്നിച്ച് പോയതോടെ സ്‌റ്റേഷന്‍ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലായി.

പുറത്ത് കൊറോണ ഉണ്ടെന്നും ജോലിക്ക് പോകണ്ടെന്നും പറഞ്ഞ് പൊലീസുകാരനായ അച്ഛനോട് കരയുന്ന കുഞ്ഞിന്റെ വീഡിയോ ആരെയും കരയിക്കുന്നതായിരുന്നു. കൊവിഡ് 19 ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടില്‍നിന്നിറങ്ങും മുമ്പായിരുന്നു കുഞ്ഞിന്റെ കരച്ചില്‍.  മഹാരാഷ്ട്ര പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ജോലിക്കിറങ്ങുന്ന പിതാവിനോട് കുഞ്ഞ് കെഞ്ചിക്കരയുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നിട്ടും മകന്റെ അപേക്ഷ വകവെയ്ക്കാതെ, അയാള്‍ക്ക് ഡ്യൂട്ടിക്ക് പോവേണ്ടിവരുന്നു.

 


പൂക്കളേന്തിയ പൊലീസ്

കാലത്തിന്റെ കാവ്യനീതിപോലെ, വ്യത്യസ്തമായ മറ്റൊരു ലോക്ക്ഡൗണ്‍ ദൃശ്യമായിരുന്നു ദില്ലയില്‍നിന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. സമീപകാലത്തായി ഏറെ വിവാദങ്ങളില്‍ അകപ്പെട്ട ദില്ലി പൊലീസായിരുന്നു ആ ഫോട്ടോകളില്‍.

പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജാമിഅ  മില്ലിയ സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ക്കു തൊട്ടുപിന്നാലെ, തലസ്ഥാനത്ത് നടന്ന വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ഓര്‍മ്മയില്ലേ? അതിലെ ഏറ്റവും അസാധാരണമായ കാഴ്ചയായിരുന്നു പൂക്കളുമായി  പൊലീസിനെ സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍. ലാത്തിയും തോക്കുമായി നിരന്നു നില്‍ക്കുന്ന പൊലീസുകാര്‍ക്കു നേരെ നിര്‍ഭയരായി ചെന്ന്, കുട്ടികള്‍ റോസാപ്പൂക്കള്‍ നീട്ടുന്ന ആ ദൃശ്യങ്ങള്‍, പ്രക്ഷോഭത്തിന്റെ ഉജ്വലമായ ഇമേജുകളായി മാറി. ആയുധങ്ങളെ നോക്കുകുത്തിയാക്കുന്ന സ്‌നേഹത്തിന്റെ സന്ദേശമായി ആ ദൃശ്യങ്ങള്‍ ലോകമാകെയുള്ള മാധ്യമങ്ങളില്‍ നിറഞ്ഞു.

അതേ ദില്ലി പൊലീസാണ്, ജനതാ കര്‍ഫ്യൂ ദിനത്തില്‍ പനിനീര്‍പ്പൂക്കളുമായി നിരത്തിലിറങ്ങിയത്. ആ പൂക്കള്‍, കര്‍ഫ്യൂ ലംഘിച്ച് റോഡിലിറങ്ങിയവര്‍ക്ക് ഉള്ളതായിരുന്നു. വിജനമായ റോഡുകളിലേക്ക് വാഹനങ്ങളുമായി ഇറങ്ങിയവരെ പൂക്കള്‍ നല്‍കി തിരിച്ചയക്കുന്ന പൊലീസുകാരുടെ ദൃശ്യങ്ങള്‍ ആ ദിവസം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

പൂക്കളും പൊലീസും വിദ്യാര്‍ത്ഥികളുമുള്ള ആദ്യ ചിത്രങ്ങള്‍, അതിന്റെ രാഷ്ട്രീയ ഉള്ളടക്കം കൊണ്ടാണ് സവിേശഷമായ ഒന്നായത്. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ സൗന്ദര്യമത്രയും ആവാഹിക്കപ്പെട്ട ഒരു നിമിഷമായിരുന്നു അത്. മനോഹരമായ ഒരു സമരമാര്‍ഗം. ആ കലിപ്പിലാണ്, രോഷം കത്തുന്ന കണ്ണുകളുമായി നിന്ന ദില്ലി പൊലീസ് ആ പൂക്കളെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍, അതേ പൊലീസുകാര്‍, അതേ പൂക്കളുമായി റോഡില്‍ അണിനിരന്നപ്പോള്‍, അത് അസാധാരണമായ ഒരനുഭവമായി.

ഈ അസാധാരണത്വമാണ്, മര്‍ദ്ദേനാപകരണം എന്ന നിലയില്‍നിന്നും മറ്റു വഴികളിലേക്ക് നമ്മുടെ പൊലീസിനെ മാറ്റിപ്പണിതത്. അത് ലോക്ക് ഡൗണ്‍ ഉണ്ടാക്കിയ മാറ്റമാണ്. കൊേറാണക്കാലം വിതച്ച മാറ്റമാണ്. ലോകമാകെ മാറുമ്പോള്‍, കാലമാകെ മാറുമ്പോള്‍, നമ്മുടെ അനുഭവപരിസരങ്ങളാകെ അസാധാരണ തലങ്ങളിലേക്ക് കടക്കുമ്പോള്‍, പൊലീസിന് മാത്രം അതില്‍നിന്നും വിട്ടുനില്‍ക്കാനാവില്ല. അതിന്റെ നേര്‍ക്കാഴ്ചകളാണ്, നമ്മുടെ തെരുവുകളില്‍ ഇന്ന് നിറയുന്നത്.

 

 

ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍ 

ആദ്യ ദിവസം:'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.

രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ

മൂന്നാം ദിവസം: ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?

നാലാം ദിവസം: വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും?

അഞ്ചാം ദിവസം: ലോക്ക്ഡൗണ്‍ ഭയക്കാതെ ആ അതിഥി തൊഴിലാളികള്‍ എന്തിനാവും തെരുവിലിറങ്ങിയത്?

ആറാം ദിവസം: ലിപ് ലോക് ചുംബനങ്ങള്‍ക്ക് വിട, ഫ്ലൈയിംഗ് കിസിന് സ്വാഗതം!

ഏഴാം ദിവസം: ഈ സമയത്ത് ഫേസ്ബുക്കില്‍ ഫോട്ടോ കുത്തിപ്പൊക്കാമോ?

എട്ടാം ദിവസം: എന്നിട്ടും എന്തിനാവും അവര്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തിങ്ങിക്കൂടിയത്?

ഒമ്പതാം ദിവസം: കേരളമേ, കൊറോണ ഒരു പ്രവാസിയല്ല!

പത്താം ദിവസം:കുന്ദംകുളത്തെ പറക്കുന്ന കള്ളന്‍: നേരെത്ര, നുണയെത്ര?

പതിനൊന്നാം ദിവസം: നമ്മള്‍ ഉണ്ടുറങ്ങുന്ന ബിഗ് ബോസ് വീടുകള്‍

പന്ത്രണ്ടാം ദിവസം: പൂ പോലുള്ള കുട്ടികള്‍, പുല്ലുതിന്നുന്ന കുട്ടികള്‍

പതിമൂന്നാം ദിവസം: മരിച്ചില്ലായിരുന്നുവെങ്കില്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് കെ. എം ബഷീര്‍ എന്ത് ചെയ്യുകയാവും?

പതിനാലാം ദിവസം: അടുക്കള ഒരത്ഭുത ലോകമാണ്, കേരളവും! 

പതിനഞ്ചാം ദിവസം: യോദ്ധാവോ മാലാഖയോ അല്ലാത്ത ഈ നഴ്‌സുമാരുടെ ചോരയ്ക്ക് നമ്മളെത്ര വിലയിടും?

പതിനാറാം ദിവസം: ആരെയാണ് മനുഷ്യരെ നിങ്ങള്‍ പറ്റിക്കുന്നത്, ഭൂമിയെയോ?