Asianet News MalayalamAsianet News Malayalam

ആരെയാണ് മനുഷ്യരെ നിങ്ങള്‍ പറ്റിക്കുന്നത്, ഭൂമിയെയോ?

കൊറോണക്കാലത്തെക്കുറിച്ച് ഭൂമിക്ക് എന്താണ് പറയാനുള്ളത്? ലോക്ക്ഡൗണ്‍ കുറിപ്പുകള്‍ പതിനാറാം ദിവസം. കെ പി റഷീദ് എഴുതുന്നു
 

Lock down column by KP Rasheed climate change environment corona virus
Author
Thiruvananthapuram, First Published Apr 9, 2020, 10:46 PM IST
  • Facebook
  • Twitter
  • Whatsapp

ഈ അടിയന്തിര പ്രാധാന്യമാണ് ലോകം ഇന്ന് തിരിച്ചറിഞ്ഞത്. അതു പക്ഷേ, കാലാവസ്ഥാ വ്യതിയാനം എന്ന വമ്പന്‍ ഭീഷണി കാരണമല്ല. വയസ്സു തികഞ്ഞു നില്‍ക്കുന്ന നമ്മുടെ ലോകനേതാക്കളുടെ ജീവനുപോലും ഭീഷണിയായ കൊറോണ വൈറസ് കാരണമാണ്. ജീവനിലുള്ള കൊതി കാരണമാണ്. അങ്ങനെ ലോക്ക്ഡൗണ്‍ വന്നു. ഭൂമിയാകെ അതിന്റെ പ്രത്യാഘാതങ്ങള്‍ കൊണ്ടറിഞ്ഞു. നമ്മുടെയല്ലാം ജീവത കാഴ്ചപ്പാടുകളില്‍ തന്നെ മാറ്റം വന്നു. എന്നാല്‍, അല്‍പ്പകാലം കഴിഞ്ഞാല്‍, കൊറോണ ഭീഷണി അകന്നാല്‍, ഇതൊക്കെ നാം മറക്കുക തന്നെ ചെയ്യും. ലോകം വീണ്ടും പഴയ ജീവിതങ്ങളിലേക്ക് മടങ്ങിപ്പോവും. അടിയന്തിരമായി ചെയ്യേണ്ട നടപടികളൊക്കെ ലോകരാഷ്ട്രങ്ങള്‍ മറക്കുന്ന നേരത്ത്, കാലാവസ്ഥാ വ്യതിയാനം, അതിന്റെ ഏറ്റവും ക്രൂരമായ വിഷവിത്തുകള്‍ ഭൂമിയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യും. അത് പ്രളയമാവാം, നഗരങ്ങള്‍ കടലെടുക്കലാവാം, വരള്‍ച്ചയോ കാട്ടുതീയോ മഹാമാരികളോ ഒക്കെയാവാം.

 

 

കൊറോണക്കാലത്ത് സോഷ്യല്‍ മീഡിയയിലാകെ വൈറലായ ഒരു ഇമേജ് ആണ് ഈ കുറിപ്പിന്റെ കവര്‍ ചിത്രം. ഭൂമിയുടെ മുഖത്തിനു നേര്‍ക്കു ഒരു മാസ്‌ക്. ലോകത്തെ പല കലാകാരന്‍മാര്‍ ചിത്രങ്ങളായും ഫോട്ടോഗ്രാഫുകളും ജിഫ് ഇമേജുകളായുമൊക്കെ ആ ആശയം പകര്‍ത്തിയിട്ടുണ്ട്. അതില്‍നിന്നും, ഡച്ചുകാരിയായ അലക്‌സാന്ദ്ര കോച്ച് ഡിസൈന്‍ ചെയ്ത ഒരു ഇമേജാണ് ഇവിടെ ഉപയോഗിച്ചത്.

ഭൂമിക്കു മീതെ കൊറോണ വൈറസ് എന്ന ഭസ്മാസുരന്‍. ആ നിലയ്ക്കാണ്, കൊറോണ വൈറസിന്റെ ലോഗോ പോലെയായി മാറിയ, സര്‍ജിക്കല്‍ മാസ്‌ക് അണിഞ്ഞു നില്‍ക്കുന്ന ഭൂമിയുടെ ഈ ചിത്രങ്ങള്‍ നമ്മള്‍ പ്രചരിപ്പിച്ചത്. മനുഷ്യന്‍ സമം ഭൂമി എന്ന ചിന്തയുടെ ബാക്കി. മനുഷ്യരാശിക്കു നേരെ വെല്ലുവിളി ഉയര്‍ത്തിയ കൊറോണ വൈറസ് സത്യത്തില്‍ ഭൂമിക്കു നേരെയാണ് വെല്ലുവിളി ഉയര്‍ത്തുന്നത് എന്നാണ്, ആ ചിത്രത്തിലൂടെ ഇക്കണ്ട മനുഷ്യരെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നത്.

എന്നാല്‍ ഭൂമിയോ? കൊറോണക്കാലത്തെക്കുറിച്ച് ഭൂമിക്ക് എന്താണ് പറയാനുള്ളത്?

അതു കാണണമെങ്കില്‍, ആകാശത്തേക്കു നോക്കേണ്ടി വരും. അവിടെയിപ്പോള്‍ ആകാശത്തേക്ക് രാസവിഷങ്ങള്‍ കാര്‍ക്കിച്ചു തുപ്പുന്ന വ്യവസായ ശാലകളുടെ ആര്‍ത്തി കാണാനാവില്ല.

അത് കേട്ടറിയണമെങ്കില്‍, നിങ്ങള്‍ക്ക് സമതലങ്ങളിലേക്ക് കാതുവെക്കേണ്ടി വരും. അവിടെ നിങ്ങള്‍ക്ക്, ആകാശത്തേക്ക് കറുത്തിരുണ്ട പുക പറപ്പിക്കുന്ന വാഹനങ്ങളുടെ, രാപ്പകല്‍ വ്യത്യാസമില്ലാത്ത ഇരമ്പം കേള്‍ക്കാനാവില്ല.

നദികളിലേക്ക് പോയാല്‍, കടലുകളിലേക്ക് പോയാല്‍, പര്‍വ്വതങ്ങളിലേക്കു പോയാല്‍ നിങ്ങള്‍ക്കുറപ്പായും കാണാനാവും, ഭൂമി എന്താണ് പറയുന്നതെന്ന്. കമ്പ്യൂട്ടറിലോ പാലറ്റുകളിലോ നാം പാകപ്പെടുത്തിയ ഇമേജുകള്‍ക്ക് ഭൂമിയിട്ട അടിക്കുറിപ്പ് നമ്മുടേതില്‍നിന്ന് വ്യത്യസ്തമാണ്. നമ്മള്‍ മനുഷ്യരുടെ വ്യാഖ്യാനങ്ങളെ, ആഗ്രഹങ്ങളെ, മനുഷ്യരിടുന്ന അടിക്കുറിപ്പുകളെ തിരുത്തുക കൂടിയാണ് ഭൂമി. നമ്മോടായി ഭൂമി പറയുന്നത് ഇതാണ്: 'ആ മാസ്‌ക് നിങ്ങളില്‍നിന്നും എന്നെ രക്ഷിക്കാനുള്ള പ്രകൃതിയുടെ അതിജീവന ഉപാധിയാണ്്. ആ മാസ്‌ക്, കൊറോണ വൈറസിനെപ്പോലെ ചെന്നിടത്തെ സര്‍വ്വതും തകര്‍ക്കുന്ന മനുഷ്യരാശിയോടുള്ള പോരാട്ടത്തിന്റെ കൊടിയടയാളമാണ്.'

അതിജീവിച്ചേ പറ്റൂ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഉച്ചത്തില്‍ ആക്രോശിക്കുമ്പോള്‍, ഭൂമി ചെറു ചിരിയോടെ പറയുന്നത്, അവസാന അതിജീവനം എന്‍േറതാവും മകനേ എന്നാണ്.

കൊറോണക്കാലത്ത് അടച്ചിട്ട വീടുകള്‍ക്കു പുറത്ത്, നാം പുറം ലോകം എന്നു വിളിക്കുന്ന ഇടങ്ങളില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിഞ്ഞാല്‍, ഇക്കാര്യം നമുക്ക് കുറച്ചു കൂടി ബോധ്യമാവും.

 

വായുമലിനീകരണത്തെത്തുടര്‍ന്ന് ദില്ലിയില്‍ മാസ്‌ക് ധരിച്ച് പുറത്തിറങ്ങിയവര്‍

 

രണ്ട്

കഴിഞ്ഞ ദിവസങ്ങളിലൊന്നാണ്, ട്വിറ്ററില്‍ ആ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. മനോഹരമായ ഒരു മലയുടെ വിദൂരദൃശ്യങ്ങള്‍. ജലന്ധര്‍ ഭാഗത്തുനിന്നുള്ള നിരവധി പേര്‍ ട്വീറ്റ് ചെയ്ത ആ ചിത്രങ്ങളില്‍ ഹിമാലയന്‍ മേഖലയിലുള്ള ധൗലധര്‍ മലനിരകളാണ്. അതിലെന്ത് എന്നു ചോദിക്കും മുമ്പ്, ആ ചിത്രങ്ങള്‍ക്കൊപ്പമുള്ള അടിക്കുറിപ്പ് വായിക്കേണ്ടതുണ്ട്. അതില്‍പ്പറയുന്നത് ഒരൊറ്റക്കാര്യമാണ്, ദൈവമേ, എന്റെ മുന്നിലിപ്പോള്‍ ധൗലധര്‍ മലനിരകള്‍!

സംഗതി ഇത്രയേ ഉള്ളൂ. പഞ്ചാബിലെ ജലന്ധറില്‍നിന്നാണ് ആ ചിത്രങ്ങള്‍. അതിലുള്ളതോ 200 കിലോ മീറ്റര്‍ അകലെയുള്ള ഹിമാചലിലെ ധൗലധര്‍ മലനിരകള്‍. പത്തു മുപ്പതു വര്‍ഷം മുമ്പുവരെ ജലന്ധറില്‍നിന്നും നോക്കിയാല്‍ ആ മലനിരകള്‍ കാണാമായിരുന്നു. ആകാശവും ഭൂമിയും മൂടിയ വായുമലിനീകരണത്തിന്റെ ഫലമായി അത് കാണാറില്ല. പിന്നെ ഇപ്പോഴാണ്, ഓര്‍മ്മയിലെ ആ മനോഹര മലനിരകള്‍ അവര്‍ക്കു കണ്‍മുന്നില്‍ തെളിയുന്നത്.

അതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. ലോക്ക്ഡൗണ്‍. വാഹനങ്ങളോടാത്ത റോഡുകള്‍, വിമാനങ്ങള്‍ പോവാത്ത ആകാശപാതകള്‍, ഫാക്ടറിക്കുഴലുകള്‍ പ്രസവിക്കുന്ന പുകയില്ലാത്ത അന്തരീക്ഷം. അപ്പോള്‍, കണ്ണിന്‍ മുന്നിലെ പുകയുടെ ആ തിരശ്ശീല നീങ്ങിപ്പോവും. മറഞ്ഞുപോയ കാഴ്ചകളും ശബ്ദങ്ങളും മണങ്ങളും നമ്മുടെ മുന്നിലേക്ക് ഞൊടിയിടെ പാഞ്ഞെത്തും.

 

തീര്‍ന്നില്ല, ജലന്ധറില്‍ മാത്രമല്ല അത്ഭുതം. നിങ്ങള്‍ ഗംഗയിലേക്ക് നോക്കൂ. പുണ്യനദിയായ ഗംഗയെ രക്ഷിക്കാന്‍ നാലു മാസം നിരാഹാരസമരം കിടന്ന് തൊണ്ടപൊട്ടി മരിച്ചുപോയ ജി ഡി അഗര്‍വാള്‍ എന്ന വലിയ മനുഷ്യന് കഴിയാതെപോയത് അവിടെ നിങ്ങള്‍ക്കു കാണാം. ഗംഗയുടെ വിമോചനത്തിനായി പ്രത്യേക മന്ത്രാലയവും ദേശീയ അതോറിറ്റിയും സ്ഥാപിച്ചിട്ടും നടക്കാതെ പോയ കാര്യം-ഗംഗയുടെ പുതുജന്‍മം.

ലോക്ക്ഡൗണ്‍ വന്നതോടെയാണ് ഗംഗ തെളിമയുള്ള സ്വന്തം ജീവിതം തിരിച്ചു പിടിച്ചത്. നദിയിലെ മാലിന്യത്തിന്റെ അംശം ഗണ്യമായി കുറഞ്ഞു. മലിനീകരണത്തോത് പകുതിയായി. വെള്ളം ശുദ്ധമായി. ഗംഗയുടെ ചരമക്കുറിപ്പെഴുതാന്‍ മല്‍സരിച്ച് പണിയെടുത്ത ഫാക്ടറികള്‍ ലോക്ക്ഡൗണ്‍ വന്നതോടെ അടഞ്ഞതും നദിയിലേക്കുള്ള മാലിന്യമൊഴുക്ക് നിന്നതുമാണ് കാരണം. ജനങ്ങള്‍ വീടുകളില്‍ അടഞ്ഞതോടെ, ആ വഴിക്കുള്ള മലിനീകരണവും ഇല്ലാതായി. ഗംഗയില്‍ 40 മുതല്‍ 50 ശതമാനം വരെ ജലശുദ്ധീകരണം നടന്നതായി ഐ.ഐ.ടി.ബി.എച്ച്.യു കെമിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ പ്രൊഫസര്‍ ഡോ. പി.കെ മിശ്ര സാക്ഷ്യപ്പെടുത്തുന്നു.

 

അപ്പോള്‍ യമുനയോ? യമുനയ്ക്കുമുണ്ടായി മാറ്റം. കൊറോണക്കാലത്ത് അത് പുതു ജീവന്‍ കൈവരിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്. വ്യവസായ ശാലകളില്‍നിന്നുള്ള രാസമലിനീകരണവും ആളുകളുടെ ഇടപെടലിലുണ്ടാവുന്ന മലിനീകരണവുമെല്ലാം കുറഞ്ഞു. നദി അതിന്റെ തെളിമ തിരിച്ചെടുത്തു. മല്‍സ്യങ്ങള്‍ തിരിച്ചു വന്നു. നദിക്കു മുകളില്‍, ഏതോ കാലത്തിലെന്ന പോലെ, പക്ഷികളും തുമ്പികളും പാറിനടക്കുന്നു.

മൂന്ന്

ലോക്ക്ഡൗണ്‍ തുടങ്ങി ഒരാഴ്ചയ്ക്കകമാണ്, ദില്ലിയില്‍നിന്നും സുഹൃത്ത് യാസര്‍ അറഫാത്ത് വിളിക്കുന്നത്. ഡല്‍ഹി സര്‍വകലാശാലയില്‍ ചരിത്രാധ്യാപകനായ അവന്‍, ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം വീട്ടില്‍ത്തന്നെയാണ്. ''എടാ, ഇവിടെയാകെ മാറി, നല്ല ഫ്രെഷ് എയര്‍. ഇതുപോലൊരിക്കലും ഇവിടെ ശ്വാസം കഴിക്കാന്‍ പറ്റിയിട്ടില്ല.'' അവിടെ എന്താണ് അവസ്ഥയെന്ന ചോദ്യത്തിന് അവന്റെ ഉത്തരം. ശുദ്ധവായു വില്‍ക്കുന്ന സലൂണുകള്‍ വന്നു തുടങ്ങിയ, മലിനീകരണം ശ്വാസം മുട്ടിച്ച നഗരത്തിന്റെ പൊതുമനസ്സായിരുന്നു അവന്റെ ആഹ്ളാദം നിറഞ്ഞ വാക്കുകളില്‍.

ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി മാറിയ ഡല്‍ഹിയില്‍, ഒരു കനേഡിയന്‍ കമ്പനി കുപ്പിവായു വില്‍പ്പനക്ക് വെച്ച വില എന്തായിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ? 3 ലിറ്റര്‍ വായുവിന്റെ ബോട്ടിലിന്് 1450 രൂപ, 8 ലിറ്ററിന് 2800 രൂപ. നാടെങ്ങും കൊറോണക്കെതിരെ മാസ്‌കിട്ട് നടക്കുന്നതിനും എത്രയോ മുമ്പ് വായുമലിനീകരണം തടയാന്‍ മാസ്‌ക് ഉപയോഗിച്ച ആ നഗരമാണ്, സ്വപ്‌നത്തിലെന്ന പോലെ ഈ ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ ആഞ്ഞു ശ്വാസം കഴിക്കുന്നത്.

അന്തരീക്ഷത്തിലെ അതിസൂക്ഷ്മ മാലിന്യകണങ്ങളുടെ (പി.എം. 2.5) അളവ് 30 ശതമാനമായിക്കുറഞ്ഞെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് (SAFAR) കഴിഞ്ഞ ദിവസം വ്യക്തമാക്കി. അഹമ്മദാബാദിലും പുണെയിലും ഇത് 15 ശതമാനമായിക്കുറഞ്ഞു. ശ്വാസകോശപ്രശ്നങ്ങള്‍ വഷളാക്കുന്ന നൈട്രജന്‍ ഓക്സൈഡിന്റെ അളവ് പുണെയില്‍ 43 ശതമാനമായും മുംബൈയില്‍ 38 ശതമാനമായും അഹമ്മദാബാദില്‍ 50 ശതമാനമായും കുറഞ്ഞു. വാഹനങ്ങളാണ് നൈട്രജന്‍ ഓക്സൈഡ് പുറന്തള്ളുന്നത്. ഡല്‍ഹിയില്‍ മലിനീകരണം എട്ടിലൊന്നില്‍ താഴെയായതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ എംജി സര്‍വകലാശാല പരിസ്ഥിതി പഠന വിഭാഗം നടത്തിയ അന്വേഷണങ്ങളിലും വ്യക്തമായിരുന്നു.

അവിടെ മാത്രമാണ് ഈ അവസ്ഥയെന്ന് കരുതേണ്ട. എംജി സര്‍വകലാശാല പരിസ്ഥിതി പഠന വിഭാഗം നടത്തിയ അതേ പഠനത്തില്‍, കേരളത്തിലെയും അവസ്ഥ പറയുന്നുണ്ട്. മലിനീകരണ നിലയിലെ മാറ്റം (എ ക്യു എ) ഇങ്ങനെയാണ്: ജനുവരി ഒന്നിന് കൊച്ചിയില്‍ 113 ആയിരുന്നത് മാര്‍ച്ച് 28-ന് 63 ആയി. കോഴിക്കോട് 76 ആയിരുന്നത് 53 ആയി. തിരുവനന്തപുരത്ത് 90 ആയിരുന്നത് മാര്‍ച്ച് 28-ന് 44 ആയി. വാഹനങ്ങളുടെ പുക, വ്യവസായ മേഖലയില്‍ നിന്നുള്ള വാതകങ്ങള്‍, നിര്‍മാണ മേഖലയിലെ പ്രവര്‍ത്തനം, തീകത്തിക്കല്‍ എന്നിവ കുറഞ്ഞതാണ് അന്തരീക്ഷ മലിനീകരണം കുറയാന്‍ കാരണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പരിസ്ഥിതി പഠന വിഭാഗം പ്രൊഫസറും എംജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറുമായ ഡോ. സി.ടി. അരവിന്ദ കുമാര്‍ പറയുന്നു.

അപ്പോള്‍ മറ്റ് രാജ്യങ്ങളിലോ? അവിടെയും കൊറോണക്കാലം സമ്മാനിച്ചത് ഇന്നേ വരെ കാണാത്ത അവസ്ഥകളാണ്. വായുമലിനീകരണത്തിന്റെ തോത് അമ്പരപ്പിക്കുന്ന വിധത്തില്‍ കുറഞ്ഞിരിക്കുന്നു.

നാല്

കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ നാസ ചില ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ചൈനയിലെ വുഹാനിലെ അന്തരീക്ഷ ചിത്രങ്ങള്‍. കൊറോണ വൈറസ് വ്യാപിക്കുന്നതിന് മുമ്പുള്ള അന്തരീക്ഷം, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള അന്തരീക്ഷം. വൈറസ് വ്യാപനം രൂക്ഷമാകുന്നതിന് മുമ്പ് ജനുവരി ഒന്നുമുതല്‍ 10 വരെയുള്ള ചിത്രങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഫെബ്രുവരി 10 മുതല്‍ 25 വരെയുള്ള ചിത്രങ്ങളും. ഇവ താരതമ്യം ചെയ്ത് നാസ എത്തിയ നിഗമനത്തില്‍, ലോക്ക്ഡൗണ്‍ വന്നതോടെ വുഹാനിലെ അന്തരീക്ഷത്തിലെ നൈട്രജന്‍ ഡൈഓക്‌സൈനഡിന്റെ (NO2) സാന്നിധ്യം വളരെ കുറഞ്ഞതായി വ്യക്തമാക്കുന്നു.

എന്നാല്‍, ലോക്ക്ഡൗണിനു ശേഷം, വുഹാനിലെ ജീവിതം വീണ്ടും പഴയ നിലയിലെത്തിയപ്പോഴുള്ള ചിത്രങ്ങള്‍ കൂടി പുറത്തുവന്നിട്ടുണ്ട്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയാണ് ഇവ പുറത്തുവിട്ടത്. ചൈനയുടെ അന്തരീക്ഷത്തില്‍ നൈട്രജന്‍ ഡൈ ഓക്‌സൈഡ് അളവ് വീണ്ടും ഉയരുന്നതായാണ് ഇവ സൂചിപ്പിക്കുന്നത്. വാഹനങ്ങളും ഫാക്ടറികളും താപവൈദ്യതി നിലയങ്ങളുമാണ് പ്രധാനമായും നൈട്രജന്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ഇവ അടഞ്ഞുകിടന്നു. അതു കഴിഞ്ഞപ്പോള്‍ വീണ്ടും പ്രവര്‍ത്തനനിരതമായി.അതോടെ അന്തരീക്ഷം മാറി.

ലോക്ക് ഡൗണിലായ വടക്കന്‍ ഇറ്റലിയിയിലെയും സ്‌പെയിനിലെയും അന്തരീക്ഷ ചിത്രങ്ങളും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പുറത്തുവിട്ടിരുന്നു. ഇവിടങ്ങളില്‍ അന്തരീക്ഷത്തില്‍ നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യം കുറഞ്ഞതായി ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു എന്നര്‍ത്ഥം.

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല പരിസ്ഥിതി വിഭാഗം ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനം ശ്രദ്ധേയമായ ചില വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഗവേഷകനായ മാര്‍ഷല്‍ ബുര്‍കെ നേതൃത്വം നല്‍കിയ പഠനം ചൈനയിലെയും യൂറോപ്പിലെയും വായുമലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പഠിക്കുന്നു. ചൈനയിലെ മലിനീകരണ തോതിലുണ്ടായ കുറവ് മനുഷ്യരുടെ ആരോഗ്യനിലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചതായി പഠനം വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇതേ സമയത്ത് മലിനീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളും മരണങ്ങളും താരതമ്യം ചെയ്താണ് ഈ നിഗമനം.

വായുമലിനീകരണം കുറഞ്ഞതോടെ ആയുസ്സ് നീട്ടിക്കിട്ടിയവരുടെ എണ്ണം കോവിഡ് ബാധിച്ച് മരിച്ചവരേക്കാള്‍ എത്രയോ കൂടുതല്‍ വരുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. രണ്ട് മാസത്തോളം നീണ്ട കൊറോണക്കാലത്ത് ജീവിതം നിശ്ചലമായത് അഞ്ച് വയസ്സില്‍ താഴെയുള്ള നാലായിരത്തോളം കുട്ടികളുടെയും, 70 വയസ്സിന് മുകളിലുള്ള 73000 പേരുടെയും ജീവന്‍ രക്ഷിച്ചതായി ഈ പഠനം പറയുന്നു.

 


അഞ്ച്

ലോകത്തെ മാറ്റിമറിച്ച കൊവിഡ് -19 രോഗവും ലോക്ക്ഡൗണും ഭൂമിക്ക് തിരിച്ചു നല്‍കുന്നത് എന്താണ്? അത് ഏറ്റവും കൃത്യമായി പറയുന്നത്, യൂറോപ്പ്യന്‍ യാത്രക്കിടെ കൊവിഡ് രോഗത്തിനിരയായ ശേഷം രക്ഷപ്പെട്ട, കാലാവസ്ഥാ പോരാളി ഗ്രേറ്റ തുന്‍ബെര്‍ഗാണ്. ന്യൂ സയന്റിസ്റ്റ് ബിഗ് ഇന്റര്‍വ്യൂ പോഡ്കാസ്റ്റില്‍ ഗ്രീറ്റ പറയുന്നത് കേള്‍ക്കൂ:

''സമ്പദ്-വ്യവസ്ഥയെ മുഴുവന്‍ തകര്‍ക്കാനും നമ്മുടെ സമൂഹത്തെ അടച്ചുപൂട്ടി വീട്ടിലിരുത്താനും ഒരു കുഞ്ഞന്‍ വൈറസിന് വെറും ഒരാഴ്ചക്കകം സാധിച്ചു. അതെ, അടിയന്തിരഘട്ടങ്ങളില്‍ നമുക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു മാത്രമല്ല നമ്മുടെ പെരുമാറ്റ രീതികളെ മാറ്റിമറക്കാന്‍ കൂടി സാധിക്കുമെന്നു തെളിയിക്കുകയാണ് ഈ പുതിയയിനം കൊറോണ വൈറസ്.''

ഗ്രീറ്റ പറയുന്നത്, അവളിത്രകാലം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്ന കാര്യമാണ്. അത് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചാണ്. മുകളില്‍ പറഞ്ഞ പാരിസ്ഥിതിക മാറ്റങ്ങളെല്ലാം ചെന്നു നില്‍ക്കുന്ന മുനമ്പ്. ഭൂമിയുടെ നിലനില്‍പ്പു തന്നെ ഇല്ലാതാക്കുന്ന ഭീഷണി. അതിന്റെ തീവ്രത കുറക്കുന്നതില്‍ കൊറോണ വൈറസും ലോക്ക് ഡൗണും വഹിച്ച പങ്കാണ് അവള്‍ സൂചിപ്പിക്കുന്നത്. എത്രയോ കാലമായി പരിസ്ഥിതി പ്രവര്‍ത്തകരും കാലാവസ്ഥാ ആക്ടിവിസ്റ്റുകളും പറയുന്ന കാര്യം ഒരൊറ്റ വൈറസ് പ്രവര്‍ത്തികമാക്കിയിരിക്കുന്നു.

ലോക്ക് ഡൗണ്‍ വന്നതോടെ കാര്‍ബണ്‍ പുറംതള്ളലിന്റെ അളവില്‍ വലിയതോതിലുള്ള കുറവാണ് ഉണ്ടായത്. അതു മാത്രമല്ല അന്തരീക്ഷത്തിലെ മലിനീകരണം ഉണ്ടാക്കുന്ന വാതകങ്ങളുടെ കാര്യത്തിലും ആഗോളതാപനം ഉണ്ടാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ കാര്യത്തിലും വലിയ കുറവുണ്ടായി. ന്യൂയോര്‍ക്കിലെ അന്തരീക്ഷമലിനീകരണം 50 ശതമാനം കുറഞ്ഞപ്പോള്‍ ചൈനയില്‍ നിന്നുള്ള പുറംതള്ളലില്‍ 25 ശതമാനം കുറവുവന്നു. ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള നൈട്രജന്‍ ഓക്സൈഡ് പുറംതള്ളലും പാടെ കുറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന് എതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായകമായ ഈ വസ്തുത സൂചിപ്പിക്കുന്നത് ഒറ്റക്കാര്യം മാത്രമാണ്. ഇക്കാലമത്രയും ആക്ടിവിസ്റ്റുകള്‍ വര്‍ഷത്തില്‍ രണ്ട് ഹ്രസ്വകാല ലോക്ക്ഡൗണ്‍ ആയിക്കൂടേ എന്നതടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുമ്പോള്‍ പുച്ഛിച്ചു തള്ളിയ ലോകരാഷ്ട്രങ്ങള്‍ ഇപ്പോള്‍, സ്വന്തം തടിക്ക് പണികിട്ടുമെന്നു വന്നപ്പോള്‍, പച്ചമലയാത്തില്‍ പറഞ്ഞാല്‍ ചത്തുപോവുമെന്ന് വന്നപ്പോള്‍, ഇതാ പഴയതെല്ലാം മറന്ന്, സര്‍വ്വതും അടച്ചുപൂട്ടി വീട്ടിലിരിക്കുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ അടക്കമുള്ള വിഷയങ്ങള്‍ മുന്നില്‍ വരുമ്പോള്‍, നിങ്ങള്‍ക്ക് എന്താണ് ബദല്‍ എന്നു ചോദിച്ച് ചോദിച്ച് ഉറക്കെ ചിരിക്കുന്ന ഭരണാധികാരികളെ ഇതാ ഒരൊറ്റ വൈറസ് തിരുത്തിയിരിക്കുന്നു.

ഇക്കാര്യം കൂടുതല്‍ അറിയാന്‍ നമുക്ക് സ്പെയിനിലെ മാഡ്രിഡ് വരെ ഒന്നുപോവേണ്ടി വരും. 2019 ഡിസംബര്‍ ആദ്യം ഇവിടെ നടന്ന ഐക്യരാഷ്ര്ട്ര സഭയുടെ 25-ാം കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലേക്ക് (COP 25). 196 ലോകരാജ്യങ്ങളുടെ പ്രതിനിധികള്‍ രണ്ടാഴ്ചക്കാലം പൊരിഞ്ഞ ചര്‍ച്ച നടത്തിയ വിഷയം കാലാവസ്ഥാ വ്യതിയാനമായിരുന്നു. ശുദ്ധജലക്ഷാമം, ഭക്ഷ്യോത്പാദന ശേഷി കുറയല്‍, ഭക്ഷ്യക്ഷാമം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഉഷ്ണതരംഗം, ശീതതരംഗം, വരള്‍ച്ച തുടങ്ങിയവയില്‍ നിന്നുള്ള ദുരിതങ്ങളും മരണങ്ങളും ലോകമാകെ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങള്‍ ഒന്നിച്ച് ചില തീരുമാനങ്ങള്‍ എടുക്കണമെന്നായിരുന്നു സമ്മേളനത്തിനു മുന്നിലുള്ള ആവശ്യം. കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ചുകൊണ്ടുവരാന്‍ പ്രായോഗികമായ നടപടികള്‍ക്ക് രൂപം നല്‍കുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. കാര്‍ബണ്‍ ഏറ്റവുമധികം പുറംതള്ളുന്ന രാജ്യങ്ങളായ ഇന്ത്യ, യുഎസ്, ബ്രസീല്‍, ചൈന തുടങ്ങിയവര്‍ ഇതിനോട് നിസ്സഹകരിച്ചതോടെ സമ്മേളനത്തിന്റെ കഥ കഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലാവസ്ഥാ വ്യതിയാന സമ്മേളനം അടുത്ത ഉച്ചകോടിയില്‍ ധാരണയുണ്ടാക്കാമെന്ന പതിവു ഉറപ്പില്‍ ഗ്രൂപ്പ് ഫോട്ടോയെടുത്ത് പിരിഞ്ഞു. സമ്മേളന നഗരിയില്‍ ഒച്ചവെച്ച ഗ്രീറ്റ തുന്‍ബര്‍ഗ് അടക്കമുള്ള പ്രക്ഷോഭകരുടെ കാര്യം പൊലീസ് നോക്കി.

ഭൂമി എത്ര ഗുരുതരമായ അവസ്ഥയെയാണ് നേരിടുന്നതെന്ന് വ്യക്തമാക്കുന്ന നിരവധി റിപ്പോര്‍ട്ടുകളും കണ്ടെത്തലുകളും പുറത്തുവന്ന നേരത്താണ് 'കാലാവസ്ഥയോ, പോവാന്‍ പറ' എന്നും പറഞ്ഞ് ഭൂമിയിലെ ഭരണാധികാരികള്‍ ഈ നാടകം കളിച്ചത്. 2019 ലെ ആഗോള ശരാശരി താപനില വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ളതിനേക്കാള്‍ 1.1 ഡിഗ്രി കൂടുതലാണെന്നാണ് ആഗോള കാലാവസ്ഥയെക്കുറിച്ചുള്ള ലോക കാലാവസ്ഥ ഓര്‍ഗനൈസേഷന്റെ (WMO) പ്രസ്താവനയില്‍ പറയുന്നത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത 2018 ല്‍ 407.8 ppm ആയി റെക്കോര്‍ഡ് നിലയിലെത്തി, 2019ലും ഈ പുറംതള്ളല്‍ തുടരുകയാണ്. അന്റാര്‍ട്ടിക്കയിലെയും ആര്‍ട്ടിക്കിലെയും മഞ്ഞുരുകലും സമുദ്രനിരപ്പിലെ വര്‍ധനവും റെക്കോര്‍ഡിലെത്തി. സമുദ്രതാപനില ഉയരുന്നത് അമ്ലത്വം കൂടാനുംസമുദ്രത്തിലെ ജീവികളെ പ്രതികൂലമായി ബാധിക്കാനും കാരണമാകുന്നു. അടിയന്തിര നടപടി സ്വീകരിക്കുന്നില്ലെങ്കില്‍, നൂറ്റാണ്ടിന്റെ അവസാനത്തോടെ 3 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനില വര്‍ദ്ധനവിലേക്ക് നമ്മള്‍ എത്തിച്ചേരും.

എന്നിട്ടാണ്, ഭൂമിയെ പറ്റിക്കാനുള്ള നമ്മുടെ കൗശലങ്ങള്‍.

 

 

ആറ്

വീണ്ടും ഗ്രീറ്റ തുന്‍ബര്‍ഗ് എന്ന പെണ്‍കുട്ടിയിലേക്ക് തന്നെ മടങ്ങുന്നു. മുകളില്‍ പറഞ്ഞ കൗശലങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഏറ്റവും ശക്തമായ അവളുടെ ഈ വാചകങ്ങള്‍ നാം കേള്‍ക്കുന്നു:

''എനിക്ക് നിങ്ങളുടെ പ്രതീക്ഷ വേണ്ട. നിങ്ങള്‍ പ്രതീക്ഷയോടെയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ പരിഭ്രാന്തരാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ ദിവസവും എനിക്ക് അനുഭവപ്പെടുന്ന ഭയം നിങ്ങളും അനുഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് വേണ്ടത് നിങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. പ്രതിസന്ധി ഘട്ടത്തെ സാധാരണ നിങ്ങള്‍ നേരിടുന്നത് പോലെ ഇപ്പോഴും നിങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. വീടിന് തീപിടിച്ചതുപോലെ നിങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, കാരണം അത് തന്നെയാണ് യഥാര്‍ത്ഥ അവസ്ഥ.''

ഈ അടിയന്തിര പ്രാധാന്യമാണ് ലോകം ഇന്ന് തിരിച്ചറിഞ്ഞത്. അതു പക്ഷേ, കാലാവസ്ഥാ വ്യതിയാനം എന്ന വമ്പന്‍ ഭീഷണി കാരണമല്ല. വയസ്സു തികഞ്ഞു നില്‍ക്കുന്ന നമ്മുടെ ലോകനേതാക്കളുടെ ജീവനുപോലും ഭീഷണിയായ കൊറോണ വൈറസ് കാരണമാണ്. ജീവനിലുള്ള കൊതി കാരണമാണ്. അങ്ങനെ ലോക്ക്ഡൗണ്‍ വന്നു. ഭൂമിയാകെ അതിന്റെ പ്രത്യാഘാതങ്ങള്‍ കൊണ്ടറിഞ്ഞു. നമ്മുടെയല്ലാം ജീവത കാഴ്ചപ്പാടുകളില്‍ തന്നെ മാറ്റം വന്നു. എന്നാല്‍, അല്‍പ്പകാലം കഴിഞ്ഞാല്‍, കൊറോണ ഭീഷണി അകന്നാല്‍, ഇതൊക്കെ നാം മറക്കുക തന്നെ ചെയ്യും. ലോകം വീണ്ടും പഴയ ജീവിതങ്ങളിലേക്ക് മടങ്ങിപ്പോവും. റോഡുകളില്‍ വാഹനങ്ങള്‍ നിറയും. ആകാശങ്ങളില്‍ വിമാനങ്ങളും പുകക്കുഴലുകള്‍ തുപ്പുന്ന രാസമാലിന്യങ്ങളും നിറയും. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമെല്ലാം അതിന്റെ വഴിക്കു മുന്നോട്ടു പോവും. അടിയന്തിരമായി ചെയ്യേണ്ട നടപടികളൊക്കെ ലോകരാഷ്ട്രങ്ങള്‍ മറക്കുന്ന നേരത്ത്, കാലാവസ്ഥാ വ്യതിയാനം, അതിന്റെ ഏറ്റവും ക്രൂരമായ വിഷവിത്തുകള്‍ ഭൂമിയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യും. അത് പ്രളയമാവാം, നഗരങ്ങള്‍ കടലെടുക്കലാവാം, വരള്‍ച്ചയോ കാട്ടുതീയോ മഹാമാരികളോ ഒക്കെയാവാം.

വിദൂരമല്ലാത്ത ആ കാലങ്ങളില്‍ നമുക്ക് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാനുള്ള ഡിസൈനര്‍ ഇമേജുകളില്‍ ഉപയോഗിക്കാന്‍ പറ്റിയ മൂന്ന് ഉദ്ധരണികള്‍ മാത്രം താഴെക്കൊടുക്കുന്നു. അടിപൊളി വാചകങ്ങളാണ്. ഏതു കാലത്തേക്കും സേവ് ചെയ്ത് വെക്കാം.

1.
ഭൂമി മനുഷ്യന്റേതല്ല. മനുഷ്യന്‍ ഭൂമിയുടേതാണ്. ഒരു കുടുംബത്തെ ഒന്നാക്കുന്ന ഒരംഗത്തെപ്പോലെ എല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്നവയാണ്. ഭൂമിക്ക് സംഭവിക്കുന്നതെല്ലാം ഭൂമിയുടെ മക്കള്‍ക്കും സംഭവിക്കും. ജീവന്റെ വല നെയ്തത് മനുഷ്യനല്ല. അവനതില്‍ ഒരു ഇഴ മാത്രമാണ്. ആ വലയോട് അവന്‍ ചെയ്യുന്നതെല്ലാം അവന്‍ തന്നോട് തന്നെയാണ് ചെയ്യുന്നത്.

(സിയാറ്റില്‍ മൂപ്പന്റെ പ്രസംഗം)

2.
ഭൂമിക്ക് ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കെല്‍പ്പുണ്ട്. പക്ഷെ, ഒരൊറ്റ മനുഷ്യജീവിയുടെ പോലും ദുര മാറ്റാന്‍ ഭൂമിക്ക് വിഭവങ്ങളില്ല

(ഗാന്ധിജി)

3.
അഞ്ഞൂറുകൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സര്‍വ ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയുമെല്ലാം മനുഷ്യന്‍ കൊന്നൊടുക്കും. മരങ്ങളെയും ചെടികളെയും നശിപ്പിക്കുകയും മനുഷ്യന്‍ മാത്രം ഭൂമിയില്‍ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും'

(വൈക്കം മുഹമ്മദ് ബഷീര്‍-ഭൂമിയിലെ അവകാശികള്‍)

 

ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍ 
ആദ്യ ദിവസം: 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.
രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ
മൂന്നാം ദിവസം: ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?

നാലാം ദിവസം: വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും?
അഞ്ചാം ദിവസം: ലോക്ക്ഡൗണ്‍ ഭയക്കാതെ ആ അതിഥി തൊഴിലാളികള്‍ എന്തിനാവും തെരുവിലിറങ്ങിയത്?
ആറാം ദിവസം: ലിപ് ലോക് ചുംബനങ്ങള്‍ക്ക് വിട, ഫ്ലൈയിംഗ് കിസിന് സ്വാഗതം!
ഏഴാം ദിവസം: ഈ സമയത്ത് ഫേസ്ബുക്കില്‍ ഫോട്ടോ കുത്തിപ്പൊക്കാമോ?
എട്ടാം ദിവസം: എന്നിട്ടും എന്തിനാവും അവര്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തിങ്ങിക്കൂടിയത്?
ഒമ്പതാം ദിവസം: കേരളമേ, കൊറോണ ഒരു പ്രവാസിയല്ല!

പത്താം ദിവസം:കുന്ദംകുളത്തെ പറക്കുന്ന കള്ളന്‍: നേരെത്ര, നുണയെത്ര?
പതിനൊന്നാം ദിവസം: നമ്മള്‍ ഉണ്ടുറങ്ങുന്ന ബിഗ് ബോസ് വീടുകള്‍
പന്ത്രണ്ടാം ദിവസം: പൂ പോലുള്ള കുട്ടികള്‍, പുല്ലുതിന്നുന്ന കുട്ടികള്‍
പതിമൂന്നാം ദിവസം: മരിച്ചില്ലായിരുന്നുവെങ്കില്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് കെ. എം ബഷീര്‍ എന്ത് ചെയ്യുകയാവും?

പതിനാലാം ദിവസം: അടുക്കള ഒരത്ഭുത ലോകമാണ്, കേരളവും! 
പതിനഞ്ചാം ദിവസം: യോദ്ധാവോ മാലാഖയോ അല്ലാത്ത ഈ നഴ്‌സുമാരുടെ ചോരയ്ക്ക് നമ്മളെത്ര വിലയിടും?

Follow Us:
Download App:
  • android
  • ios