അമീര്‍ ഖാന് നേര്‍ക്ക് സ്‌കൂട്ടര്‍ ഓടിച്ചു വരുന്ന കരീന കപൂര്‍ കാഴ്ചയില്‍ നിന്ന് മറയുന്നു. രമേശന് നേര്‍ക്ക് വിവാഹ വേഷത്തില്‍ മഞ്ഞസ്‌കൂട്ടര്‍ ഓടിച്ചു വരുന്നത് മഞ്ജുളാ ശശിധരനല്ലേ?

പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം

ലഡാക്ക് യാത്രയിലെ ഏറ്റവും വലിയ ആകര്‍ഷണം ഏതെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ, പാംഗോങ് തടാകം. എത്ര മണിക്കൂര്‍ ചിലവഴിച്ചാലും വീണ്ടും എന്തോ ഒന്ന് നമ്മെ അവിടേയ്ക്ക് പിടിച്ചു വലിക്കും. നിലാവുള്ള ഒരു രാത്രിയില്‍, പുലരുവോളം പാംഗോങ് തടാകക്കരയില്‍ ഇഷ്ടമുള്ള പാട്ടുകള്‍ കേട്ടിരിക്കണം. ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമയില്‍ വിവാഹവേഷത്തില്‍ കരീനാ കപൂര്‍ അമീര്‍ഖാന് നേരെ സ്‌കൂട്ടര്‍ ഓടിച്ചു വരുന്ന രംഗത്തിലെ മനോഹരമായ പ്രദേശം പാംഗോങ്ങ് ആണെന്നറിഞ്ഞ നിമിഷം മുതല്‍ മനസില്‍ കയറിപ്പറ്റിയ ആഗ്രഹമായിരുന്നു. ഒരിയ്ക്കലും നടക്കാത്തതാണെന്നറിയാം. സന്ധ്യ കഴിഞ്ഞാല്‍ പാംഗോങ്ങ് തീരത്ത് ഇരിക്കുക സാധ്യമല്ല.

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് പാംഗോങ്ങ് എന്നാണ് സഞ്ചാരികള്‍ പറയുന്നത്. നോക്കിയിരിക്കെ നിറം മാറുന്ന വെള്ളത്തിലേക്ക് കണ്ണും നട്ടിരിക്കുമ്പോള്‍ സത്യത്തില്‍ ഭൂമിയിലാണോ സ്വര്‍ഗ്ഗത്തിലാണോന്ന് ചിന്തിച്ചു പോവും.

അന്നേരം ഒരു മലയാളിയെക്കൂടി കണ്ടാലോ. കേരളത്തിന് പുറത്ത് വച്ച് മലയാളികളെ കണ്ടാല്‍ നമുക്കൊക്കെ വലിയ സന്തോഷമാവും. ആ വികാരമാവണം തടാകക്കരയില്‍ മലയാളം പാട്ട് കേട്ടിരുന്ന ആ സ്ത്രീ എന്റെ ശ്രദ്ധയാകര്‍ഷിക്കാനുള്ള കാരണം. അതും എനിക്കിഷ്ടമുള്ള ഒരു പാട്ട്. 2014-ല്‍ പ്രദര്‍ശനത്തിനെത്തിയ 1983 എന്ന ചിത്രത്തിലെ മനോഹര ഗാനം.

YouTube video player

''ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ
കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ
നറുചിരി നാലുമണിപ്പൂവുപോല്‍ വിരിഞ്ഞുവോ
ചെറുമഷിത്തണ്ട് നീട്ടി വന്നടുത്തു നിന്നുവോ
മണിമധുരം നുണയും കനവിന്‍ മഴയിലോ
നനയും ഞാനാദ്യമായി.''

ബി കെ ഹരിനാരായണന്റെ ലളിത സുന്ദരമായ വരികള്‍, ഗോപി സുന്ദറിന്റെ സംഗീതം.

പി. ജയചന്ദ്രനും വാണി ജയറാമും ആണ് ഗായകര്‍. തന്റെ അറുപതുകളിലാണ് വാണി ജയറാം ഈ പാട്ട് പാടിയത്. പി. ജയചന്ദ്രനോ എഴുപതുകളിലും. ചില പാട്ടുകള്‍ ഗായകരുടേതായി മാത്രമായി കാലം അടയാളപ്പെടുത്തും. ഈ ഗാനം വാണി ജയറാമിന്റേയും പി. ജയചന്ദ്രന്റേതുമായി കാണാനാണ് എനിക്കെന്നുമിഷ്ടം. പ്രണയാര്‍ദ്രമായ ആലാപനവും, ഗൃഹാതുരത്വമുണര്‍ത്തുന്ന ചിത്രീകരണവും. കിനാമഴയില്‍ നനയാന്‍ മറ്റെന്തുവേണം.

''മലയാളിയാണല്ലേ'' എന്നൊരു ക്ലീഷേ ചോദ്യം എന്നില്‍ നിന്നുണ്ടായി. അതേന്ന് തലയാട്ടിയതല്ലാതെ മറ്റു പ്രതികരണമില്ല.

''കേരളത്തിലെവിടെയാ''-എനിക്ക് വിടാന്‍ ഉദ്ദേശമില്ലായിരുന്നു.

അന്നേരം അവള്‍ തലയുയര്‍ത്തി നോക്കി. പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു, ഒറ്റപ്പാലം. പേര്, ഇന്ദുവദന. അടുത്ത ചോദ്യം ഒഴിവാക്കലാണ് ഉദ്ദേശമെന്ന് തോന്നി.

ഇന്ദുവദന. ആ പേരെന്നില്‍ വല്ലാത്ത നൊമ്പരമുളവാക്കി. എന്റെ അമ്മയുടെ പേരിന്റെ അര്‍ത്ഥംവരുന്ന, സാമ്യമുള്ള പേര്. പാംഗോംങ് മറന്ന് മനസ്സ് പിന്നിലേക്ക് പാഞ്ഞു.

ഞാന്‍ പലപ്പോഴും പലയിടത്തും പറഞ്ഞിട്ടുള്ളത് പോലെ, കുട്ടിക്കാലത്ത് അമ്മൂമ്മയ്ക്ക് ചുറ്റും കറങ്ങുന്ന ഒരു ഉപഗ്രഹമായിരുന്നു ഞാന്‍. ആറ് മാസം പ്രായമുള്ളപ്പോള്‍, മുലപ്പാലിന്റെ മണം മാറും മുന്നേ, അമ്മൂമ്മയുടെ നെഞ്ചിന്‍ ചൂടേല്‍ക്കേണ്ടി വന്ന ഹതഭാഗ്യ ബാലം. അമ്മയെ ഒന്ന് തൊട്ടിട്ടുള്ള ഓര്‍മ്മകൂടിയില്ല എനിയ്ക്ക്. അമ്മയെ കുറിച്ചുള്ള എന്റെ ഏറ്റവും നല്ല ഓര്‍മ്മകള്‍ കവിത ചൊല്ലുന്നതും സന്ദര്‍ഭത്തിനനുസൃതമായി സിനിമാ ഗാനങ്ങളുടെ വരികള്‍ പാടുന്നതുമായിരുന്നു. എല്ലാവരുടേയും കുഞ്ഞോര്‍മ്മയില്‍ നിറയുന്ന ഒരു കവിതയുണ്ട്. കുട്ടിക്കാലത്ത് അമ്പിളിമാമനെ കാട്ടി അമ്മമാര്‍ ചൊല്ലുന്ന കുറ്റിപ്പുറത്ത് കേശവന്‍ നായരുടെ പ്രസിദ്ധമായ കവിത.

''വരിക വാര്‍ത്തിങ്കളേ താഴത്തു വരിക നീ…
പെരിക തങ്കത്തിന്റെ നെറ്റിമേല്‍ ചുംബിച്ചാലും....''

ഒരിയ്ക്കലെങ്കിലും ഇത് കേട്ടിട്ടില്ലാത്തവരുണ്ടാവില്ല. കുട്ടിക്കാലത്ത് മനസ്സില്‍ പതിഞ്ഞ അമ്പിളി കല്ലും മണ്ണും നിറഞ്ഞ ഭൂമിയുടെ ഉപഗ്രഹമാണെന്നറിയുമ്പോഴും നമ്മുടെ മനസ്സിന്റെ കോണിലെവിടെയോ അമ്പിളി അമ്മാവനായിരിക്കും. അതാണ് കാല്പനികതയുടെ ശക്തി.

പറഞ്ഞു വന്നത് മറ്റൊന്നാണ്. ഞാന്‍ കണ്ടിരുന്നത് ചന്ദ്രനെ നോക്കി ഭാസ്‌ക്കരന്‍ മാഷിന്റെ വരികള്‍ ചൊല്ലുന്ന അമ്മയെ ആണ്. ആ ഹൃദയം തൊടുന്ന, സങ്കടം ബാക്കിയാക്കുന്ന വരികള്‍ ഇന്നും ഓര്‍മ്മയിലുണ്ട്.

YouTube video player

''മാനവഹൃദയത്തിന്‍ നൊമ്പരമോര്‍ക്കാതെ
മാനത്തു ചിരിക്കുന്ന വാര്‍ത്തിങ്കളേ
മൂടുപടമണിഞ്ഞ മൂഢവികാരത്തിന്‍
നാടകം കണ്ടുകണ്ടു മടുത്തു പോയോ...'

ഭ്രാന്തന്‍ വേലായുധന്റെ കഥ പറഞ്ഞ, എം.ടിയുടെ ഇരുട്ടിന്റെ ആത്മാവ് എന്ന ചിത്രത്തില്‍ ജാനകിയമ്മ അനശ്വരമാക്കിയ ശോകഗാനം. കത്തിച്ചു വച്ച നിലവിളക്കിനും കര്‍പ്പൂരത്തിനും നടുവില്‍, ജീവനറ്റ അമ്മയുടെ ശരീരത്തില്‍ കെട്ടിപ്പിടിച്ചു കിടക്കുമ്പോഴും, ആ വരികള്‍ പാടുമ്പോള്‍ അമ്മ അനുഭവിച്ചിരുന്ന ഹൃദയനൊമ്പരം ഞാനറിഞ്ഞിരുന്നില്ലല്ലോ. ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഞാന്‍ പറഞ്ഞു,'' എന്റെ ഇഷ്ടഗാനമാണിത്. കാണാനും കേള്‍ക്കാനും'

അന്നേരം ഗൗരവം നിറഞ്ഞ ആ മുഖത്ത് ഒരു ചിരി വിടര്‍ന്നു. പിന്നെ പതിയെ പറഞ്ഞു, 'എന്റെയും. കേള്‍ക്കുമ്പോഴെല്ലാം ഒരു വെള്ളിക്കൊലുസ് ഓര്‍മ്മവരും. നാട്ടിന്‍ പുറത്ത്, സര്‍ക്കാര്‍ യു. പി സ്‌കൂള്‍ ഇടനാഴിയിലൂടെ പച്ചയും വെള്ളയും ധരിച്ച് വെള്ളിക്കൊലുസിട്ടോടി നടന്ന ആ കുട്ടി പാവാടക്കാരിയായി ഞാന്‍ മാറും. ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടയില്‍ ആ ഓര്‍മ്മകള്‍ക്കൊക്കെ എന്ത് ചന്തമാണ്!''

അല്‍പനിമിഷങ്ങള്‍ക്ക് മുമ്പ് കണ്ട ഗൗരവക്കാരിയാണ് ഇപ്പറയുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഗൗരവം ഒരു പൊയ്മുഖം മാത്രമാണ് പലര്‍ക്കും. ഒരിയ്ക്കലണിഞ്ഞു കഴിഞ്ഞാല്‍ അത് അഴിച്ചു വയ്ക്കുക ബുദ്ധിമുട്ടാണല്ലോ. ഒരു വെള്ളിക്കൊലുസിന്റെ കിലുക്കം എന്റെ മനസിലും ഉയര്‍ന്നു. പക്ഷേ അത് പ്രണയത്തിന്റെ കിലുക്കമായിരുന്നില്ല. പുതിയ വെള്ളിക്കൊലുസ് കളഞ്ഞു പോയതിനാല്‍ പേടിച്ച് വീട്ടിലേക്കെത്തുന്ന ഒരു അഞ്ചാം ക്ലാസുകാരി എന്റെ മനസ്സിലും തെളിഞ്ഞു.

തടാകത്തിലെ വെള്ളത്തിന്റെ നിറം വീണ്ടും മാറിയിരിക്കുന്നു. ആള്‍ക്കാര്‍ കരീന സ്‌കൂട്ടിക്ക് ചുറ്റും ഫോട്ടോ എടുക്കുന്ന തിരക്കില്‍ വ്യാപൃതരായിരിക്കുന്നു. പര്‍വ്വത നിരകളെ തഴുകിയെത്തുന്ന കുളിര്‍ കാറ്റ്. പാട്ടിലേക്കായി ശ്രദ്ധ വീണ്ടും.

''വാ ചിറകുമായി ചെറുവയല്‍ക്കിളികളായി അലയുവാന്‍
പൂന്തേന്‍ മൊഴികളാല്‍
കുറുമണി കുയിലുപോല്‍ കുറുകുവാന്‍
കളിചിരിയുടെ വിരലാല്‍ തൊടുകുറിയിടുമഴകായി
ചെറു കൊലുസ്സിന്റെ കിലുകിലുക്കത്തിന്‍ താളം
മനസ്സില്‍ നിറയും..''

മനസ്സില്‍ ആ ഗാനരംഗം തെളിയുന്നു. എത്രയോ പ്രാവശ്യം ആവര്‍ത്തിച്ച് കണ്ട രംഗം. ക്രിക്കറ്റ് പ്രേമിയായ രമേശന്റേയും മഞ്ജുളാ ശശിധരന്റേയും നിഷ്‌ക്കളങ്കമായ ബാല്യകാലപ്രണയം ഈ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ വളര്‍ന്ന് കൗമാരവും കടന്ന് യൗവ്വനത്തിലെത്തുമ്പോള്‍ നനുത്ത ഓര്‍മ്മകളുടെ ഇടനാഴിയിലൂടെ നമ്മളും ഒരുപാട് പിന്നിലേക്ക് പോയിട്ടുണ്ടാവും. അവിടെ നമ്മള്‍ രമേശനെ കാണും. മഞ്ജുളാ ശശിധരനെ കാണും. അഞ്ചാം ക്ലാസ് ബി ഡിവിഷനിലെ മഞ്ജുളാ ശശിധരന്‍. ഒരു മഞ്ഞുതുള്ളി പോലെ രമേശന്റെ ജീവിതത്തിലേക്ക് വീണ മഞ്ജുളാ ശശിധരന്‍.

'നൊസ്റ്റല്‍ജിക്കായ സീന്‍ തന്നെയല്ലേ ഈ പാട്ടിനോടുള്ള പ്രധാന ആകര്‍ഷണം.' മൊബൈലില്‍ നിന്നും മുഖമുയര്‍ത്താതുള്ള അവളുടെ ഇരിപ്പ് കൂടി ശ്രദ്ധിച്ചിട്ടാണ് ഞാനങ്ങനെ ചോദിച്ചത്.

''അതേ. ഓരോ പ്രാവശ്യം ഈ ഗാന രംഗം കാണുമ്പോഴും മഞ്ജുളാ ശശിധരനില്‍ ഞാന്‍ കാണുന്നത് എന്നെ തന്നെയാണ്. മനസ്സിനൊരു വിങ്ങലാണ് ആ രംഗം. യു. പി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു. അവനും രമേശനെപ്പോലായിരുന്നു. പക്ഷേ അവനിഷ്ടം ഫുട്ബാള്‍ ആയിരുന്നു. ഫുട്ബാള്‍ പ്രണയം കാരണം പഠിത്തവും ഉഴപ്പി , ഫുട്ബാളില്‍ ഗുണം പിടിച്ചതുമില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ആ നാട്ടിന്‍ പുറത്ത് നിന്നും നഗരത്തിലേക്ക് ചേക്കേറി. അച്ഛന് നഗരത്തിലെ ബാങ്കിലേക്ക് സ്ഥലം മാറ്റം ആയിരുന്നു. അവന്‍ നാട്ടിന്‍ പുറത്തെ പാരലല്‍ കോളേജില്‍ ചേരുമെന്നാണ് പറഞ്ഞത്. പിന്നീടൊരിക്കലും അവനെ കണ്ടിട്ടില്ല. ആദ്യകാലത്ത് അന്വേഷിച്ചിരുന്നു. പ്രീഡിഗ്രിയോടെ പഠിത്തം നിര്‍ത്തിയെന്ന് ഒരിയ്ക്കല്‍ ആരോ പറഞ്ഞറിഞ്ഞു. പിന്നീട് അന്വേഷണവും ഉണ്ടായിട്ടില്ല. എങ്കിലും തികച്ചും ഒറ്റയ്ക്കാവുന്ന സന്ദര്‍ഭങ്ങളില്‍ അവനെ ഞാന്‍ ഓര്‍ക്കാറുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയി. അവനും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോയി.'-അവളൊരു കഥയിലേക്ക് വഴുതിവീണു.

'ജോലി കിട്ടി ഞാന്‍ വീണ്ടും ആ നാട്ടിന്‍പുറത്ത് തന്നെയെത്തി. എല്ലാവരും പരിചയപ്പെടാന്‍ വന്നപ്പോഴും എന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ മാത്രം വന്നില്ല. അങ്ങിനെയാണ് ഡ്രൈവറെ ഞാന്‍ തിരക്കുന്നത്. കണ്ടപ്പോള്‍ അവന്റെ അതേ ഛായ. പെട്ടെന്നയാള്‍ ചെറുതായി ചെറുതായി നീല ട്രൗസറും വെള്ള ഷര്‍ട്ടുമിട്ട എന്റെ ആ പഴയ കൂട്ടുകാരനായി മാറുന്നു. അവന് പക്ഷേ എന്നെ തിരിച്ചറിയാനായില്ല. ഞാന്‍ ഒത്തിരി മാറിയിരുന്നു.'

''എടാ മറഡോണേ, നിനക്കെന്നെ മനസ്സിലായില്ലേ?'' എന്ന് ചോദിച്ചതും അവന്റെ ചുണ്ടുകള്‍ എന്റെ പേര് മന്ത്രിച്ചു. പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ പറഞ്ഞു, 'മാഡത്തിന് എന്നെ ഓര്‍മ്മയുണ്ടല്ലേ?' ആ മാഡം വിളി എനിക്ക് വല്ലാതെ പൊള്ളി. 'നീ എന്നെ പഴയതുപോലെ പേര് വിളിച്ചാല്‍ മതി' എന്ന് ഞാന്‍ പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

'ശരി വൈകിട്ട് കാണാം' എന്ന് പറഞ്ഞവന്‍ തിരിഞ്ഞു നടന്നു. കുറച്ച് നേരത്തേയ്ക്ക് ഞാനാ അഞ്ചാം ക്ലാസുകാരിയായി. രണ്ട് വര്‍ഷത്തോളം ഞാനവിടുണ്ടായിരുന്നു. എന്നെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാവണം, ഒരു മാസത്തിനുള്ളില്‍ അവന്‍ മറ്റൊരു ബാങ്കിലേക്ക് മാറ്റം വാങ്ങിപ്പോയി. യാത്ര പറയാന്‍ വന്നപ്പോള്‍ അവന്‍ സന്തോഷവാനായിരുന്നു. എനിക്ക് വല്ലാത്ത വിഷമം തോന്നി. 'ഇടയ്‌ക്കൊക്കെ വിളിക്കൂ' എന്ന് പറയാനേ കഴിഞ്ഞുള്ളൂ. ചില ബന്ധങ്ങള്‍ അങ്ങനാണ്. നമ്മളറിയാഴതഴിഞ്ഞ് പോവും. '

വീണ്ടും അവളുടെ ശ്രദ്ധ പാട്ടിലേക്കായി.

''ഈ പുലരിയില്‍ കറുകകള്‍ തളിരിടും വഴികളില്‍
നീ നിന്‍ മിഴികളില്‍
ഇളവെയില്‍ തിരിയുമായി വരികയോ
ജനലഴിവഴി പകരും നനുനനെയൊരു മധുരം
ഒരു കുടയുടെ തണലിലണയും നേരം
പൊഴിയും മഴയില്‍..'

പക്ഷേ ഞാന്‍ വീണ്ടും പാംഗോംങ്ങിന്റെ വശ്യതയില്‍ മുങ്ങി.

സ്‌കൂള്‍ കാലയളവില്‍ ഞാനൊരു പഠിപ്പിസ്റ്റായിരുന്നതുകൊണ്ടാണോ സ്വപ്നങ്ങള്‍ക്ക് പോലും വീട്ടുകാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നതുകൊണ്ടാണോന്ന് അറിയില്ല, ഇത്തരം ചിന്തകളോ അനുഭവങ്ങളോ ഒന്നും എനിക്കുണ്ടായിരുന്നില്ല. അതൊരു ലാഭമാണോ നഷ്ടമാണോന്ന് ചോദിച്ചാല്‍ ഉത്തരമില്ല. ഇന്ദുവദനയോട് യാത്ര പറഞ്ഞ് കോട്ടേജിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ഉറപ്പിച്ചിരുന്നു, അടുത്ത ദിവസം പുലരിയില്‍ തടാകത്തിലെ ഫ്‌ലോട്ടിംഗ് ബ്രിഡ്ജിലിരുന്ന് ഈ പാട്ടൊന്നു കൂടി കേള്‍ക്കണമെന്ന്.

അതിരാവിലെ എണീറ്റ് കോട്ടേജിന്റെ സിറ്റൗട്ടില്‍ നിശ്ചലമായ തടാകത്തിലേക്ക് കണ്ണും നട്ട് ചൂട് മസാലചായ കുടിച്ചിരിക്കുക വിസ്മയകരമായ ഒരനുഭവമാണ്. വേനല്‍ക്കാലമായതിനാല്‍ തണുപ്പ് കുറവാണ്. ഞാന്‍ തടാകക്കരയിലേക്ക് നടന്നു. ആരും ഉണര്‍ന്നിട്ടില്ല. തടാകക്കര ശൂന്യമാണ്. പര്‍വ്വത നിരകളെ തഴുകിയെത്തുന്ന ഉദയസൂര്യന്റെ കിരണങ്ങള്‍ ജലോപരിതലത്തില്‍ ചായം വിതറുന്ന ചേതോഹരമായ കാഴ്ച! പാംഗോങ്ങിലെ ഉദയവും അസ്തമയവും വര്‍ണ്ണനയ്ക്കതീതമായ വിസ്മയമാണ്. ഫ്‌ലോട്ടിംഗ് ബ്രിഡ്ജിലേക്ക് ടിക്കറ്റെടുത്ത് കടക്കുമ്പോള്‍ ഞാനൊന്നു ഞെട്ടി. എനിക്കു മുന്നേ അവിടെയുണ്ട് ഇന്ദുവദന. ''ഷൂട്ടിംഗ് സ്റ്റാര്‍സ് ആണ് പാംഗോങ്ങിന്റെ മറ്റൊരാകര്‍ഷണം. അതെന്തായാലും കാണാന്‍ കഴിഞ്ഞു. രാവിലെ മടങ്ങുകയാണ്.''

ഇന്ദുവദന യാത്ര പറഞ്ഞെഴുന്നേറ്റു. തലേന്ന് വൈകുന്നേരമാണ് പരിചയപ്പെട്ടതെങ്കിലും വാക്കുകള്‍ക്കതീതമായ എന്തോ ഒന്ന് ഞങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് പോലെ തോന്നി.

മരവിപ്പിക്കുന്നത്ര തണുത്ത വെള്ളത്തിലേക്ക് കാലിട്ട് ഇഷ്ടഗാനത്തില്‍ മുങ്ങി ഞാനിരുന്നു. ഒരേ ഗാനം പല സമയത്ത്, പല മാനസികാവസ്ഥയില്‍ കേള്‍ക്കുമ്പോള്‍ എത്ര വ്യത്യസ്തമാണ്. മനസ്സും ശരീരവും തണുക്കുന്നതുപോലെ. ഷൂട്ടിംഗ് സ്റ്റാര്‍സോ പാംഗോംങ്ങിന്റെ മനംകവരുന്ന ഭംഗിയോ ആയിരുന്നില്ല അന്നേരം എന്റെ മനസ്സില്‍. നാട്ടിന്‍പ്പുറത്തെ ഒരു വിദ്യാലയവും രമേശന്റെയും മഞ്ജുളാ ശശിധരന്റെയും നിഷ്‌ക്കളങ്കമായ ബാല്യകാലപ്രണയവുമായിരുന്നു.

അമീര്‍ ഖാന് നേര്‍ക്ക് സ്‌കൂട്ടര്‍ ഓടിച്ചു വരുന്ന കരീന കപൂര്‍ കാഴ്ചയില്‍ നിന്ന് മറയുന്നു. രമേശന് നേര്‍ക്ക് വിവാഹ വേഷത്തില്‍ മഞ്ഞസ്‌കൂട്ടര്‍ ഓടിച്ചു വരുന്നത് മഞ്ജുളാ ശശിധരനല്ലേ?